ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ്
പടിയിറങ്ങുമെന്നും പുതിയ നായകനെത്തുമെന്നും കഴിഞ്ഞ ദിവസമാണ് ബിസിസി ഐ അറിയിച്ചത്. ഇതിന് പിന്നാലെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പും ടീം പുറത്തുവിട്ടു. രാഹുല്‍ ദ്രാവിഡിന് കീഴിലാവും ടി20 ലോകകപ്പിലും ഇന്ത്യ കളിക്കുന്നത്. അതിന് ശേഷമാവും ദ്രാവിഡ് പടിയിറങ്ങുക. ദ്രാവിഡിന് ഇനി കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നതാണ് ബിസിസി ഐ തീരുമാനം.
രാഹുല്‍ പടിയിറങ്ങുമ്പോള്‍ പകരം ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ആരെന്നതാണ് പ്രധാന ചോദ്യം. പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്റ്റീഫന്‍ ഫ്‌ളമിങ്ങിന്റെ പേരാണ് ഏറ്റവും ഒടുവിലായി സാധ്യതാ പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്നത്. മുന്‍ ന്യൂസീലന്‍ഡ് നായകനും ഓപ്പണറും നിലവിലെ സിഎസ്‌കെയുടെ മുഖ്യ പരിശീലകനുമാണ് ഫ്‌ളമിങ്. ഈ സീസണോടെ ഫ്‌ളമിങ് സിഎസ്‌കെയുടെ പടിയിറങ്ങുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ പുതിയ പരിശീലകനായി ഫ്‌ളമിങ് എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴിതാ സര്‍പ്രൈസായി മറ്റൊരാളുടെ പേരുകൂടി ഇന്ത്യന്‍ പരിശീലകന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുകയാണ്. അത് മറ്റാരുമല്ല മുന്‍ ഓസ്‌ട്രേലിയന്‍ നായകനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്ങാണ്. ഈ സീസണോടെ ഡല്‍ഹിയുടെ പരിശീലകസ്ഥാനത്ത് നിന്ന് പോണ്ടിങ് പടിയിറങ്ങും.
ഇക്കാര്യം നേരത്തെ തന്നെ പോണ്ടിങ് വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഇന്ത്യയുടെ പരിശീലകനാവാന്‍ പോണ്ടിങ്ങിന് താല്‍പര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം പോണ്ടിങ് ബിസിസി ഐയെ അറിയിച്ചെന്നും അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായിരുന്നു പോണ്ടിങ്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസീസ് ടീമിന്റെ നായകനായിരുന്നു പോണ്ടിങ്.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി പോണ്ടിങ് വരുന്നത് ടീമെന്ന നിലയില്‍ വലിയ ഗുണം ചെയ്‌തേക്കും. യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്താന്‍ മിടുക്കനായ പരിശീലകനാണ് പോണ്ടിങ്. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും പടിയിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കവെ ഇനി യുവതാരങ്ങള്‍ക്ക് കീഴിലുള്ള യുവ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതായുണ്ട്. പോണ്ടിങ്ങിനെപ്പോലെ മികച്ച റെക്കോഡുള്ള കളിക്കാരനും അനുഭവസമ്പന്നനായ പരിശീലകനുമായൊരാള്‍ വന്നാല്‍ ഇന്ത്യന്‍ ടീമിന് പുതിയൊരു മുഖം ലഭിച്ചേക്കും.
കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ മുന്‍ താരങ്ങള്‍ത്തന്നെയാണ്. അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെല്ലാം കീഴില്‍ ഇന്ത്യ കളിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ഐസിസി ട്രോഫിയിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മികച്ചൊരു വിദേശ പരിശീലകന്‍ വരേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
2011ല്‍ ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഗാരി കേഴ്‌സ്റ്റനായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ഇന്ത്യക്ക് പുതിയ പരിശീലകനായി വിദേശ താരങ്ങളിലൊരാളാണ് വരേണ്ടത്. ഫ്‌ളമിങ്, പോണ്ടിങ് എന്നിവരിലൊരാള്‍ ഇന്ത്യയുടെ പരിശീലകനായി വരുന്നതാണ് ടീമിന് ഗുണം ചെയ്യുക. ഇന്ത്യയുടെ ദൗര്‍ബല്യം നന്നായി മനസിലാക്കിയിട്ടുള്ള താരമാണ് പോണ്ടിങ്. അതുകൊണ്ടുതന്നെ പോണ്ടിങ് പരിശീലകനാവുന്നതാവും ഇന്ത്യക്ക് അല്‍പ്പം കൂടി ഗുണം ചെയ്യുകയെന്ന് പറയാം.
നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സും ഇന്ത്യയുടെ പരിശീലകസ്ഥാനത്തില്‍ നോട്ടമിട്ടിരുന്നു. നേരത്തെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നെങ്കിലും ബിസിസി ഐ വലിയ താല്‍പര്യം കാട്ടിയില്ല. ഇന്ത്യക്കാരായ ആശിഷ് നെഹ്‌റ, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊന്നും ഐപിഎല്‍ വിട്ട് പരിശീലകസ്ഥാനം ഏറ്റെടുക്കാനാവില്ല. വിവിഎസ് ലക്ഷ്മണെ ഇന്ത്യ പരിശീലകനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.