പ്രൊവിഡന്‍സ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തിരിക്കുകയാണ്. 68 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സില്‍ കൂടാരം കയറി. മഴ ഇടക്കിടെ പെയ്ത മത്സരത്തില്‍ ഇന്ത്യ ത്രില്ലിങ് ജയമാണ് നേടിയെടുത്തത്. ഇന്ത്യക്കായി സ്പിന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 57 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ സൂര്യകുമാര്‍ യാദവ് 47 റണ്‍സും നേടി മിന്നിച്ചു. എന്നാല്‍ വിരാട് കോലി മാത്രം നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഡെക്കായ കോലി ഇംഗ്ലണ്ടിനെതിരേ 9 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരമായ കോലി മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറിയിരിക്കുകയാണ്. ഇത്തവണ ഓപ്പണര്‍ റോളിലെത്തിയതാണ് കോലിക്ക് തിരിച്ചടിയായത്.
മൂന്നാം നമ്പറിലെ മികവ് ഓപ്പണിങ്ങില്‍ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ കോലി തനിക്ക് വഴങ്ങാത്ത ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതാണ് പ്രകടനം മോശമാവാന്‍ കാരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. 'കോലിയുടെ ശൈലിയും കളിയും ഇതല്ല. അവന്‍ നേരത്തെ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. ഒരുവശത്ത് രോഹിത് ശര്‍മ ആക്രമിച്ച് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമയമെടുത്ത് കോലി ഇന്നിങ്‌സ് പടുക്കാനാണ് ശ്രമിക്കേണ്ടത്.
പരമ്പരാഗത ഷോട്ടുകള്‍ കളിക്കാന്‍ കോലിക്ക് കഴിവുണ്ട്. ആ ശൈലിയില്‍ കളിക്കാനാണ് അവന്‍ ശ്രമിക്കേണ്ടത്. എന്നാല്‍ തന്റെ പരിമിതിക്ക് പുറത്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നു. അവന് തിരിച്ചുവരാന്‍ താളം കണ്ടെത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അവന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഷോട്ടുകള്‍ വഴങ്ങാത്തതാണ്. അത് കളിക്കേണ്ടത് മികച്ച ഫോമില്‍ നില്‍ക്കുന്ന സമയങ്ങളിലാണ്. എന്നാല്‍ റണ്‍സ് വരാത്ത പ്രയാസമുള്ള സാഹചര്യങ്ങളില്‍ ഇത്തരത്തിലുള്ള ഷോട്ടുകള്‍ ആവശ്യമില്ല'- രവി ശാസ്ത്രി പറഞ്ഞു.

ഓപ്പണറാവുമ്പോള്‍ ആക്രമിച്ച് കളിക്കുകയെന്നത് സ്വാഭാവികമായ ഉത്തരവാദിത്തമാണ്. കാരണം പവര്‍പ്ലേ മുതലാക്കേണ്ടത് ടി20യില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ കോലി ഇതിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നു. കോലി പിച്ചിന്റെ സ്വഭാവം മനസിലാക്കി പതിയെ നിലയുറപ്പിച്ച് പിന്നീട് കടന്നാക്രമിക്കുന്ന താരമാണ്. എന്നാല്‍ ഇപ്പോഴത്തെ കോലിയുടെ ശൈലി കടന്നാക്രമണമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കോലി ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നു.
ബംഗ്ലാദേശിനെതിരേയും ഇംഗ്ലണ്ടിനെതിരേയും കോലി പുറത്തായത് ഏറെക്കുറെ ഒരേ ശൈലിയിലാണെന്ന് പറയാം. ക്രീസില്‍ നിന്ന് കയറിക്കളിച്ച കോലിക്ക് ടൈമിങ് കിട്ടാതെ വന്നതോടെ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. കോലിയുടെ ശൈലിക്ക് യോജിച്ചതല്ല നിലവിലെ അദ്ദേഹത്തിന്റെ പ്രകടനമെന്ന് പറയാം. കോലി ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. എന്നാല്‍ ഓപ്പണിങ്ങില്‍ ഈ ശൈലി പ്രയാസമാണ്. അതുകൊണ്ടുതന്നെ കോലി നിരാശപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ഓഡറും വലിയൊരു കാരണമാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ കോലി ഫോമിലേക്കെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യ നന്നായി പ്രയാസപ്പെട്ടേക്കും. കാരണം ഇത്തവണ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള ടീം ദക്ഷിണാഫ്രിക്കയാണ്. മാര്‍ക്കോ യാന്‍സന്‍, കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവരെല്ലാം അനുഭവസമ്പന്നരായ അനുഭവസമ്പത്തും മികച്ച റെക്കോഡുമുള്ള ബൗളര്‍മാരാണ്. ഇവരെല്ലാം ഫോമിലുമാണെന്നതാണ് എടുത്തു പറയേണ്ടത്.
അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കൂട്ടിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക വരുന്നത്. തബ്രൈസ് ഷംസിയുടെ കൈക്കുഴ സ്പിന്നിനെ നേരിടുകയും പ്രയാസമാണ്. ഈ സാഹചര്യത്തില്‍ കോലിയെപ്പോലൊരു സീനിയര്‍ താരം അവസരത്തിനൊത്ത് ഉയരണം. മികച്ച തുടക്കം ലഭിക്കാത്ത പക്ഷം ഇന്ത്യ പതറാനാണ് സാധ്യത കൂടുതല്‍.