For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: എന്തുകൊണ്ട് തോറ്റു? കാരണം ഐസിസിയുടെ പിഴവ്! വിമര്‍ശിച്ച് റാഷിദ്

ടറൗബ: ടി20 ലോകകപ്പിലെ ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് അഫ്ഗാനിസ്ഥാന്‍ പുറത്തായിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 11.5 ഓവറില്‍ 56 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 67 പന്തും 9 വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനേയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍.

എന്നാല്‍ സെമിയില്‍ നാണംകെട്ട് ടീം തോറ്റു. അഫ്ഗാന്റെ തോല്‍വിക്ക് പിന്നാലെ ഐസിസിയുടെ മത്സരക്രമത്തെ വിമര്‍ശിച്ചിരിക്കുകയാണ് അഫ്ഗാന്‍ നായകനും സൂപ്പര്‍ സ്പിന്നറുമായ റാഷിദ് ഖാന്‍. 'നാല് മണിക്കൂറോളമാണ് വിമാനം വൈകിയത്. ഒരു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഇതൊട്ടും എളുപ്പമല്ല' റാഷിദ് പറഞ്ഞു. ഐസിസി ഇന്ത്യക്കൊഴികെ മറ്റ് ടീമുകള്‍ക്കെല്ലാം ഒരുക്കിയ മത്സര ക്രമം അല്‍പ്പം ബുദ്ധിമുട്ടുള്ളതാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യക്ക് ലഭിക്കുന്നത് പോലെ അടുത്തടുത്ത വേദികളിലല്ല മറ്റ് ടീമുകള്‍ക്ക് മത്സരം ലഭിച്ചിരിക്കുന്നത്. ഐസിസിയുടെ മത്സരക്രമത്തിനെതിരേ മൈക്കല്‍ വോണും രംഗത്തെത്തി. 'തിങ്കളാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ യോഗ്യത നേടുന്നത്. ചൊവ്വാഴ്ചയാണ് ട്രിനിഡാഡിലേക്കുള്ള വിമാനമുണ്ടായിരുന്നത്. ഇത് നാല് മണിക്കൂര്‍ വൈകുകയും ചെയ്തു. ഇതോടെ ആവശ്യത്തിന് വിശ്രമമോ പരിശീലനമോ നടത്താന്‍ അവര്‍ക്ക് ലഭിച്ചില്ല. പുതിയ പിച്ചിനെക്കുറിച്ച് പഠിക്കാനുള്ള സമയം പോലും ലഭിച്ചില്ല.

താരങ്ങളെ ബഹുമാനിക്കാത്ത രീതി എന്നെ ഭയപ്പെടുത്തുന്നു. ഈ സെമി ഫൈനല്‍ ഗുയാനയില്‍ നടന്നിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മത്സരത്തിനായി മറ്റ് ടീമുകളെ പ്രയാസപ്പെടുത്തുന്നു' മൈക്കല്‍ വോണ്‍ പറഞ്ഞു. അഫ്ഗാന്‍ ടീം ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ചരിത്ര സെമിയിലേക്കെത്തിയത്. എന്നാല്‍ സെമിയില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കാതെ ടീമിന് തോല്‍ക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്ക അനായാസ ജയമാണ് നേടിയെടുത്തത്.

afg vs sa in t20 wc semi final

ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ശക്തമായ ബൗളിങ് കരുത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചേസ് ചെയ്ത് ജയിക്കാനാവില്ലെന്ന കണക്കുകൂട്ടലില്‍ നിന്നാണ് അഫ്ഗാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷെ ഈ തീരുമാനം പാളി. തുടക്കം മുതല്‍ അഫ്ഗാന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 10 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

റഹ്‌മാനുല്ല ഗുര്‍ബാസ് (0), ഇബ്രാഹിം സദ്രാന്‍ (2), ഗുല്‍ബാഡിന്‍ നയ്ബ് (9), മുഹമ്മദ് നബി (0), റാഷിദ് ഖാന്‍ (8) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള അഫ്ഗാന്റെ ശ്രമമാണ് പാളിയത്. പിച്ചില്‍ നല്ല ബൗണ്‍സും സ്വിങ്ങുമുണ്ടായിരുന്നു. ഇത് മുതലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പേസ് നിരയിലെല്ലാവരും തിളങ്ങി. മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി. കഗിസോ റബാഡയും ആന്‍ റിച്ച് നോക്കിയേയും രണ്ട് വിക്കറ്റും വീഴ്ത്തി.

ഇടം കൈയന്‍ സ്പിന്നറായ തബ്രൈസ് ഷംസി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. എന്തായാലും അഫ്ഗാന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ബാറ്റിങ് നിര അമ്പേ നിരാശപ്പെടുത്തിയതാണ് അഫ്ഗാന് തിരിച്ചടിയായത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍ ആരാണെന്നത് ഇന്നത്തെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം തീരുമാനിക്കും.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം വന്നാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മത്സരം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ഫൈനലിലേക്കെത്താന്‍ സാധിക്കും. മഴമാറി നിന്ന് മികച്ചൊരു പോരാട്ടം തന്നെ നടക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Story first published: Thursday, June 27, 2024, 12:04 [IST]
Other articles published on Jun 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+