ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 9ന് നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആരാവും ജയിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ പാകിസ്താന്റെ ടീം കരുത്തിലേക്ക് വരുമ്പോള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത് ബൗളര്‍മാരുടെ മികവിലേക്കാണ്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, ഹാരിസ് റഊഫ്, നസീം ഷാ എന്നീ ശക്തമായ താരങ്ങളാണ് പാകിസ്താന്റെ പേസ് നിരയിലുള്ളത്.
ഇന്ത്യയെ ഇത്തവണ പാകിസ്താന്റെ പേസര്‍മാര്‍ വിറപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുഹമ്മദ് അമീര്‍ കൂടി തിരിച്ചെത്തിയതോടെ പാകിസ്താന്റെ പേസാക്രമണം അതിശക്തമായിരിക്കുകയാണ്. എന്നാല്‍ പാകിസ്താന്റെ പേസ് നിരയെ തിരഞ്ഞെടുത്തത് റോള്‍ മനസിലാക്കാതെയാണെന്നും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പറായ റാഷിദ് ലത്തീഫ്. 'പാകിസ്താന്റെ ബൗളര്‍മാരെല്ലാം പരിക്കിന്റെ പ്രയാസം നേരിടുന്നവരാണ്.
ഷഹിന്‍ ഷാ അഫ്രീദി, നസീം, റഊഫ്, ഷദാബ് എന്നിവരെല്ലാം പരിക്കിന് ശേഷം വരുന്നവരാണ്. ഇമാദ് വാസിമും പരിക്കിന്റെ പ്രശ്‌നം നേരിടുന്നു. പാക് ബൗളര്‍മാരുടെ ഫിറ്റ്‌നസ് വലിയ പ്രശ്‌നമാണ്. വസിം അക്രം, വഖാര്‍ യൂനിസ്, മുഹമ്മദ് ആസിഫ് എന്നിവരെ ഇപ്പോള്‍ പരിഗണിച്ചാലും ഇവരെക്കാള്‍ മികച്ച ഫിറ്റ്‌നസുണ്ടാവും. ഇവര്‍ പരിക്കിനെത്തുടര്‍ന്ന് മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയത് അപൂര്‍വ്വമായാണ്. എന്നാല്‍ ഇപ്പോഴത്തെ താരങ്ങള്‍ ടി20 ലീഗുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു.
മുഹമ്മദ് അമീറിനേയും ഇമാദ് വാസിമിനേയും പാക് ടീമിലേക്ക് തിരികെ വിളിച്ചു. ഇവര്‍ സമീപകാലത്തെല്ലാം പിഎസ്എല്ലില്‍ മാത്രമാണ് കളിച്ചിരുന്നത്. പവര്‍പ്ലേയില്‍ പന്തെറിയാന്‍ കഴിവുള്ള പേസര്‍മാരാണ് പാക് ടീമിലുള്ളത്. എന്നാല്‍ മധ്യനിരയില്‍ പന്തെറിയാന്‍ സാധിക്കുന്നവനാരാണ്. ഒരേ റോള്‍ ചെയ്യാന്‍ സാധിക്കുന്ന നാല് പേസര്‍മാരെക്കൊണ്ട് കാര്യമെന്താണ്. ഇന്ത്യന്‍ ടീമിനെ മാതൃകയാക്കൂ. അക്ഷര്‍, കുല്‍ദീപ്, ജഡേജ, ചഹാല്‍ എന്നിവരെല്ലാം മധ്യ ഓവറുകളില്‍ മികവ് കാട്ടുന്ന സ്പിന്നര്‍മാരാണ്.

പാകിസ്താന്‍ അബ്രാര്‍ അഹമ്മദിനെ കൂടുതല്‍ പിന്തുണക്കണം. ഷദാബ് ഖാന്‍ മധ്യ ഓവറുകളില്‍ റണ്‍സ് വഴങ്ങിയാല്‍ പാക് ടീം പ്രയാസപ്പെടും' റാഷിദ് ലത്തീഫ് പറഞ്ഞു. എന്നാല്‍ പാകിസ്താന്റെ പേസര്‍മാരെല്ലാം ടി20യില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ ഇവരെല്ലാം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. പാകിസ്താന്റെ ദൗര്‍ബല്യം ബാറ്റിങ് നിരയിലാണ്. നായകന്‍ ബാബര്‍ ആസമിലേക്കാണ് എല്ലാ പ്രതീക്ഷയും.
ബാബറും മുഹമ്മദ് റിസ്വാനും ഫ്‌ളോപ്പായാല്‍ പാകിസ്താന്റെ ബാറ്റിങ് നിര തകര്‍ന്നടിയാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമിനെപ്പോലെ സംതുലിതമായ നിരയാണ് പാകിസ്താനെന്ന് പറയാനാവില്ല. അവസാന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തുവിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയോട് പകരം വീട്ടേണ്ടത് പാകിസ്താനെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. പക്ഷെ പാക് ടീമിന് ദൗര്‍ബല്യങ്ങളേറെയാണെന്നാണ് മുന്‍ പാക് താരം തന്നെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പാകിസ്താന്റെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരുമെന്നുറപ്പാണ്. അനുഭവസമ്പന്നരായ താരങ്ങളാണ് പാക് പേസ് നിരയിലുള്ളത്. ഷഹിന്‍ ഷാ അഫ്രീദിയും മുഹമ്മദ് അമീറും ഏത് വമ്പന്‍ ബാറ്റിങ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ പേസര്‍മാരാണ്. നസീം ഷായെപ്പോലെ അതിവേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള യുവ താരം എതിര്‍ ടീമുകള്‍ക്ക് വലിയ തലവേദനയാണ്.
അതിവേഗത്തില്‍ പന്തെറിയുന്നവരാണ് പാക് താരങ്ങള്‍. അമേരിക്കന്‍ പിച്ചിന്റെ സ്വാഭാവിക വേഗവും ബൗണ്‍സും പാക് പേസര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. അമേരിക്കന്‍ പിച്ചിന്റെ സ്വഭാവത്തിന് അനുയോജ്യമായ പേസ് നിരയാണ് പാകിസ്താന്റെയെങ്കിലും ഫോമിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും പാകിസ്താന്‍ വലിയ പ്രകടനം തന്നെ ഇത്തവണ കാഴ്ചവെക്കുമെന്നാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്.