പ്രൊവിഡന്‍സ്: ടി20 ലോകകപ്പ് സെമി ഫൈനല്‍ കടമ്പ കടന്ന് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിനാണ് കൂടാരം കയറിയത്. ഇന്ത്യക്കായി സ്പിന്‍ ബൗളര്‍മാരും ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിളങ്ങി.
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് ഉയര്‍ത്താന്‍ ടീം മാനേജ്‌മെന്റ് ബെസ്റ്റ് ഫീല്‍ഡര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. മത്സരശേഷം ഡ്രസിങ് റൂമിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ശേഷം മികച്ച ഫീല്‍ഡറായി തിരഞ്ഞെടുത്തത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയായിരുന്നു. ജോസ് ബട്‌ലറെ അനായാസ ക്യാച്ചിലൂടെ പുറത്താക്കുകയും മോയിന്‍ അലിയെ റണ്ണൗട്ടാക്കുകയും ചെയ്ത മികവിനാണ് ബെസ്റ്റ് ഫീല്‍ഡര്‍ അവാര്‍ഡ് നല്‍കിയത്.
ഡ്രസിങ് റൂമില്‍വെച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്കാണ് റിഷഭിന് ഈ അവാര്‍ഡ് നല്‍കിയത്. റിഷഭിനെ എല്ലാവരും പ്രശംസിച്ചപ്പോള്‍ സഞ്ജു സാംസണും ചിരിയോടെ റിഷഭിനായി ആര്‍പ്പുവിളിച്ച് കൈയടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. റിഷഭിനെക്കാള്‍ മികച്ച പ്രകടനം ഐപിഎല്ലില്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ശിവം ദുബെ മോശം ഫോമില്‍ തുടരുകയുമാണ്. എന്നിട്ടും സഞ്ജുവിന് ഒരവസരം പോലും ലഭിച്ചില്ല.
എല്ലാവരും തഴഞ്ഞിട്ടും തന്റെ മുഖ്യ എതിരാളിക്കായി സഞ്ജു ആവേശത്തോടെ കൈയടിക്കുകയാണ്. സഞ്ജുവിന്റെ ഈ വീഡിയോ ആരാധകര്‍ വൈറലാക്കുന്നത് അദ്ദേഹത്തിന്റെ നല്ല മനസിനെ വാഴ്ത്തിയാണ്. ഈഗോയില്ലാത്ത താരമാണ് സഞ്ജുവെന്നും തനിക്ക് അര്‍ഹതയുണ്ടായിട്ടും തഴയപ്പെടുന്നുവെന്ന തിരിച്ചറിവുണ്ടായിട്ടും ഇതൊന്നും നിരാശപ്പെടുത്താതെ ടീമിനായി അദ്ദേഹം ഒപ്പം നില്‍ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒതുക്കപ്പെടലുകള്‍ തിരിച്ചറിഞ്ഞിട്ടും ചെറു പുഞ്ചിരിയോടെ സഞ്ജു ഇതിനെയെല്ലാം നേരിടുന്നത് അദ്ദേഹത്തിന്റെ പക്വതയാണ് വ്യക്തമാക്കുന്നത്. സഞ്ജുവിനായി ശബ്ദിക്കാന്‍ ആരുമില്ല. പ്രമുഖരെല്ലാം റിഷഭിനെ പിന്തുണക്കുന്നു. ഐസിസിയുടെ പോസ്റ്ററുകളില്‍ പോലും ഇന്ത്യയുടെ ഐക്കണ്‍ താരമായി ഉയര്‍ത്തിക്കാട്ടുന്നത് റിഷഭ് പന്തിനെയാണ്. എന്നാല്‍ പിആര്‍ വര്‍ക്ക് മാറ്റിനിര്‍ത്തി റിഷഭിന്റെ കണക്ക് പരിശോധിച്ചാല്‍ നിരാശയാവും ഫലമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ഫ്‌ളോപ്പാവുമ്പോള്‍ വീണ്ടും അവസരം ലഭിക്കും. എന്നാല്‍ സഞ്ജു സാംസണ്‍ ഒരു തവണ ഫ്‌ളോപ്പായാല്‍ പിന്നെ അവസരം ലഭിക്കില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഫ്‌ളോപ്പായതിന്റെ പേരിലാണ് സഞ്ജുവിനെ ഒരു മത്സരം പോലും കളിപ്പിക്കാതെ മാറ്റിനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാന്‍ പ്രയാസമുള്ളതാണെങ്കിലും ബിസിസി ഐയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ സഞ്ജു സാംസണ്‍ നിശബ്ദനാണ്.
റിഷഭ് പന്തിന് ബെസ്റ്റ് ഫീല്‍ഡര്‍ അവാര്‍ഡ് നല്‍കിയത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു. ജോസ് ബട്‌ലറുടെ ക്യാച്ച് അനായാസം എടുക്കാന്‍ സാധിക്കുന്നതായിരുന്നു. മോയിന്‍ അലിയെ പുറത്താക്കിയത് ആദ്യം പിഴച്ച ശേഷമാണ്. ഇതിനെല്ലാം അവാര്‍ഡ് നല്‍കി റിഷഭിനെ ഹീറോയാക്കി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിനെക്കാള്‍ ഒരുപടി മുകളിലാണ്. റിഷഭിനെക്കാളും നന്നായി ഡൈവിങ് ക്യാച്ച് സഞ്ജു നേടിയിട്ടുണ്ട്.
റിഷഭിനെക്കാള്‍ ഉയരത്തില്‍ ചാടാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. സ്റ്റംപിന് പിന്നില്‍ റിഷഭിനെക്കാള്‍ വേഗവും സഞ്ജുവിനാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടുന്നില്ല. സഞ്ജു സാംസണിന് ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ് സഞ്ജുവിന് ആശ്വസിക്കാം.