വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവ ഫിനിഷര്‍ റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തന്റെ ഫിനിഷിങ് പാടവം ലോകത്തു കാണിച്ചു കൊടുത്ത അദ്ദേഹം പിന്നീട് ദേശീയ ടീമിനായി ഇറങ്ങിയപ്പോഴും ഇതു ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ റിങ്കു വളരെ പെട്ടെന്നാണ് ഇന്ത്യയുടെ പുതിയ ഹീറോയായി മാറിയത്. ലോകകപ്പിലും റിങ്കുവിനു നിര്‍ണായക റോള്‍ ലഭിക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ ലോകകപ്പില്‍ റിങ്കുവിന്റെ സ്ഥാനം തുലാസിലാണെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. അദ്ദേഹത്തിന്റെ ഫോമല്ല ഇതിനു കാരണം. ടീം കോമ്പിനേഷനിലെ പ്രശ്‌നങ്ങളാണ് റിങ്കുവിനു തിരിച്ചടിയാവുന്നത്. കെകെആറിനു വേണ്ടി ഈ സീസണില്‍ അഞ്ചിന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 162.74 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 83 റണ്‍സാണ്. വെറും 51 ബോളുകള്‍ മാത്രമേ റിങ്കുവിനു സീസണില്‍ നേരിടാന്‍ അവസരം ലഭിച്ചിട്ടുമുള്ളൂ.

ലോകകപ്പില്‍ എന്തുകൊണ്ടാണ് റിങ്കുവിന്റെ സ്ഥാനം തുലാസില്‍ ആയിരിക്കുന്നതെന്നു നമുക്കു പരിശോധിക്കാം. 15 പേരുള്‍പ്പെടുന്ന സ്‌ക്വാഡിനെ മാത്രമേ ഒരു ടീമിനു ലോകകപ്പിനു വേണ്ടി തിരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ. റിങ്കുവടക്കമുള്ള പല മികച്ച താരങ്ങള്‍ക്കും തിരിച്ചടിയാവുന്നതും ഇതു തന്നെയാണ്. ഇന്ത്യന്‍ മുന്‍നിരയിലേക്കു ശക്തമായ മല്‍സരമാണ് ഇപ്പോഴുള്ളത്. ഈ കാരണത്താല്‍ തന്നെ റിങ്കു, വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇവരിലൊരാള്‍ക്കു മാത്രമേ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.
ഓപ്പണിങ് റോളിലേക്കു രംഗത്തുള്ള യുവ ബാറ്റിങ് സെന്‍സേഷനുകളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരിലൊരാളെ മാത്രമ 15 അംഗ സ്‌ക്വാഡിലേക്കു സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഇവര്‍ രണ്ടു പേരെയും ടീമിലുള്‍പ്പെടുത്തിയാല്‍ അതു റിങ്കു, ദുബെ എന്നിവര്‍ക്ക് കനത്ത തിരിച്ചടിയാവും. കാരണം അങ്ങനെ സംഭവിച്ചാല്‍ രണ്ടിലൊരാളെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതായി വരും. ഇതു തന്നെയാണ് റിങ്കുവിനെ കുഴപ്പത്തിലാക്കിയത്.
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ, ദുബെ എന്നിവരിലാളെ മാത്രമേ ലോകകപ്പില്‍ പരിഗണിക്കൂയെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പം ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും ഹാര്‍ദിക്ക് തീര്‍ച്ചയായും ലോകകപ്പ് സംഘത്തിലുണ്ടാവുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
ഇതോടെയാണ് മല്‍സരം റിങ്കുവും ദുബെയും തമ്മിലായി മാറിയത്. ജയ്‌സ്വാളും ഗില്ലും ടീമിലെത്തിയാല്‍ ദുബെയെയും റിങ്കുവിനെയും ഉള്‍പ്പെടുത്തുക അസാധ്യമാണ്. സെലക്ഷന്‍ കമ്മിറ്റിയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയും ഇതു തന്നെയായിരിക്കും.
റിങ്കുവും ദുബെയും ടി20 ഫോര്‍മാറ്റില്‍ ഒരുപോലെ അപകടകാരികളായ താരങ്ങളാണ്. തനിച്ചു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ഇരുവരും പേസ്, സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യാന്‍ ഒരുപോലെ മിടുക്കരുമാണ്. കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് കെകെആറിനോടൊപ്പം റിങ്കു ഹീറോയായി മാറിയത്.

സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 474 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിച്ച് റിങ്കു ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ആഗസ്റ്റിലെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ അദ്ദേഹം അവിടെയും മോശമാക്കിയില്ല.
ഇതുവരെ കളിച്ച 15 ടി20 മല്‍സരങ്ങളില്‍ നിന്നും 176.23 സ്‌ട്രൈക്ക് റേറ്റില്‍ 89 എന്ന ഞെട്ടിക്കുന്ന ശരാശരിയോടെ 356 റണ്‍സ് റിങ്കു നേടിക്കഴിഞ്ഞു. ആകെ കളിച്ചിട്ടുള്ള 11 ഇന്നിങ്‌സുകളില്‍ ഏഴിലും താരം നോട്ടൗട്ടുമായിരുന്നു. ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് ടീം ഇന്ത്യക്കൊപ്പം റിങ്കുവിനെ അവസാനമായി കണ്ടത്. ഈ പരമ്പരയിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ദുബെയാവട്ടെ ഈ ഐപിഎല്‍ സീസണിലും സിഎസ്‌കെയോടൊപ്പം മാരക ഫോമിലാണ്. ആറിന്നിങ്‌സുകളില്‍ നിന്നും 60.50 ശരാശരിയില്‍ 163.51 സ്‌ട്രൈക്ക് റേറ്റില്‍ 242 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റിങ്കു, ദുബെ എന്നീ രണ്ടു പേരെയും ലോകപ്പില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യമായതിനാല്‍ തന്നെ ജയ്‌സ്വാള്‍, ഗില്‍ എന്നിവരിലൊരാളെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോയെന്നാണ് അറിയേണ്ടത്.