T20 World Cup 2024: ടി20യില്‍ കസറണോ, താരങ്ങള്‍ അതിന് തയ്യാറാവണം! ഉപദേശവുമായി രോഹിത്
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയെന്ന നിലയില്‍ അഫ്ഗാന്‍ പരമ്പരക്ക് പ്രാധാന്യമേറെയായിരുന്നു. എന്തായാലും സമ്പൂര്‍ണ്ണ ജയത്തോടെ കരുത്തുകാട്ടാന്‍ ഇന്ത്യക്കായി. മൂന്നാം മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്.
121 റണ്‍സോടെ പുറത്താവാതെ നിന്ന രോഹിത് സൂപ്പര്‍ ഓവറില്‍ 13, 11 എന്നിങ്ങനെയും റണ്‍സ് നേടി. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരത്തിലും രോഹിത് ഡെക്കായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് കൃത്യമായ ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ. ' വിക്കറ്റ് നഷ്ടമാകുമോയെന്ന് ഭയക്കുന്നവര്‍ ടി20 കളിക്കേണ്ടതില്ല' എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ടീമിലെ സഹതാരങ്ങള്‍ക്കായുള്ള ഉപദേശമാണിത്.
ജിയോ സിനിമയില്‍ സംസാരിക്കവെയാണ് രോഹിത്തിന്റെ തുറന്ന് പറച്ചില്‍. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ കളിക്കുകയെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. രോഹിത്തിനൊപ്പം ആരൊക്കെ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആക്രമിക്കാന്‍ മടികാട്ടരുതെന്നാണ് രോഹിത് ശര്‍മ പറയുന്നത്. വിക്കറ്റ് നോക്കി ശ്രദ്ധിച്ച് കളിക്കുന്നവര്‍ ടി20 കളിക്കാന്‍ തയ്യാറാവരുതെന്നും രോഹിത് ഓര്‍മിപ്പിക്കുന്നു.
രോഹിത് ശര്‍മ തുടക്കം മുതല്‍ ആക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. അഫ്ഗാന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് റണ്ണൗട്ടായത്. രണ്ടാം മത്സരത്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു. താരത്തിന്റെ സ്റ്റംപ് തെറിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയാണ് മൂന്നാം മത്സരത്തില്‍ കണ്ടത്. 69 പന്തിലാണ് താരത്തിന്റെ ഗംഭീര പ്രകടനം. 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്.

175ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. രോഹിത്തിനൊപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവാനാണ് സാധ്യത. ശുബ്മാന്‍ ഗില്ലിനെ രോഹിത് ശര്‍മ തഴയാനാണ് സാധ്യത. കാരണം ജയ്‌സ്വാള്‍ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍ ആദ്യ പന്ത് മുതല്‍ ആക്രമണം അഴിച്ചുവിടാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ രോഹിത് ശര്‍മ കൂടുതല്‍ പിന്തുണക്കുന്നു. അഫ്ഗാന്‍ പരമ്പരക്കിടെ ജയ്‌സ്വാളിന് രോഹിത് ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
റിങ്കു സിങ്ങിനേയും രോഹിത് ശര്‍മ പിന്തുണക്കുന്നു. കാരണം തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലിയാണ് റിങ്കുവിന്റേത്. ഇന്ത്യയുടെ ടി20 ടീം ആക്രമണോത്സക ക്രിക്കറ്റ് കളിക്കാന്‍ ധൈര്യം കാട്ടുന്നവരുടേതാവണമെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യയെ സംബന്ധിച്ചും രോഹിത് ശര്‍മയെ സംബന്ധിച്ചും വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടാനുള്ള അവസാന അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്.
ഇന്ത്യയുടെ ടി20 ടീമിലേക്ക് നോക്കുമ്പോള്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവര്‍ ഏറെയാണ്. ഓപ്പണിങ്ങില്‍ രോഹിത്തും ജയ്‌സ്വാളും കസറുമ്പോള്‍ ആംഗര്‍ റോളില്‍ കളി മുന്നോട്ട് കൊണ്ടുപോകാന്‍ വിരാട് കോലിയുണ്ടാവും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അഞ്ചാം നമ്പറിലേക്ക് വരുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്.
ആറാം നമ്പറിലെത്തുന്ന റിങ്കു സിങ്ങും ഏഴാം നമ്പറിലെത്തുന്ന രവീന്ദ്ര ജഡേജയുമെല്ലാം ആക്രമിച്ച് കളിക്കാന്‍ മിടുക്കന്മാരാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കണക്കുകള്‍ ആക്രമണോത്സക പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരുടേതാണ്. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീമിന് അടിപതറുന്നു എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്ക് സംഭവിച്ചത് അതാണ്. പടിക്കല്‍ കലമുടക്കാതിരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications