Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ജയ്‌സ്വാളും സഞ്ജുവുമില്ല! ശ്രീകാന്തിന്റെ ഇന്ത്യന്‍ 11, വിന്‍ഡീസ്- ഇന്ത്യ ഫൈനല്‍?

ടി20 ലോകകപ്പിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ തിരഞ്ഞടുത്തിരിക്കുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ഫൈനലില്‍ ആരൊക്കെ മുഖാമുഖം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി. ജൂണ്‍ രണ്ടു മുതല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ഒരു മാസത്തോളം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ്.

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇത്തവണ വളരെ കരുത്തുറ്റതാണെന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തല്‍. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ടതായിരിക്കും ഇന്ത്യന്‍ ടീം കോമ്പിനേഷനെന്നും അദ്ദേഹം പറയുന്നു. പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളല്ല, മറിച്ച് വിരാട് കോലിയാണ് ഓപ്പണ്‍ ചെയ്യേണ്ടതെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ചു വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ROHIT- KOHLI

രോഹിത്തും കോലിയും തന്നെ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യണം അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. യശസ്വി ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യാന്‍ പാടില്ല. അത്തരമൊരു നീക്കം ടീം മാനേജ്‌മെന്റ് നടത്തുമെന്നു എനിക്കു തോന്നുന്നില്ല. ഓപ്പണിങില്‍ ബെസ്റ്റ് ഓപ്ഷന്‍ രോഹിത്തും കോലിയും തന്നെയാണ്. മൂന്നാം നമ്പറില്‍ കളിക്കേണ്ടത് സൂര്യകുമാര്‍ യാദവാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.

മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ അദ്ദേഹം റിഷഭ് പന്തിനെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്ത്. സൂര്യകുമാര്‍ യാദവിനു ശേഷം നാലാം നമ്പറിലാണ് റിഷഭ് ബാറ്റ് ചെയ്യേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും അഞ്ചാം നമ്പറില്‍ തന്നെ ഇറങ്ങണം. ആറാം നമ്പറിലേക്കു ഒരിക്കലും മാറ്റരുത്. രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്‌തെങ്കില്‍ മാത്രമേ ഹാര്‍ദിക് ടോപ്പ് ഫൈവില്‍ വരികയുള്ളൂ. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനും ഇതു തന്നെയാണെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ആറാം നമ്പറില്‍ കളിക്കേണ്ടത് രവീന്ദ്ര ജഡേജയാണ്. ഏഴാമനായി അക്ഷര്‍ പട്ടേലും കളിക്കണം. എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവാണ് വരേണ്ടത്. ഏഴാം നമ്പര്‍ വരെ മാത്രമേ ഇന്ത്യക്കു ബാറ്റിങില്‍ ആഴമുള്ളൂവെന്ന ആശങ്ക വേണ്ട. കുല്‍ദീപും മോശമല്ലാത്ത ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നയാളാണ്.

ROHIT- SANJU

യശസ്വി ജയ്‌സ്വാളിനെ ഞാന്‍ ഒരിക്കലും കളിപ്പിക്കില്ല. ബാറ്റിങ് കുറേക്കൂടി ശക്തമാക്കണമെങ്കില്‍ ശിവം ദുബെയെക്കൂടി വേണമെങ്കില്‍ ഇന്ത്യക്കു കളിപ്പിക്കാം. കാരണം എതിര്‍ ടീം ബൗളര്‍മാരില്‍ ഭീതി വിതയ്ക്കാന്‍ സാധിക്കുന്നയാളാണ് അവനെന്നും ശ്രീകാന്ത് വിലയിരുത്തി.

ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മുഖാമുഖം വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നു അദ്ദേഹം വെളിപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനും ഈ ലോകകപ്പില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമുകളാണ്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ അട്ടിമറി വിജയത്തിനു തൊട്ടരികെ വരെയെത്തിയവരാണ് അഫ്ഗാന്‍.

എനിക്കു ഏറെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് വിന്‍ഡീസ്. അവര്‍ തീര്‍ച്ചയായും സെമി ഫൈനലില്‍ വേണം. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഫൈനല്‍ വന്നാല്‍ എങ്ങനെയിരിക്കും? അതൊരു തീപാറുന്ന പോരാട്ടം തന്നെയാവുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 29, 2024, 10:11 [IST]
Other articles published on May 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+