ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വീക്ക്‌നെസ് ടി20 ലോകകപ്പിലും ആവര്‍ത്തിക്കുകയാണ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും അദ്ദേഹത്തെ ഇടംകൈയന്‍ പേസറാണ് മടക്കിയത്. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഫസര്‍ഹഖ് ഫാറൂഖിയാണ് ഹിറ്റ്മാനെ വീഴ്ത്തിയത്. എട്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളു. മുന്‍ മല്‍സരങ്ങളില്‍ പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി, അമേരിക്കയുടെ ഇടംകൈയന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍ എന്നിവരും രോഹിത്തിനെ പുറത്താക്കിയിരുന്നു.
ഈയൊരു ദൗര്‍ബല്യത്തിനെതിരേ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയിലാണ് രോഹിത്തിന്റെ മോശം ഫോമിനെക്കുറിച്ചും ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

ഈ വീക്ക്‌നെസിനെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് രോഹിത്തിനെ ആരും ഉപദേശിക്കേണ്ട ആവശ്യമില്ലെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. രോഹിത് ശര്‍മ വളരെയധികം അനുഭവസമ്പത്തുള്ള ബാറ്ററാണ്. എന്താണ് ചെയ്യേണ്ടതെന്നു അദ്ദേഹത്തിനു നന്നായി അറിയാം. ബൗളറുടെ ആംഗിള്‍ കാരണം ഗെയിം ചേഞ്ച് ചെയ്യണമെന്നു രോഹിത്തിനോടു നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ല.
ചില സമയങ്ങളില്‍ ബൗളറുടെ ആംഗിള്‍ കാരണം നിങ്ങള്‍ പറഞ്ഞേക്കാം. ഓണ്‍ സൈഡിലേക്കു ഷോട്ട് കളിക്കരുതെന്നും എക്‌സ്ട്രാ കവറിലൂടെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കണമെന്നുമെല്ലാം രോഹിത്തിനോടു നിങ്ങള്‍ക്കു ഉപദേശിക്കാം. ഒന്നുകില്‍ നിങ്ങള്‍ ശ്രമിച്ചു നോക്കൂ, അല്ലെങ്കില്‍ അതായിരുന്നു അദ്ദേഹം ചെയ്യേണ്ടതെന്നു മനസ്സിലാക്കുകയും ചെയ്യാമെന്നും ഗവാസ്‌കര്‍ വിശദമാക്കി.
ഇതുവരെ കളിച്ചിട്ടുള്ള 147 ടി20 ഇന്നിങ്‌സുകളില്‍ 47ാം തവണയാണ് കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഇടംകൈയന്‍ പേസര്‍ക്കു രോഹിത് വിക്കറ്റ് സമ്മാനിച്ചത്. എങ്കിലും ടി20യില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് ഹിറ്റ്മാനുള്ളത്. 139.31 സ്‌ട്രൈക്ക് റേറ്റില്‍ 4000ത്തിന് മുകളില്‍ റണ്‍സ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്.

ടി20യില്‍ ഇത്രയുമധികം റണ്‍സ് രോഹിത് അടിച്ചെടുത്തതിനാല്‍ ഒരു പ്രത്യേക രീതിയില്‍ പുറത്താവുന്നത് ദൗര്‍ബല്യമാണന്നെു പറയാന്‍ സാധിക്കില്ലെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു. ഈ ലോകകപ്പില്‍ അയര്‍ലാന്‍ഡുമായുള്ള കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായാണ് രോഹിത് തുടങ്ങിയത്. പക്ഷെ തുടര്‍ന്നുള്ള മൂന്നു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. ടൂര്‍ണമെന്റില്‍ 25.33 ശരാശരിയില്‍ 112നു താഴെ സ്‌ട്രൈക്ക് റേറ്റില്‍ 76 റണ്‍സ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്തുള്ള രോഹിത് ശര്‍മയെപ്പോലെയൊരു താരം തന്റെ ശൈലി മാറ്റേണ്ട ആവശ്യമില്ല. കളിയില്‍ ബാറ്റര്‍മാര്‍ ഏതെങ്കിലുമൊരു രീതിയില്‍ പുറത്താവുക തന്നെ ചെയ്യും. വിക്കറ്റിനു പിറകില്‍ ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായതെങ്കില്‍ ഓഫ് സ്റ്റംപ് ഏരിയയില്‍ വീക്ക്‌നെസുണ്ടെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയില്ല.
നിങ്ങള്‍ 10,000 മുതല്‍ 15,000 വരെ റണ്‍സ് നേടുകയും 40 തവണയോളം ഓഫ്‌സ്റ്റംപിനു പുറത്ത് വിക്കറ്റ് നല്‍കുകയും ചെയ്താല്‍ അതൊരു വീക്ക്‌നെസാണെന്നു കരുതുന്നില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി. സൂപ്പര്‍ എട്ടിലെ ഇനിയുള്ള മല്‍സങ്ങളില്‍ ബംഗ്ലാദേശിന്റെ ഇടംകൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍, ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെ നേരിടാനിരിക്കുകയാണ് രോഹിത്.