ടി20 ലോകകപ്പില്‍ ടീം ഇന്ത്യ വിജയക്കുതിപ്പ് നടത്തി മുന്നേറുകയാണെങ്കിലും ചില കാര്യങ്ങള്‍ തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പ്രകടനമാണ്. വലിയ പ്രതീക്ഷയോടെ ഇന്ത്യ പരീക്ഷിച്ച ഈ സൂപ്പര്‍ ജോടി ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഇനിയുള്ള മല്‍സരങ്ങളിലും ഈ സഖ്യം കസറുമോയെന്ന കാര്യവും സംശയമാണ്. യഥാര്‍ഥത്തില്‍ ഈ ലോകകപ്പില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ടി20 ടീമിലേക്കു രോഹിത്തിനെയും കോലിയെയും തിരികെ വിളിച്ചതാണെന്നു കാണാം.
2022ല്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത്തും കോലിയും അനിശ്ചിതമായി വിട്ടുനിന്നിരുന്നു. ഇതോടെ ഇനിയൊരിക്കലും ഇന്ത്യന്‍ ടി20 ടീമിലേക്കു ഇവര്‍ മടങ്ങിയെത്തില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ടീമിനെ നയിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലും ഹാര്‍ദിക്കിനു കീഴിലായിരിക്കും ടീം അണിനിരക്കുകയെന്നു ഒരു സമയത്ത് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ശുഭ്മന്‍ ഗില്‍- ജയ്‌സ്വാള്‍ സഖ്യമാണ് ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണ്‍ ചെയ്തു കൊണ്ടിരുന്നത്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്തപ്പോള്‍ നാലാമനായി തിലക് വര്‍മയുമാണ് കളിച്ചിരുന്നത്. ടി20 ലോകകപ്പിലും ഇന്ത്യന്‍ ടോപ്പ് ഫോര്‍ ഇങ്ങനെയാവുമെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കോലിയും രോഹിത്തും ഗംഭീര പ്രകടനമാണ് ടീമിനായി കാഴ്ചവച്ചത്. ഇതോടെയാണ് സീനിയര്‍ താരങ്ങളായ ഇരുവരും ടി20 ടീമിലുമുണ്ടെങ്കില്‍ അതു ടി20 ലോകകപ്പിലും ഗുണം ചെയ്യുമെന്നു അഭിപ്രായങ്ങളുയര്‍ന്നത്.
രോഹിത്തും കോലിയും മടങ്ങി വരാന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തതോടെ ഈ വര്‍ഷമാദ്യം അഫ്ഗാനിസ്താനുമായുള്ള മൂന്നു ടി20കളുടെ പരമ്പരയിലേക്കു ഇരുവരും തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിലേറെ ഒരു ടി20യില്‍ പോലും കളിക്കാതെയാണ് രോഹിത്തും കോലിയും ദേശീയ ടീമിലേക്കു തിരികെ വന്നത്. പക്ഷെ രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നാണ് ഈ ലോകകപ്പിലെ നിറം മങ്ങിയ പ്രകടനം തെളിയിക്കുന്നത്. റണ്‍സ് കണ്ടെത്താനാവാതെ പാടുപെടുകയാണ് ഇരുവരും.
ഈ ഫോര്‍മാറ്റില്‍ ബാറ്റിങില്‍ മികച്ച തുടക്കം വളരെ പ്രധാനമാണ്. പക്ഷെ ടൂര്‍ണമെന്റില്‍ ഇനിയും അത്തരമൊരു തുടക്കം നല്‍കാന്‍ രോഹിത്- കോലി ജോടിക്കായിട്ടില്ല. ഇതു കാരണം മധ്യനിര തുടക്കത്തില്‍ തന്നെ വലിയ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നു. സെമി ഫൈനല്‍, ഫൈനല്‍ പോലെ വലിയ പോരാട്ടങ്ങളിലാണ് ഇതു ടീമിനെ സാരമായി ബാധിക്കുക
രോഹിത് നാലിന്നിങ്‌സുകളില്‍ നിന്നും 25.33 ശരാശരിയില്‍ 111.76 എന്ന ദയനീയ ശരാശരിയോടെ നേടിയിരിക്കുന്നത് വെറും 76 റണ്‍സാണ്. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയിലെ 52 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ രോഹിത്തിന് ഒന്നും തന്നെ ബാറ്റിങില്‍ എടുത്തു കാണിക്കാനില്ല.

കോലിയാവട്ടെ അതിലും വലിയ ദുരന്തമായി തീര്‍ന്നു. നാലിന്നിങ്‌സുകളില്‍ നിന്നും 7.25 എന്ന പരിതാപകരമായ ശരാശരിയില്‍ വെറും 29 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 87.87 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നിങ്‌സിലും രണ്ടക്കം തികയ്ക്കാനാവാതെ പോയ കോലി സൂപ്പര്‍ എട്ടില്‍ അഫ്ഗാനെതിരേ 24 റണ്‍സ് സ്‌കോര്‍ ചെയ്തു.
രോഹിത്തിനും കോലിക്കും പകരം നേരത്തേ ഇന്ത്യ വളര്‍ത്തിയെടുത്ത ജയ്‌സ്വാള്‍-ഗില്‍ സഖ്യമായിരുന്നു ഈ ലോകകപ്പിലും ഓപ്പണിങ് റോളിലേക്കു ബെസ്റ്റ്. മൂന്നാമനായി ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ലോകകപ്പില്‍ കളിക്കുന്നത്. ഈ പൊസിഷനില്‍ റിഷഭ് തുടരുകയും നാലാം നമ്പറില്‍ സൂര്യയും ബാറ്റ് ചെയ്തിരുന്നെങ്കില്‍ അതു മികച്ച ലൈനപ്പായി മാറുമായിരുന്നു.
രോഹിത്തിനു പകരം ഹാര്‍ദിക്കിനു കീഴില്‍ ഒരു യുവനിരയെയായിരുന്നു ഈ ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യം. അങ്ങനെയെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ മികച്ച പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കു നടത്താന്‍ കഴിയുമായിരുന്നു. ടൂര്‍ണമെന്റില്‍ കിരീടമില്ലാതെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നാല്‍ ഇതിനു പ്രധാന കാരണക്കാര്‍ രോഹിത്തും കോലിയും തന്നെയാവുമെന്നതില്‍ സംശയമില്ല.എന്താണ് സംഭവിക്കുകയെന്നു കാത്തിരുന്നു തന്നെ കാണാം