ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനും ഇന്ത്യയോടു പിടിച്ചുനില്‍ക്കാനായില്ല. ചെറിയ സ്‌കോര്‍ കണ്ട ത്രില്ലിങ് മാച്ചില്‍ പാക് പടയെ ആറു റണ്‍സിനു രോഹിത് ശര്‍മയും സംഘവും തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു ഒരുപടി കൂടി അടുക്കാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്.
ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഇന്ത്യയുടെ രക്ഷകനായത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. നാലു തവണയിലേറെ ആയുസ് നീട്ടിക്കിട്ടിയ അദ്ദേഹം 42 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. 31 ബോളുകള്‍ നേരിട്ട റിഷഭിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളുള്‍പ്പെട്ടിരുന്നു. യാതൊരു ടൈമിങോ, നിയന്ത്രണമോയില്ലാതെ കണ്ണുംപൂട്ടിയടിക്കുന്ന ശൈലിയാണ് താരം സ്വീകരിച്ചത്. റിവേഴ്‌സ് സ്വീപ്പിനു പല തവണ ശ്രമിച്ചെങ്കിലും ഇവയില്‍ ചിലതു മാത്രമാണ് റിഷഭിനു കണക്ട് ചെയ്യാനായത്.

ബാറ്റിങിനിടെ റിഷഭിനെ ഒരു തവണ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ കളിയാക്കുകയും ചെയ്തിരുന്നു. ഇതിനു റിഷഭ് നല്‍കിയ രസകരമായ മറുപടി സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതു വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. എന്തു പറ്റി, ഷോട്ടൊന്നും കൊള്ളുന്നില്ലേയെന്നായിരുന്ന വിക്കറ്റിനു പിറകില്‍ നിന്നും റിസ്വാന്റെ പരിഹാസം.
പാര്‍ട്ട് ടൈം ബൗളറായ ഇഫ്തിഖാര്‍ അഹമ്മദെറിഞ്ഞ ഏഴാം ഓവറിനിടെയായിരുന്നു സംഭവം. ഒമ്പതു ബോളില്‍ നിന്നും 15 റണ്‍സുമായി റിഷഭും 12 ബോളില്‍ 15 റണ്‍സോടെ അക്ഷര്‍ പട്ടേലുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഓവറിലെ ആദ്യത്തെ രണ്ടു ബോളും നേരിട്ടത് അക്ഷറായിരുന്നു. രണ്ടാമത്തെ ബോളില്‍ അക്ഷര്‍ സിംഗിളുമെടുത്തു. തുടര്‍ന്ന് മൂന്നാമത്തെ ബോള്‍ നേരിട്ടത് റിഷഭ്. ഫൈന്‍ ലെഗിനു മുകളിലൂടെ കളിക്കാനായിരുന്നു റിഷഭിന്റെ ശ്രമം. താരം ആഞ്ഞുവീശിയെങ്കിലും ബോള്‍ കണക്ടായില്ല. പിന്നാലൊയിരുന്നു റിസ്വാന്റെ കളിയാക്കല്‍.
ഷോട്ടുകളൊന്നും കൊളളുന്നില്ലേയെന്നു ഹിന്ദിയില്‍ റിസ്വാന്‍ ചോദിച്ചപ്പോള്‍ റിഷഭും വിട്ടുകൊടുത്തില്ല. പിന്നാലെ അദ്ദേഹം ഉഗ്രന്‍ മറുപടിയും പാക് വിക്കറ്റ് കീപ്പര്‍ക്കു കൊടുത്തു. രോഹിത് ഭയ്യ (രോഹിത് ശര്‍മ) നേരത്തേ പുറത്തായത് നിങ്ങളുടെ ഭാഗ്യമാണ്. അല്ലായിരുന്നെങ്കില്‍ ഈ സമയത്തു ബൗള്‍ ചെയ്യാന്‍ നിങ്ങളുടെ ബൗളര്‍മാര്‍ ഭയപ്പെടുമെന്നായിരുന്നു റിഷഭ് തിരിച്ചടിച്ചത്. അതിനോടു റിസ്വാന്‍ ഒന്നും മിണ്ടിയതുമില്ല.

അതേസമയം കളിയിലേക്കു വന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒരോവര്‍ ബാക്കിനില്‍ക്കെ 119 റണ്‍സിനു കൂടാരം കയറുകയായിരുന്നു. 170-180 റണ്‍സെങ്കിലും അനായാസം നേടാമായിരുന്ന സാഹചര്യത്തില്‍ നിന്നാണ് അവസാന പത്തോവറില്‍ ഇന്ത്യന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നത്. 10 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 81 റണ്‍സെടുത്തിരുന്നു എന്നാല്‍ അടുത്ത 38 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കളഞ്ഞു കുളിച്ചു.
മറുപടി ബാറ്റിങില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യന്‍ ബൗളിങര്‍മാര്‍ പാക് നിരയെ പിടിച്ചുകെട്ടി. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. 31 റണ്‍സെടുത്ത റിസ്വാനെ മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മൂന്നു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും രണ്ടു പേരെ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് പാക് ടീമിനെ തളച്ചത്.