ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ റിഷഭ് പന്തിനെ തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്ററും ഇപ്പോള്‍ കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. നിലവില്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാക്കിയ വിക്കറ്റ് കീപ്പര്‍ റിഷഭാണ്. രണ്ടാമത്തെ വിക്കറ്റ് കീപ്പറാവാന്‍ മല്‍സരിക്കുന്നത് കെഎല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണുമാണ്.
വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളായി രാഹുലും സഞ്ജുവുമുണ്ടെങ്കിലും ടീമിലേക്കു താന്‍ പിന്തുണയ്ക്കുക റിഷഭിനെ ആയിരിക്കുമെന്നാണ് മഞ്ജരേക്കര്‍ വ്യക്കമാക്കിയിരിക്കുന്നത്. ഇതിനു കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. നമുക്കു വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജു, രാഹുല്‍ എന്നിവരുമുണ്ട്. രണ്ടു പേരും വളരെ മികച്ചവരുമാണ്.

പക്ഷെ 15 അംഗ സ്‌ക്വാഡിലേക്കും പ്ലെയിങ് ഇലവനിലേക്കും ഞാന്‍ പിന്തുണയ്ക്കുന്നത് റിഷഭിനെയാണ്. കാരണം ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലെയൊരു വലിയ വേദിയിലേക്കു വരുമ്പോള്‍ 60 ബോളില്‍ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുന്നയാളാണ് റിഷഭെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
ലോകകപ്പ് സ്‌ക്വാഡിനെ ഈയാഴ്ചയോ, അടുത്തയാഴ്ചയോ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് വിവരം. 15 അംഗ സ്‌ക്വാഡിനോടൊപ്പം അഞ്ചു പേരെ സ്റ്റാന്റ്‌ബൈ താരങ്ങളായും സംഘത്തില്‍ ഉള്‍പ്പെടുത്തും. 15 അംഗ സ്‌ക്വാഡില്‍ റിഷഭിനു സ്ഥാനമുറപ്പാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാക്കപ്പായി സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം രാഹുലിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്റ്റ്, ഏകദിനം എന്നീ ഫോര്‍മാറ്റുകളില്‍ റിഷഭ് ഇന്ത്യയുടെ മാച്ച് വിന്നറാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഈ മികവ് ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. ടി20യില്‍ 66 മല്‍സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. പക്ഷെ ഇവയില്‍ നിന്നും 22.43 എന്ന മോശം ശരാശരിയില്‍ 126.54 സ്ട്രൈക്ക് റേറ്റില്‍ 987 റണ്‍സ് മാത്രമേ റിഷഭിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഈ കാരണത്താല്‍ തന്നെ റിഷഭിനെ ടി20യില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും പലരും നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ റിഷഭ് ഇന്ത്യന്‍ ടീമിലേക്കു വരുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. ജിതേഷ് ശര്‍മയും സഞ്ജുവുമായിരുന്നു ഈ റോളിലേക്കു ഫേവറിറ്റുകള്‍. 2022 ഡിസംബറിനു ശേഷം പരിക്കു കാരണം ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത റിഷഭിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ ആശങ്കകളുമുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റെ മടങ്ങിവരവിനാണ് ഐപിഎല്‍ സാക്ഷിയായത്. പക്ഷെ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ എന്നീ റോളുകളില്‍ റിഷഭ് നടത്തിക്കൊണ്ടിരിക്കുന്നത്.
പഞ്ചാബ് കിങ്‌സിനോടൊപ്പം ഐപിഎല്ലില്‍ ജിതേഷ് വന്‍ ഫ്‌ളോപ്പായി മാറിയതോടെ റിഷഭ് ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു അതിവേഗമെത്തുകയും ചെയ്തു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു.
നിലവില്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുകയാണ് അദ്ദേഹം. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 342 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. 48.85 ശരാശരിയും 161.32 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. റിഷഭ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സുള്ളത് സഞ്ജു (314), രാഹുല്‍ (302) എന്നിവര്‍ക്കാണ്.