ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലൂടെ ഇന്ത്യ ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്ത് വ്യക്തമാക്കിയിരിക്കുകയാണ്. രോഹിത് ശര്‍മക്കൊപ്പം സൂപ്പര്‍ താരം വിരാട് കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 9ാം തീയ്യതി പാകിസ്താനെതിരായ വമ്പന്‍ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യയുടെ ബാറ്റിങ് ഓഡറിലെ വമ്പന്‍ മാറ്റം. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യയുടെ ഓപ്പണിങ് പ്രതീക്ഷിച്ചപോലെ ഫലം കണ്ടില്ല.
ഒന്നാം വിക്കറ്റില്‍ 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പന്തിന്റെ ചലനം മനസിലാക്കാനാവാതെ രോഹിത്തും കോലിയും പ്രയാസപ്പെടുന്നതാണ് കാണാനായത്. മാര്‍ക്ക് അഡെയ്‌റിനെ ക്രീസില്‍ നിന്ന് കയറിക്കളിച്ച കോലിക്ക് പിഴച്ചു. എഡ്ജായി ഉയര്‍ന്ന പന്തില്‍ ക്യാച്ച് നല്‍കി കോലി പുറത്തായി. രോഹിത് ശര്‍മയും തുടക്കത്തിലേ നന്നായി പ്രയാസപ്പെട്ടു. രോഹിത്തിനെ തുടക്കത്തിലേ പുറത്താക്കാന്‍ അവസരം ലഭിച്ചതാണെങ്കിലും അയര്‍ലന്‍ഡിനത് മുതലാക്കാനായില്ല.
സെക്കന്റ് സ്ലിപ്പിലെത്തിയ ക്യാച്ച് വിട്ടുകളയുകയായിരുന്നു. പവര്‍പ്ലേയില്‍ രോഹിത് പല തവണ വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനാവാതെ പ്രയാസപ്പെട്ടു. പവര്‍പ്ലേയിലെ രോഹിത്-കോലി കൂട്ടുകെട്ട് വലിയ പ്രതീക്ഷ നല്‍കുന്നതല്ലെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുമോയെന്ന സംശയം ഇപ്പോഴുമുണ്ട്. രണ്ട് പേരും സ്വന്തം പ്രകടനത്തിന് പ്രാധാന്യം നല്‍കി കളിക്കേണ്ടി വരുമ്പോള്‍ പവര്‍പ്ലേയിലെ റണ്‍റേറ്റിനെ കാര്യമായി അത് ബാധിച്ചേക്കും.
അയര്‍ലന്‍ഡിനെതിരേ കോലി തുടക്കത്തിലേ മടങ്ങിയത് ടീമിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇതായിരിക്കില്ല അവസ്ഥ. കോലിയെ തുടക്കത്തിലേ നഷ്ടമായാല്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ അത് കാര്യമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിച്ച് ശിവം ദുബെയെ പുറത്താക്കണമെന്നും കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ലഭിച്ച ലൈഫിനെ മുതലാക്കി രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറായി. എന്നാല്‍ രോഹിത്തിന്റെ പല ഷോട്ടുകളിലും മികച്ച ടൈമിങ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പല ക്യാച്ചവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മികച്ച ടീമിനെതിരേ രോഹിത്തിന് ഇത്തരത്തില്‍ കളിക്കാന്‍ സാധിച്ചേക്കില്ല. ഇതിനിടെ രോഹിത്തിന്റെ തോളിന് പന്ത് തട്ടുകയും ചെയ്തു. ഇതോടെ 37 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടി രോഹിത് റിട്ടേര്‍ഡ് ഔട്ടുമായി.
പേസ് ബൗളര്‍മാര്‍ക്ക് നല്ല ബൗണ്‍സ് ന്യൂയോര്‍ക്കിലെ പിച്ചില്‍ ലഭിക്കുന്നുണ്ട്. പാകിസ്താന്റെ പേസര്‍മാരെല്ലാം നല്ല വേഗമുള്ളവരും ബൗണ്‍സെറിയാന്‍ കഴിവുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയാം. നേരത്തെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പിച്ചിലെ എക്‌സ്ട്രാ ബൗണ്‍സിന്റെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് പറയാം.
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ കടന്നാക്രമിക്കുന്ന താരം വരേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ജയ്‌സ്വാള്‍ ഓപ്പണിങ്ങിലേക്കെത്തുമെന്ന് കരുതാം. പുള്‍ ഷോട്ട് നന്നായി കളിക്കേണ്ടത് ഈ പിച്ചില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടത്, വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യ അയര്‍ലന്‍ഡിനെതിരേ 8 വിക്കറ്റിന് ജയിച്ചെങ്കിലും ബാറ്റിങ് പ്രകടനത്തില്‍ ആശങ്കകളേറെയാണ്.
രോഹിത് ശര്‍മ 37 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയെങ്കിലും പന്ത് കണക്ട് ചെയ്യാന്‍ പ്രയാസപ്പെട്ടു. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ലഭിച്ച അവസരം നന്നായി മുതലാക്കി. 26 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 36 റണ്‍സാണ് റിഷഭ് നേടിയത്.
പാകിസ്താനെതിരേയും മൂന്നാം നമ്പറില്‍ റിഷഭ് പന്തിനെ പ്രതീക്ഷിക്കാമെന്ന സൂചനയാണ് രോഹിത് ശര്‍മ നല്‍കുന്നത്. എന്തായാലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് അയര്‍ലന്‍ഡിനെതിരേ നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
അയര്‍ലന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ് (c), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടുക്കര്‍, ഹാരി ടാക്ടര്‍, കുര്‍ട്ടിസ് കാംഫര്‍, ജോര്‍ജര്‍ ഡോക്‌റല്‍, ഗാരത് ഡെലാനി, മാര്‍ക്ക് അഡെയ്ര്‍, ബാറി മക്കാര്‍ത്തി, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ്