ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു തുടരണമെന്നു മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനോടു താന്‍ അഭ്യര്‍ഥിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരേ ബുധനാഴ്ച രാത്രി നടക്കാനിരിക്കുന്ന ആദ്യ പോരാട്ടത്തിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലോകകപ്പിനു ശേഷം കോച്ചെന്ന നിലയില്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. ടീമിനൊപ്പം ഇതു തന്റെ അവസാന ദൗത്യമാണെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.
പരിശീല സ്ഥാനത്തു തുടരണമെന്നു ഞാന്‍ ദ്രാവിഡിനോടു അഭ്യര്‍ഥിക്കുകയും ഇതിന്റെ ആവശ്യം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷെ അദ്ദേഹം തുടരാന്‍ തയ്യാറായില്ല. ദ്രാവിഡുമായുള്ള എന്റെ ബന്ധത്തിനു വളരെ പഴക്കമുണ്ട്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ കളിച്ചിട്ടുള്ളതാണ്.

ഞങ്ങള്‍ക്കെല്ലാം ദ്രാവിഡ് വലിയ റോള്‍ മെഡലുമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചു ഞങ്ങള്‍ക്കറിയാം. കരിയറില്‍ ഒരുപാട് ദൃഢനിശ്ചയം കാണിച്ചിട്ടുള്ളയാളുമാണ്. ഞാന്‍ അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്നും രോഹിത് പറയുന്നു. 2021ലെ ടി20 ലോകകപ്പിനു ശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയായി പ്രവര്‍ത്തിച്ചു വന്ന ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വന്നത്.
ലോകകപ്പിനു ശേഷം രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതോടെ ബിസിസിഐ പുതിയ കോച്ചിനെ തിരയുകയായിരുന്നു. അന്നത്തെ ബിസിസിഐ പ്രസിഡന്റും അടുത്ത സുഹൃത്തുമായ സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോച്ച് സ്ഥാനമേറ്റെടുക്കാന്‍ ദ്രാവിഡ് തയ്യാറായത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പ് വരെയായിരുന്നു അദ്ദേഹത്തിന്റെ കരാര്‍ കാലാവധി.
എന്നാല് ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തി ഇന്ത്യന്‍ ഫൈനല്‍ വരെയത്തിയ ശേഷം ദ്രാവിഡിനോടു പരിശീക സ്ഥാത്തു തുടരാന്‍ ബിസിസിഐ അഭ്യര്‍ഥിക്കുകയായിരുന്നു. തടര്‍ന്നാണ് ഈ ടി20 ലോകകപ്പ് വരെ ടീമിനൊപ്പം തുടരാന്‍ അദ്ദേഹം സമ്മതം മൂളിയത്.
കരാര്‍ അസാനിച്ചതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ദ്രാവിഡിനു താല്‍പ്പര്യമുണ്ടെങ്കില്‍ വീണ്ടും അപേക്ഷിക്കാമെന്നും ബിസിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ദ്രാവിഡിനു ഇതില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അപേക്ഷയും നല്‍കിയില്ല.

അതേസമയം, അയര്‍ലാന്‍ഡുമായുള്ള കളിയില്‍ എത്ര സ്പിന്നര്‍മാരെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ തനിക്കു ഉറപ്പില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരടക്കം നാലു സ്ലോ ബൗളര്‍മാരാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ളത്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഈ നാലു പേര്‍.
നാലു സ്പിന്നര്‍മാരെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. കൂടുതല്‍ ഓപ്ഷനുകളുള്ളത് നല്ല കാര്യം തന്നെയാണ്. ബംഗ്ലാദേശിനെതിരേ എല്ലാവരും നന്നായി ബൗള്‍ ചെയ്യുകയും ചെയ്തു. രണ്ടോവറുകള്‍ വീതം ഇവര്‍ ബൗള്‍ ചെയ്തതായും രോഹിത് വ്യക്തമാക്കി.