ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്കേു മടങ്ങിയെത്തുന്നത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ അദ്ദേഹം കളിക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാറപകടത്തില്‍ പരിക്കേറ്റതു കാരണം 14 മാസത്തോളം മല്‍സരരംഗത്തു നിന്നും മാറിനിന്ന ശേഷാണ് ഐപിഎല്ലിലൂടെ റിഷഭിന്റെ മടങ്ങിവരവ്.
ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. റിഷഭ് വിക്കറ്റ് കീപ്പിങ് പുനരാരംഭിക്കുകയാണെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നാണ് അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും തിളങ്ങാനായാല്‍ റിഷഭ് ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായേക്കും.

പക്ഷെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷഭിനെ ഉള്‍പ്പെടുത്താതിരിക്കുന്നതായിരിക്കും നല്ലത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം റിഷഭിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.
ഒരു വര്‍ഷത്തിലധികം നീണ്ട ബ്രേക്കിനു ശേഷം അദ്ദേഹം കളിക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇത്രയും വലിയൊരു ബ്രേക്ക് കഴിഞ്ഞ് ഐപിഎല്‍ പോലെ ദുഷ്‌കരമായ ഒരു ടൂര്‍ണമെന്റിലൂടെ തിരിച്ചുവരികയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും എളുപ്പമാവില്ല.
ഒരുപാട് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിലൂടെ റിഷഭിനു കടന്നു പോവേണ്ടതായി വന്നിട്ടുണ്ട്. അവയില്‍ നിന്നും പൂര്‍ണമായും പുറത്തുകടക്കാന്‍ ഇനിയും ധാരാളം സമയം അദ്ദേഹത്തിനു ആവശ്യമായി വന്നേക്കും. അതിനാല്‍ ഇത്തരമൊരു ഘട്ടത്തില്‍ റിഷഭിനെ എല്ലാ തരത്തിലു പിന്തുണയ്ക്കുകയും മല്‍സരാധിക്യം മാനേജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഐപിഎല്ലില്‍ ഇത്തവണ ഡിസിക്കു വേണ്ടി 600 റണ്‍സ് സ്‌കോര്‍ ചെയ്താലും 15-16 മല്‍സരങ്ങള്‍ ഐപിഎല്‍ കളിച്ച ശേഷം ലോകകപ്പില്‍ 5-7 മല്‍സരങ്ങള്‍ കൂടി കളിക്കാനാവുമോയെന്നത് സംശയമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നിര്‍ണായകമായൊരു താരത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.
ജോലിഭാരം കുറയ്ക്കാനും പഴയ ആരോഗ്യസ്ഥിതിയിലേക്കു റിഷഭിനെ തിരികെ കൊണ്ടുവരാനും ബിസിസിഐ ജാഗ്രത പുലര്‍ത്തിയേ തീരൂ. ഐപിഎല്ലിനു പിന്നാലെ ധൃതി പിടിച്ച് റിഷഭിനെ ലോകകപ്പിലും കളിപ്പിക്കുകയാണെങ്കില്‍ അതു ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുന്നത്.
രണ്ടാമത്തെ കാരണം ടി20 ഫോര്‍മാറ്റ് ഒരിക്കലും റിഷഭ് പന്തിനെ സംബന്ധിച്ച അത്ര മികച്ചതായിരുന്നില്ല എന്നതാണ്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തനിച്ചു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. പക്ഷെ ടി20യില്‍ ഇങ്ങനെയൊരു ഇംപാക്ട് റിഷഭനുണ്ടാക്കാന്‍ സാധിച്ചുവോയെന്ന കാര്യം സംശയമാണ്. 2022 ഡിസംബറില്‍ പരിക്കേല്‍ക്കും മുമ്പ് അവസാനം കളിച്ച 12 ടി20കളെടുത്താല്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്.

ടി20 ഫോര്‍മാറ്റില്‍ റിഷഭിനു കൃത്യമായൊരു ബാറ്റിങ് പൊസിഷനും ടീം ഇതുവരെ നല്‍കിയിട്ടില്ല. ഇടംകൈയന്‍ ബാറ്ററായതിനാല്‍ വ്യത്യസ്ത പൊസിഷനുകളില്‍ അദ്ദേഹത്തെ പരീക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. പക്ഷെ എവിടെയും റിഷഭ് കാര്യമായി ക്ലിക്കായിട്ടുമില്ല. ഐപിഎല്ലില്‍ ഇത്തവണ ഡിസിക്കൊപ്പം അദ്ദേഹം തനിക്കു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ കണ്ടെത്തട്ടെ.
അതിനു ശേഷം ഇന്ത്യക്കൊപ്പം അതു ആവര്‍ത്തിക്കുകയും വേണം. ടി20യേക്കാള്‍ ടെസ്റ്റിലും ഏകദിനത്തിലുമാണ് റിഷഭിനെ ഇന്ത്യക്കു ആവശ്യം. നവംബറില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനു വേണ്ടി അദ്ദേഹത്തെ പൂര്‍ണമായി സജ്ജനാക്കി നിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.
ലോകകപ്പില്‍ റിഷഭ് വേണ്ടായെന്നതിന്റെ മൂന്നാമത്തെ കാരണം ഇന്ത്യ മികച്ച താരങ്ങളെ ടൂര്‍ണമെന്റിനു വേണ്ടി ഇതിനകം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നതാണ്. ടി20യില്‍ റിഷഭിന്റെ അഭാവം ഒരിക്കലും ഇന്ത്യയെ ബാധിച്ചിട്ടില്ല. ടെസ്റ്റില്‍ മാത്രമാണ് റിഷഭില്ലാത്തത് പലപ്പോഴും ടീമിനു ക്ഷീണമായത്.
ടി20യില്‍ ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ തുടങ്ങി നിരവധി വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കുണ്ട്. ഇവരെല്ലാം ടി20യില്‍ റിഷഭിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ഇവരില്‍ നിന്നും രണ്ടു പേരെ ലോകകപ്പ് സ്‌ക്വാഡിലേക്കു കൊണ്ടു വരുന്നതായിരിക്കും ഇന്ത്യക്കു നല്ലത്.