ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മയെ ഇനി കണ്ടേക്കില്ലെന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പ് നായകനെന്ന നിലയില്‍ ടീമിനൊപ്പം അദ്ദേഹത്തിന്റെ അവസാനത്തെ ദൗത്യമായിരിക്കും. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ രോഹിത് ടി20യോടു ഗുഡ്‌ബൈ പറയുമെന്നും പകരം പുതിയൊരു സ്ഥിരം ക്യാപ്റ്റനെ ഇന്ത്യ നിയമിക്കുമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ആരാവും അതെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
രോഹിത്തിനെ മാത്രമല്ല കോച്ച് രാഹുല്‍ ദ്രാവിഡിനെയും ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനോടൊപ്പം കാണില്ല. ഈ ടൂര്‍ണമെന്റോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്. പകരം മുന്‍ ഓപ്പണിങ് ബാറ്റര്‍ ഗൗതം ഗംഭീര്‍ പുതിയ കോച്ചായി വരുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിസിസിഐയും ഗംഭീറും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തി കഴിഞ്ഞതായാണ് വിവരം. ലോകകപ്പിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനിടയുള്ളൂ.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും രോഹിത് ഒഴിഞ്ഞാല്‍ ഈ റോള്‍ അദ്ദേഹത്തിലേക്കു തന്നെയാണ് വരേണ്ടത്. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ രോഹിത്തിനു പകരം മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ഹാര്‍ദിക്കും ടീമിലെ ചില സീനിയര്‍ കളിക്കാരും തമ്മില്‍ അത്ര നല്ല രസത്തിലല്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം രോഹിത്തിന്റെ പക്ഷത്തായിരുന്നു. ടീമിലെ ഈ ഗ്രൂപ്പിസം മുംബൈയുടെ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയിരുന്നു.
ഹാര്‍ദിക്കിനു കീഴില്‍ മുംബൈ ടീമില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്നു ടീം മാനേജ്‌മെന്റിനെ രണ്ടു പേരും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല അടുത്ത സീസണില്‍ ഇവര്‍ മുംബൈ വിട്ട് മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യന്‍ ടി20 ടീമിലെയും നിര്‍ണായക താരങ്ങളാണ് സൂര്യയും ബുംറയും. അതുകൊണ്ടു തന്നെ ഹാര്‍ദിക്ക് ഇവിടെയും തങ്ങളുടെ ക്യാപ്റ്റനായി വരുന്നതിനോടു ഇവര്‍ക്കു താല്‍പ്പര്യമുണ്ടാവാന്‍ സാധ്യതയില്ല.
ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഹാര്‍ദിക്കിനെ സ്ഥിരം ടി20 ക്യാപ്റ്റനാക്കാന്‍ സാധ്യത കുറവാണ്. സീനിയര്‍ താരങ്ങളടക്കം എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെയായിരിക്കും ബിസിസിഐ നോട്ടമിടുക. പുതിയ കോച്ചായി വരുന്ന ഗംഭീറിന്റെ അഭിപ്രായം ക്യാപ്റ്റനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായി മാറുകയും ചെയ്യും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഇത്തവണ ചാംപ്യന്മാരാക്കിയ ശ്രേയസ് അയ്യരെ അദ്ദേഹം ഈ റോളിലേക്കു നിര്‍ദേശിച്ചേക്കും.

കെകെആറില്‍ തനിക്കു കീഴില്‍ പ്രവര്‍ത്തിച്ചതിനാല്‍ ശ്രേയസിനോടു ഗംഭീറിനു പ്രത്യേക താല്‍പ്പര്യമുണ്ടാവുമെന്നും ഉറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വളരെ കൂളായി ടീമിനെ നയിച്ച അദ്ദേഹം ടീമിലെ സീനിയര്‍ താരങ്ങളെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല ശ്രേയസ്. സ്ഥിരതയില്ലാത്ത പ്രകടനങ്ങളും സ്ലോ ബാറ്റിങുമാണ് അദ്ദേഹത്തിനു വിനയായത്.
എന്നാല്‍ ഒരേ സമയം അഗ്രസീവായും അതു പോലെ തന്നെ പ്രതിരോധിച്ചും കളിക്കാന്‍ തനിക്കു സാധിക്കുമെന്നു കെകെആര്‍ ജഴ്‌സിയില്‍ കഴിഞ്ഞ സീസണില്‍ ശ്രേയസ് കാണിച്ചു തന്നിരുന്നു. ഈ ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഉറപ്പായും പ്രതീക്ഷിക്കാം. രോഹിത്തിനൊപ്പം മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും ലോകകപ്പ് കഴിഞ്ഞാല്‍ ടി20 മതിയാക്കിയേക്കും.