വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രകടനത്തെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം റിക്കി പോണ്ടിങ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായതിനാല്‍ തന്നെ റിഷഭുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ കൂടിയാണ് പോണ്ടിങ്. കാറപകടത്തില്‍ സാരമായി പരിക്കേറ്റ ശേഷം ഒരു വര്‍ഷത്തിലേറെ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന റിഷഭ് ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.
മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ റിഷഭിനു സാധിക്കുകയും ചെയ്തിരുന്നു. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഡിസിക്കു വേണ്ടി 13 ഇന്നിങ്‌സുകളിലാണ് റിഷഭ് ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 40.54 ശരാശിയില്‍ 155.40 സ്‌ട്രൈക്ക് റേറ്റില്‍ 446 റണ്‍സും റിഷഭ് അടിച്ചെടുത്തു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലേക്കു റിഷഭിനു വഴിയൊരുക്കിയതും ഈ പ്രകടനമാണ്.

റിഷഭിനെക്കൂടാത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇടംകൈയനും മധ്യനിര ബാറ്ററുമായതിനാല്‍ റിഷഭിനായിരിക്കും പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണന ലഭിച്ചേക്കുക. ലോകകപ്പില്‍ റിഷഭിന്റെ പ്രകടനത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പോണ്ടിങിനുള്ളത്. ഐസിസി റിവ്യുവില്‍ സംസാരിക്കവെയാണ് റിഷഭിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ലോകകപ്പില്‍ റിഷഭ് പന്തില്‍ നിന്നും വെറുമൊരു സാധാരണ പ്രകടനമല്ല. മറിച്ച് അസാധാരണ പ്രകടനങ്ങള്‍ തന്നെ തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്നാണ് പോണ്ടിങിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെ മൂന്നോ, നാലോ മാസങ്ങള്‍ ഞാന്‍ റിഷഭിനൊപ്പം ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്റെ അപകടം കഴിഞ്ഞിട്ട് അപ്പോള്‍ മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.
ഇനിയൊരിക്കലും റിഷഭിനു ഈ ഗെയിം കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന വലിയ ഭയം അന്നു എനിക്കുണ്ടായിരുന്നു. മാനസികമായും ശാരീരികമായും എത്രയധികം ബുദ്ദിമുട്ടുകളിലൂടെ ആ സമയത്തു റിഷഭ് കടന്നുപോയിട്ടുണ്ടാവും. ആ ഘട്ടത്തില്‍ റിഷഭിനു നടക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
റിഷഭിനെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫ്രാഞ്ചൈസി, ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ട്ട് എന്നിവര്‍ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്തു റിഷഭ് ഊന്നുവടിയിലായിരുന്നു. അടുത്ത സീസണിനെക്കുറിച്ച് എന്താണ് കരുതുന്നതെന്നു അദ്ദേഹത്തോടു ഞാന്‍ ചോദിച്ചതായി ഓര്‍മയുണ്ട്. പേടിക്കേണ്ട, ഞാന്‍ അപ്പോഴേക്കും സുഖം പ്രാപിക്കുമെന്നായിരുന്നു റിഷഭിന്റെ മറുപടി.

തന്നെ തിരികെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ റിഷഭും സ്വയം നന്നായി പ്രയത്‌നിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫ്രാഞ്ചൈസി അദ്ദേഹത്തിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു.
കൂടാതെ ഫിസിയോയായ പാട്രിക്ക് ഫര്‍ഹാര്‍ട്ടും വളരെ നന്നായി തന്നെ റിഷഭിനെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോണ്ടിങ് വിശദമാക്കി. ഡിസി ടീമില്‍ റിഷഭിനൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷവും താന്‍ ശരിക്കും ആസ്വദിച്ചതായും 49കാരനായ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പറയുന്നു.
ഡല്‍ഹി ടീമില്‍ റിഷഭ് പന്തിനോടൊപ്പമുള്ള മുഹൂര്‍ത്തങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. അദ്ദേഹം അവിടെ ക്യാപ്റ്റമും ഞാന്‍ കോച്ചുമായതിനാല്‍ സ്വാഭാവികമായും ഒരുപാട് സമയം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അദ്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് തന്നെയാണ് റിഷഭിന്റേതെന്നു പറയേണ്ടി വരും. ഈ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം വളരെ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.