ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോവുകയാണ്. തീപാറും പോരാട്ടങ്ങള്‍ക്കൊടുവില്‍ തോല്‍വി അറിയാതെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിലെത്തുമ്പോള്‍ കലാശപ്പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. രോഹിത് ശര്‍മയും സംഘവും രണ്ടാം ടി20 ലോകകപ്പ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്. അതേ സമയം കന്നി ടി20 ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടം നേടാമെന്നാണ് സൗത്താഫ്രിക്ക പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ പ്രമുഖരും കിരീട സാധ്യത കൂടുതല്‍ ഇന്ത്യക്കാണെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക പ്രയാസമായിരിക്കുമെന്നതാണ് വസ്തുത. ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയാണ്. ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വഴി ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്.
'പലരും പറയുന്നത് ഫൈനലിലെ സാധാരണ മത്സരമായിത്തന്നെ കാണാനാണ്. എത്ര വലിയ മത്സരമാണിതെന്ന ചിന്ത മറച്ച് കളിക്കണമെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് നന്നാകില്ല. എന്താണോ സാഹചര്യം അതിനെ അംഗീകരിച്ച് മനസിലാക്കി കളിക്കുകയാണ് വേണ്ടത്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരവും നാളെയും ആസ്വദിക്കുക. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യവും മുന്നൊരുക്കവും ഒരുപോലെയാണെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്' പോണ്ടിങ് പറഞ്ഞു.
32 വര്‍ഷത്തെ ചരിത്രത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫൈനലാണിത്. പല ഇതിഹാസ താരങ്ങളും പിറവികൊണ്ട ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇതുവരെ ഐസിസി കിരീടം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. നോക്കൗട്ട് മത്സരങ്ങളില്‍ നിര്‍ഭാഗ്യം വേട്ടയാടുന്നവരാണ് ദക്ഷിണാഫ്രിക്ക. പല തവണ സെമിയില്‍ അവര്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഭാഗ്യം വേണ്ടുവോളം ദക്ഷിണാഫ്രിക്കയെ തുണച്ചിട്ടുണ്ട്.

ഈ ഭാഗ്യം ഫൈനലിലും ദക്ഷിണാഫ്രിക്കയെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ എതിരില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ അവസാന ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ച ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ വീഴ്ത്താന്‍ എളുപ്പമല്ല. അനുഭവസമ്പന്നരായ സൂപ്പര്‍ താരങ്ങളുടെ നിരയാണ് ഇന്ത്യ. വിരാട് കോലി, ശിവം ദുബെ, റിഷഭ് പന്ത് എന്നിവര്‍ കൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യയെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.
രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇവരുടെ ഫോമാണ് ഇന്ത്യക്ക് കരുത്താവുന്നത്. ഇന്ത്യയുടെ ബൗളിങ് നിരയും മിന്നും ഫോമിലാണ്. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ന്യൂബോളില്‍ കസറുന്നു. സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും കസറുന്നുണ്ട്. ഈ മികവ് ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.
'ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യ മാറ്റങ്ങളില്ലാതെയാവും ഫൈനലിനിറങ്ങുക. ഇപ്പോള്‍ സാഹസകരമായ മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. ഇന്ത്യക്ക് ഇത്തവണ സുവര്‍ണ്ണാവസരമാണുള്ളത്. ഇന്ത്യ കരുത്ത് തിരിച്ചറിഞ്ഞ് കളിച്ചാല്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാവും' പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരുണ്ടാകുന്നത് പ്രതീക്ഷ നല്‍കുന്നു. പക്ഷെ കപ്പിന് തൊട്ടരികില്‍ കലമുടക്കുന്നത് ഇന്ത്യയുടെ രീതിയാണ്.
അവസാന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കപ്പുറപ്പിച്ചാണ് കളിച്ചതെങ്കിലും കലാശപ്പോരില്‍ തകര്‍ന്നടിഞ്ഞു. ഇത്തവണത്തെ കപ്പ് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം ഒരു കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. കൂടാതെ ഈ മത്സരത്തോടെ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. അദ്ദേഹത്തിന് കപ്പ് നേടിക്കൊടുത്ത് യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിക്കണം. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കും ഇത്.
ഇനിയൊരു ടി20 മത്സരം കളിക്കാന്‍ ഇവര്‍ക്ക് ബാല്യമുണ്ടായേക്കില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കെല്ലാം വേണ്ടി ഇത്തവണ ഇന്ത്യ കപ്പില്‍ മുത്തമിടുമെന്നാണ് ആരാധക പ്രതീക്ഷ. എന്തായാലും സൂപ്പര്‍ പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കാം.