ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനു വേണ്ടി റിഷഭ് പന്ത് കളിച്ചേക്കുമെന്ന നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. പരിക്കില്‍ നിന്നും മുക്തനായിക്കഴിഞ്ഞ റിഷഭ് ഐപിഎല്ലിന്റെ 17ാം സീസണിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെയാണ് അദ്ദേഹം ലോകകപ്പ് ടീമിന്റെ ഭാഗമായേക്കുമെന്ന് ജയ് വ്യക്തമാക്കിയിരിക്കുന്നത്.
2022 നവംബറിലാണ് റിഷഭ് ഇന്ത്യക്കു വേണ്ടി അവസാനമായി ടി20യില്‍ കളിച്ചത്. ഡിസംബറിലാണ് അദ്ദേഹത്തിനു കാറപകടത്തില്‍ സാരമായി പരിക്കുപറ്റിയത്. തുടര്‍ന്നു 15 മാസത്തോളമായി കളിക്കളത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞ റിഷഭ് ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുന്നത്. പക്ഷെ അദ്ദേഹം വിക്കറ്റ് കാക്കില്ലെന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിച്ചേക്കുകയെന്നുമാണ് പുറത്തുവരുന്ന വിവരം.

പിടിഐയോടു സംസാരിക്കവെയാണ് റിഷഭിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ജയ് ഷാ സംസാരിച്ചത്. റിഷഭ് വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. കൂടാതെ നന്നായി വിക്കറ്റും കാക്കുന്നുണ്ട്. അധികം വൈകാതെ തന്നെ റിഷഭിനെ ഞങ്ങള്‍ ഫിറ്റായി പ്രഖ്യാപിക്കുകയും ചെയ്യും. ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരിക്കും. ടീമിനു വലിയ മുതല്‍ക്കൂട്ടാണ് റിഷഭെന്നും ജയ് ഷാ വ്യക്തമാക്കി.
വിക്കറ്റ് കാക്കുക കൂടി ചെയ്‌തെങ്കില്‍ മാത്രമേ റിഷഭ് ലോകകപ്പ് സ്‌ക്വാഡിലേക്കു വരികയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. വിക്കറ്റ് കാക്കാന്‍ റിഷഭിനു സാധിക്കുകയാണെങ്കില്‍ അദ്ദേഹം ടി20 ലോകകപ്പില്‍ കളിക്കും. ഐപിഎല്ലില്‍ റിഷഭ് എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്നു നമുക്കു നോക്കാമെന്നും ജയ് ഷാ പറഞ്ഞു.
റിഷഭിന്റെ തിരിച്ചുവരവ് മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവരുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. സഞ്ജു, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു മല്‍സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കൊപ്പം റിഷഭും ചേര്‍ന്നിരിക്കുകയാണ്. പൂര്‍ണ ഫിറ്റാവുകയും ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങ് റോളും ഏറ്റെടുക്കുകയാണെങ്കില്‍ ബിസിസിഐയുടെ പ്രഥമ പരിഗണന റിഷഭിനായിരിക്കുമെന്നാണ് ജയ് ഷായുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

പരിക്കേറ്റ് കളിക്കളത്തിനു പുറത്താവുന്നതിനു മുമ്പ് വരെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭായിരുന്നു. അദ്ദേഹം പുറത്തായതോടെയാണ് ഇഷാനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ജിതേഷും സഞ്ജുവുമെല്ലാം ടീമിലേക്കു വന്നു പോവുകയും ചെയ്തു. രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറി നിന്നതിന്റെ പേരില്‍ അടുത്തിടെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ഇഷാന് ക്ഷീണമായിട്ടുണ്ട്. എങ്കിലും ദേശീയ ടീമില്‍ അദ്ദേഹത്തിനു മുന്നില്‍ വാതില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ല.
ഇന്ത്യക്കു വേണ്ടി 66 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് റിഷഭിനുണ്ട്. പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മികച്ച റെക്കോര്‍ഡല്ല അദ്ദേഹത്തിനു ടി20 ഫോര്‍മാറ്റിലുള്ളത്. ടി20യില്‍ 22.43 എന്ന മോശം ശരാശരിയില്‍ 126.54 സ്‌ട്രൈക്ക് റേറ്റോടെ 987 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുള്ളൂ.
പക്ഷെ ഇതൊന്നും വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ റിഷഭിനു തിരിച്ചടിയാവില്ല. കാരണം ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെല്ലാം ഇപ്പോഴും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ അദ്ദേഹം തന്നെയാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ റിഷഭ് നടത്തിയിട്ടുള്ള മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ഇതിനു കാരണം.