ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രോഹിത് ശര്‍മ തന്നെയായിരിക്കും നയിക്കുകയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷായാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. രോഹിത്തിനു കീഴില്‍ നമ്മുടെ ടീം ലോകകപ്പുമായി മടങ്ങുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷായുടെ വാക്കുകള്‍.
ഇതോടെയാണ് ടി20 ലോകകപ്പില്‍ ക്യാപ്റ്റന്റെ കാര്യത്തിലെ സസ്‌പെന്‍സ് അവാസാനിച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവനിരയെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. രോഹിത്ത്, മുന്‍ നായകന്‍ വിരാട് കോലി എന്നിവരടക്കമുള്ള സീനിയര്‍ കളിക്കാരെ ടീമിലേക്കു പരിഗണിക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

പക്ഷെ ടീമിന്റെ ക്യാപ്റ്റന്‍സി ഒരിക്കല്‍ക്കൂടി രോഹിത്തിലേക്കു തന്നെ വരികയാണ്. കോലിയും ലോകകപ്പ് ടീമിന്റെ ഭാഗമാവുമെന്നാണ് വിവരം. ലോകകപ്പില്‍ രോഹിത്തിനെ തന്നെ ക്യാപ്റ്റനാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ശരിയല്ലെന്നു പറയേണ്ടി വരും. എന്തൊക്കെയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെന്നു നമുക്കു വിശദമായി പരിശോധിക്കാം.
ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ടല്ല, മറിച്ച് പിറകിലേക്കാണ് പോവുന്നതെന്നതാണ് ആദ്യത്തെ കാരണം. ഭാവി കൂടി മുന്നില്‍ കണ്ട് ഹാര്‍ദിക്കിനു കീഴില്‍ ഒരു പുതിയൊരു യുവ ടീമിനെ ലോകകപ്പിനായി വാര്‍ത്തെടുക്കുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. പകരം പഴയവരിലേക്കു തന്നെ ഇന്ത്യ തിരികെ പോയത് ഒട്ടും നല്ല നീക്കമല്ല.
2022ല്‍ ഓസ്‌ട്രേലിയ വേദിയായ അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത്താണ്. പക്ഷെ ടൂര്‍ണമെന്റിലുടനീളം ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. ഒരു വിധത്തില്‍ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവിടെ നാണംകെടുകയായിരുന്നു. ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്.
ടീമിന്റെയാകെ ആത്മവിശ്വാസം തകര്‍ക്കുന്നതായിരുന്നു ഈ തോല്‍വി. ഈ ടൂര്‍ണമെന്റിനു പിന്നാലെ രോഹിത്തും കോലിയും ടി20യില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള ടി20 മല്‍സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കുമായിരുന്നു.
പക്ഷെ കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് ഹാര്‍ദിക് പിന്‍മാറിയതോടെയാണ് ഒരിക്കല്‍ക്കൂടി ടി20യില്‍ ക്യാപ്റ്റന്റെ റോളിലേക്കു രോഹിത്തിലേക്കു പോവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ഒടുവില്‍ തനിക്കു ഇനിയും ടി20 കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു രോഹിത് അറിയിക്കുകയും ചെയ്തതോടെ ഈ വര്‍ഷം അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ അദ്ദേഹം നായകസ്ഥാനത്തു തിരികെയെത്തുകയായിരുന്നു.

2022ലെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കായി വെറും മൂന്നു ടി20കളില്‍ മാത്രമേ രോഹിത് ശര്‍മ കളിച്ചിട്ടുള്ളൂവെന്നതാണ് രണ്ടാമത്തെ കാരണം. ഒരു വര്‍ഷത്തിലേറെയായി ഈ ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായി മാറി നിന്ന രോഹിത് ഇനിയൊരിക്കലും ടി20 കളിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ രോഹിത് തിരിച്ചു വിളിക്കപ്പെടുകയായിരുന്നു.
നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത്തിന്‍റെ അഗ്രസീവ് ബാറ്റിങ് പ്രകടനമാണ് ടി20 ലോകകപ്പില്‍ തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ മതിയായ ടി20 മല്‍സരങ്ങളില്‍ സമീപകാലത്തു ഇന്ത്യക്കു വേണ്ടി രോഹിത് കളിച്ചിട്ടില്ലെന്നതു ലോകകപ്പില്‍ തിരിച്ചടിയായി മാറിയേക്കും.
ഏകദിനത്തിലെ ഫോം ടി20യിലും ആവര്‍ത്തിക്കുകയെന്നതു ഹിറ്റ്മാന് എളുപ്പവുമായിരിക്കില്ല. അഫ്ഗാനുമായുള്ള അവസാന പരമ്പരയിലെ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടിയെങ്കിലും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും രോഹിത് ഡെക്കായിരുന്നു.