ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കു വേണ്ടി ആരൊക്കെയാണ് ഇറങ്ങേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ലോകകപ്പ്.
ചില സര്‍പ്രൈസുകളുമായിട്ടാണ് ഹോഗ് ഇന്ത്യന്‍ ഇലവനെ നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും വലിയ സര്‍പ്രൈസ് നിലവില്‍ ഇന്ത്യന്‍ ബാറ്റിങിലെ സെന്‍സേഷനായി മാറിയ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തഴയപ്പെട്ടുവെന്നതാണ്. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ 22 കാരന്‍ ഇതിനകം സ്ഥാനമുറപ്പാക്കി കഴിഞ്ഞെങ്കിലും ഹോഗിന്റെ ഇലവനില്‍ ജയ്‌സ്വാളിനു ഇടം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഹോഗ് തിരഞ്ഞെടുത്തിരിക്കുന്നത് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെയാണ്. ഓപ്പണിങില്‍ തീര്‍ച്ചയായും ഇവര്‍ തന്നെ കളിക്കമെന്നാണ് തന്റെ അഭിപ്രായമെന്നു അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ കോലിക്കു ഇടം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ഹോഗ് തന്റെ ഇലവനിലേക്കു കൊണ്ടുവന്നിരിക്കുന്നത്.
മൂന്നാം നമ്പറില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കണമെന്നാണ് ഹോഗിന്റെ അഭിപ്രായം. മൂന്നാമനായി സഞ്ജു കളിക്കുകയാണെങ്കില്‍ അതു നല്ലൊരു ചോയ്‌സായിരിക്കും. കാരണം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള കഴിവും സഞ്ജുവിനുണ്ടെന്നും ഹോഗ് നിരീക്ഷിച്ചു.
ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുള്ള താരങ്ങളിലൊരാളാണ് സഞ്ജു. അദ്ദേഹത്തെക്കൂടാതെ ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നിവരും ലോകകപ്പ് ബെര്‍ത്തിനു വേണ്ടി പോരടിക്കുകയാണ്.
നാലാമനായി 360 ബാറ്ററായ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യന്‍ ഇലവനിലേക്കു ഹോഗ് തിരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചാം നമ്പറില്‍ യുവ ഫിനിഷര്‍ റിങ്കു സിങ് കളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണ് സ്‌കൈ. മാത്രമല്ല ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ്. ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ച ചുരുക്കം താരങ്ങളിലൊരാൾ കൂടിയാണ് സൂര്യ.
റിങ്കുവാകട്ടെ വളരെ പെട്ടെന്നാണ് ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ലോകപ്പില്‍ തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

ഹോഗിന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരാണുള്ളത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും മറ്റൊരു മാച്ച് വിന്നറും തകര്‍പ്പന്‍ ഫീല്‍ഡറുമായ രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമില്‍ ഇടം പിടിച്ചത് ഇടംകൈയന്‍ ലെഗ് സ്പിന്നറായ കുല്‍ദീപ് യാദവാണ്.
പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തീര്‍ച്ചയായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വേണമെന്നാണ് ഹോഗിന്റെ അഭിപ്രായം. മൂന്നാമത്തെ ഫാസ്റ്റ് ബൗളറായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് മുഹമ്മദ് സിറാജിനെയാണ്. താന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ബൗളറാണ് സിറാജെന്നും ബൗളിങില്‍ വൈവിധ്യം കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഹോഗ് വിശദമാക്കി.
അതിനിടെ ഷമി ടി20 ലോകകപ്പില്‍ കളിക്കില്ലെന്നാണ് വിവരം. പരിക്കു കാരണം അദ്ദേഹത്തിനു ലോകകപ്പ് നഷ്ടമാവുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഹോഗിന്റെ ഇന്ത്യന്‍ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.