ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു സര്‍പ്രൈസ് ബാറ്റിങ് കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. എക്‌സിലൂടെയാണ് ഇന്ത്യക്കു ഏതു ലൈനപ്പാണ് ബെസ്‌റ്റെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ്. അതിനു ശേഷം ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ പിന്നീട് കാനഡ, അമേരിക്ക എന്നിവരുമായും ഏറ്റുമുട്ടും.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവ ഇടംകൈന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍ നായകന്‍ വിരാട് കോലി സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലും കളിച്ചേക്കും. ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യ അവസാനമായി ടി20 പരമ്പരയില്‍ കൊമ്പുകോര്‍ത്തത്. രോഹിത്തും ജയ്‌സ്വാളുമായിരുന്നു പരമ്പരയില്‍ ടീമിനായി ഓപ്പണ്‍ ചെയ്തത്.

പക്ഷെ ലോകകപ്പില്‍ രോഹിത്തും ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യരുതെന്നാണ് ജാഫറുടെ നിര്‍ദേശം. പകരം കോലിയും ജയ്‌സ്വാളും ഓപ്പണര്‍മാരാവണമെന്നും മൂന്നാം നമ്പറില്‍ രോഹിത്തും ഇറങ്ങണമെന്നുമുള്ള സര്‍പ്രൈസ് നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്.
എന്റെ അഭിപ്രായത്തില്‍ വിരാട് കോലിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്നു ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണം. നമുക്കു ലഭിക്കുന്ന തുടക്കമനുസരിച്ച് മൂന്ന്, നാല് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരും കളിക്കണം. സ്പിന്നിനെ നന്നായി കളിക്കുന്നയാളാണ് രോഹിത്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നത് ഒരു ആശങ്കയല്ലെന്നും ജാഫര്‍ എക്‌സില്‍ കുറിക്കുന്നു.
ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ് ജയ്‌സ്വാള്‍. അതുകൊണ്ടു തന്നെ ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാനും അദ്ദേഹത്തിനു സാധിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം കോലി നടത്തിയ മിന്നുന്ന പ്രകടനമാവാം ലോകകപ്പിലും ഈ റോളിലേക്കു അദ്ദേഹത്തെ നിര്‍ദേശിക്കാന്‍ ജാഫറെ പ്രേരിപ്പിച്ചത്. 15 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം കോലി 741 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 61.75 ശരാശരിയില്‍ 154.69 സ്‌ട്രൈക്ക് റേറ്റിലാണിത്.

അതേസമയം, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനും അടുത്തിടെ കോലിയെ ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇത്. കോലി- ജയ്‌സ്വാള്‍ സഖ്യമാണ് ഓപ്പണിങില്‍ ഇന്ത്യക്കു ബെസ്റ്റെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വിരാട് കോലി ആദ്യ സിക്‌സിലെ മാസ്റ്ററാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നു ഞാന്‍ ആവശ്യപ്പെടുന്നുത്. പവര്‍ഹിറ്റിങിന്റെ കാര്യമെടുത്താല്‍ രോഹിത് ശര്‍മയടക്കം വേറെയും ഓപ്ഷനുകളുണ്ട്. നാലാം നമ്പറില്‍ രോഹിത്തിന്റെ നമ്പറുകള്‍ നോക്കൂ. അതു വളരെ ഉജ്ജ്വലമാണ്. ഓപ്പണിങില്‍ അദ്ദേഹത്തിന്റെ നമ്പറുകളേക്കാള്‍ മികച്ചതാണിതെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യന്‍ ടി20 ലോകകപ്പ് സ്ക്വാഡ്
രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
റിസര്‍വുകള്‍: ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.