ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം ഇയാന്‍ സ്മിത്ത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനോടാണ് റിഷഭിനെ അദ്ദേഹം താരതമ്യം ചെയ്തിരിക്കുന്നത്. അടുത്ത ഗില്ലിയാവാനുള്ള ശേഷി ഇന്ത്യന്‍ താരത്തിനുണ്ടെന്നും ഇരുവരും തമ്മില്‍ ഒരു വലിയ സാമ്യതയുണ്ടെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.
ബാറ്റിങില്‍ റിഷഭും ഗില്‍ക്രിസ്റ്റും തമ്മില്‍ ചില സാമ്യതകളുണ്ടെന്നാണ് സ്മിത്തിന്റെ നിരീക്ഷണം. വിവിധ ഫോര്‍മാറ്റുകളില്‍ ഏതു ബാറ്റിങ് പൊസിഷനുകളിലും കളിക്കാന്‍ സാധിക്കുന്ന താരമായിരുന്നു ഗില്‍ക്രിസ്റ്റ്. ഇതേ കഴിവ് റിഷഭിനുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബാറ്റ് ചെയ്യുമ്പോള്‍ ആര്‍ക്കൊപ്പവം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റിഷഭ് പന്തിനു സാധിക്കുന്നു. വിരാട് കോലിയോ, രോഹിത് ശര്‍മയോ ആവട്ടെ രണ്ടു പേര്‍ക്കൊപ്പവും ഒരുപോലെ കൂട്ടുകെട്ടുണ്ടാക്കാന്‍ റിഷഭിനു കഴിയുന്നു. മൂന്നാം നമ്പര്‍ റോള്‍ അദ്ദേഹത്തിനു വളരെയധികം യോജിക്കുന്നുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിങ്ങളുടെ ഏറ്റവും മികച്ച താരം കൂടുതല്‍ ബോളുകള്‍ നേരിടേണ്ടത് ആവശ്യമാണ്. ഇതാണ് റിഷഭിനെ മൂല്യമേറിയ താരമാക്കി മാറ്റുന്നതെന്നും പിടിഐയോടു സ്മിത്ത് പറഞ്ഞു.
ക്രീസിലെത്തി കഴിഞ്ഞാല്‍ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള റിഷഭിന്റെ ശേഷിയെ അദ്ദേഹം പുകഴ്ത്തി. അഗ്രസീവായ ബാറ്റിങ് സമീപനം ക്ലിക്കായില്ലെങ്കില്‍ റിഷഭിന്റെ പക്കല്‍ വേറെയും ഓപ്ഷനുകളുണ്ട്. കെഎല്‍ രാഹുലിനെപ്പോലെയൊരു ലോകോത്തര താരത്തിനു പകരം റിഷഭ് ഇന്ത്യന്‍ ടീമിലേക്കു വന്നത് അദ്ദേഹത്തിന്റെ പ്രതിഭ തന്നെയണ് അടിവരയിടുന്നതെന്നു സ്മിത്ത് വിശദമാക്കി.
ഭാവിയില്‍ ലോകോത്തര താരമായി മാറാന്‍ അസാധാരണ കഴിവ് റിഷഭിനുണ്ട്. നിലവിലെ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ മഹാന്‍മാരായ താരങ്ങളുടെ നിരയിലേക്കു തീര്‍ച്ചയായും അദ്ദേഹത്തിനു എത്താന്‍ സാധിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് റിഷഭ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം അഗ്രസീവ് ബാറ്റിങിലൂടെ വലിയ ഇംപാക്ടാണ് ടൂര്‍ണമെന്റിലുണ്ടാക്കിയത്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 131.81 സ്‌ട്രൈക്ക് റേറ്റില്‍ 116 റണ്‍സ് റിഷഭ് അടിച്ചെടുത്തു കഴിഞ്ഞു.
ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. 42 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. പിച്ചിനെയോ, ബൗളറെയോ പരിഗണിക്കാതെ ആഞ്ഞടിക്കുകയെന്ന ശൈലിയാണ് ടൂര്‍ണമെന്റില്‍ റിഷഭ് പിന്തുടര്‍ന്നത്. ഇതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

കാറപകടത്തില്‍ പരിക്കേറ്റതിനു ശേഷം ഒരു വര്‍ഷത്തിലേറെ കളിക്കളത്തിനു പുറത്തിരുന്ന റിഷഭിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനു കൂടിയാണ് ഈ ടൂര്‍ണമെന്റ് സാക്ഷിയായത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് റിഷഭ് കളിക്കളത്തിലേക്കു മടങ്ങിയത്. 400ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത അദ്ദേഹം വിക്കറ്റ് കീപ്പിങിലും കസറിയതോടെ ലോകകപ്പ് ടീമിലേക്കും വഴിതുറക്കുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര കരിയറെടുത്താല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിനെ അപക്ഷിച്ച് ടെസ്റ്റിലാണ് റിഷഭ് കൂടുതല്‍ മികച്ച പ്രകനം കാഴ്ചവച്ചിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക തുടങ്ങിയ ഏറെ ദുഷ്‌കരമായിട്ടുള്ള പിച്ചുകളില്‍ പോലും സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എംഎസ് ധോണിക്കു പോലും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്.