Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയെ ആര് നയിക്കും? രോഹിത്തോ ഹാര്‍ദിക്കോ? വ്യക്തമാക്കി ജയ് ഷാ

മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് കുറഞ്ഞുവരികയാണ്. ആറ് മാസങ്ങള്‍ മാത്രമാണ് ഇനി ടി20 ലോകകപ്പിനായുള്ളത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള ശക്തമായ പടയൊരുക്കത്തിലാണ് ടീമുകള്‍. ഇന്ത്യയെ സംബന്ധിച്ചും വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം എന്ത് വിലകൊടുത്തും അലമാരയിലെത്തിക്കേണ്ടതായുണ്ട്.

എന്നാല്‍ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം അണിയറയില്‍ ആരംഭിച്ചിരിക്കവെ ആരാവും ഇന്ത്യയെ നയിക്കുകയെന്ന ചോദ്യമാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇനി ടി20 കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഈ വര്‍ഷം ഒരു ടി20 പോലും രോഹിത് ശര്‍മ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ രോഹിത് കളിക്കുമോയെന്ന കാര്യം സംശയമായി തുടരുകയാണ്.

ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ടി20 ലോകകപ്പിനിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഹാര്‍ദിക്കിന് നായകനായി കൂടുതല്‍ അവസരം നല്‍കിയതും. എന്നാല്‍ ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റത് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മാര്‍ച്ച് വരെ ഹാര്‍ദിക്കിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് മുന്നൊരുക്കം നടത്താന്‍ ആവശ്യത്തിന് സമയം ലഭിക്കില്ല.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ കീഴില്‍ ടി20 ലോകകപ്പിനിറങ്ങുക ഇന്ത്യക്ക് പ്രയാസമാണ്. രോഹിത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പിനിറങ്ങാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സജീവം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബിസിസി ഐ സെക്രട്ടറി ജയ് ഷാ. 'ഇന്ത്യയെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ടി20 ലോകകപ്പിന് ഇനിയും ആറ് ഏഴ് മാസമെങ്കിലും സമയമുണ്ട്.

hardik pandya

ജൂണിലാണ് ലോകകപ്പ് നടക്കുന്നത്. ഇതിന് മുമ്പ് ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തീരുമാനം എടുക്കാറായിട്ടില്ല'- ജയ് ഷാ പറഞ്ഞു. രോഹിത് ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. പവര്‍പ്ലേയിലടക്കം അദ്ദേഹം കത്തിക്കയറിയിരുന്നു. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്ന ഐപിഎല്ലിന് ശേഷമാവും ഉണ്ടാവുക. ഇന്ത്യ യുവതാരങ്ങളെ മാത്രം വിശ്വസിച്ച് ടി20 ലോകകപ്പിന് പോകുന്നത് മണ്ടത്തരമാവാനാണ് സാധ്യത.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ സാഹചര്യം യുവതാരങ്ങള്‍ക്ക് പരിചയമുള്ളതല്ല. അതുകൊണ്ടുതന്നെ യുവതാരങ്ങളെ കണ്ണടച്ച് വിശ്വസിച്ച് ഇന്ത്യ മുന്നോട്ട് പോയാല്‍ തിരിച്ചടി ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക്ക് പരിക്കിന് ശേഷം ഐപിഎല്ലിലൂടെയാവും തിരിച്ചെത്തുക. താരത്തിന്റെ പ്രകടനവും കണ്ടറിയണം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം സൂര്യകുമാര്‍ യാദവാണ്.

ഇന്ത്യ ഇപ്പോള്‍ ടി20 നായകസ്ഥാനം സൂര്യക്ക് നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. താരത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാനായാല്‍ സൂര്യകുമാറിന് ടി20 ലോകകപ്പില്‍ നായകസ്ഥാനം നല്‍കുന്നതിനെപ്പറ്റി ആലോചിച്ചേക്കും. രാഹുല്‍ ദ്രാവിഡുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനാണ് ബിസിസി ഐ ആലോചിക്കുന്നതെന്ന സൂചനയും ജയ് ഷാ നല്‍കിയിട്ടുണ്ട്.

'ഏകദിന ലോകകപ്പിന് ശേഷം വിശദമായ കൂടിക്കാഴ്ചയ്ക്കുള്ള സമയം ലഭിച്ചിട്ടില്ല. ആദ്യ ഘട്ട ചര്‍ച്ചയില്‍ പരിശീലക സംഘം തുടരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയിലേക്കെത്തേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം ഇത് ചെയ്യാമെന്നാണ് കരുതുന്നത്. പരസ്പരം ധാരണയായിട്ടുണ്ടെങ്കിലും കരാര്‍ പുതുക്കിയിട്ടില്ല ' ജയ് ഷാ പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡിന് അവസരം നല്‍കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.

Story first published: Sunday, December 10, 2023, 7:19 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+