ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കുപ്പായത്തിലേക്കുള്ള മടങ്ങിവരവ് തകര്‍പ്പന്‍ ഫിഫ്റ്റിയോടെ റിഷഭ് പന്ത് ആഘോഷിച്ചപ്പോള്‍ ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹത്തില്‍ ഇന്ത്യക്കു ഗംഭീര ജയം. ബംഗ്ലാദേശിനെ 60 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും കസറിയ ഇന്ത്യ വളരെ അനായാസമാണ് ജയിച്ചുകയറിയത്. ബുധനാഴ്ച അയര്‍ലാന്‍ഡുമായുള്ള ആദ്യ ലോകകപ്പ് പോരിനു മുമ്പ് ഈ ജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തും.
ഓപ്പണറായി അവസരം ലഭിച്ചിട്ടും സഞ്ജു സാംസണ്‍ ഇതു കളഞ്ഞുകുളിച്ചപ്പോള്‍ വണ്‍ഡൗണായെത്തിയ റിഷഭാവകട്ടെ അവസരം നന്നായി മുതലാക്കുകയും ചെയ്തു. ആറു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. റിഷഭ് 32 ബോളില്‍ 53 റണ്‍സും അടിച്ചെടുത്തു.
183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ബംഗ്ലാദേശിനു ഇന്ത്യ നല്‍കിയത്. പക്ഷെ കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താതെ ബംഗ്ലാദേശ് 9 വിക്കറ്റിനു 122 റണ്‍സുമായി മല്‍സരം അടിയറവച്ചു. മഹമ്മുദുള്ള (40), ഷാക്വിബുല്‍ ഹസന്‍ (28) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ശിവം ദുബെയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 182 റണ്‍സെന്ന ശക്തമായ നിലയിലെത്തിയത്. റിഷഭിന്റെ അഗ്രസീവ് ഫിഫ്റ്റിക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച ഫിനിഷിങാണ് ഇന്ത്യക്കു കരുത്തായത്. 32 ബോള്‍ നേരിട്ട റിഷഭിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഫിഫ്റ്റിക്കു ശേഷം റിഷഭ് റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിടുകയായിരുന്നു. ഹാര്‍ദിക് 23 ബോളില്‍ 40 റണ്‍സോടെ പുറത്താവാതെ നിന്നു. നാലു സിക്‌സറും രണ്ടു ഫോറുമടക്കമാണിത്.
സൂര്യകുമാര്‍ യാദവ് (31), നായകന്‍ രോഹിത് (23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സഞ്ജുവിനെക്കൂടാതെ ശിവം ദുബെയും (16 ബോളില്‍ 14) ബാറ്റിങില്‍ നിരാശപ്പെടുത്തി. 18 ബോളില്‍ നാലു ഫോറുള്‍പ്പെട്ടതാണ് സൂര്യയുടെ ഇന്നിങ്‌സ്. രോഹിത് 19 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു. യശസ്വി ജയ്‌സ്വാളിനെ പുറത്തിരുത്തിയാണ് രോഹിത്തിനൊപ്പം സഞ്ജുവിനെ ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിച്ചത്. പക്ഷെ സ്ലോ പിച്ചില്‍ അദ്ദേഹം റണ്ണെടുക്കാന്‍ വിഷമിച്ചു. രണ്ടാം ഓവറില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജു പുറത്താവുകയും ചെയ്തു.

തുടര്‍ന്നാണ് വണ്‍ഡൗണായി റിഷഭിനെ ഇന്ത്യ ഇറക്കിയത്. ഈ നീക്കം വിജയം കാണുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രോഹിത് മടങ്ങിയ ശേഷം സൂര്യക്കൊപ്പം മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടിലും റിഷഭ് പങ്കാളിയായി. 71 റണ്‍സാണ് ഈ ജോടി കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. റിഷഭ് റിട്ടയേര്‍ഡ് ഔട്ടാവുകയും സൂര്യ പുറത്താവുകയും ചെയ്ത ശേഷം ഇന്ത്യന്‍ ആക്രമണത്തിന്റെ ചുക്കാന്‍ ഹാര്‍ദിക്ക് ഏറ്റെടുക്കുകയായിരുന്നു.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. ചിരവൈരികളായ പാകിസ്താന്‍, അയര്‍ലാന്‍ഡ്, കാനഡ, സംയുക്ത ആതിഥേയരായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടുക. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.