ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഇടം പിടിക്കുമോ? ഇതേക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ഐപിഎല്‍ സീസണ്‍ പകുതിയോടു അടുക്കവെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് രാഹുലാണ്. സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ പതറിയെങ്കിലും ഇപ്പോള്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
സ്ലോ ബാറ്റിങായിരുന്നു ടി20യില്‍ രാഹുലിന്റെ ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന കളിയില്‍ 53 ബോളില്‍ 82 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം തനിക്കു അതിവേഗ ബാറ്റിങും വഴങ്ങുമെന്നു തെളിയിച്ചിരുന്നു. പക്ഷെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ഇടം പിടിക്കാനുള്ള സാധ്യത 50-50 മാത്രമാണെന്നാണ് ഉത്തപ്പ ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുയും ചെയ്തിരിക്കുകയാണ്.

ലോകകപ്പില്‍ രാഹുല്‍ ഇന്ത്യന്‍ നിരയിലുണ്ടാവുമെന്നു ഇപ്പോഴും ഉറപ്പൊന്നുമില്ല. രാഹുല്‍ ടീമിലെത്താനുള്ള സാധ്യത 50-50 മാത്രമാണ്. രണ്ടു കാര്യങ്ങളെ ആശ്രയിച്ചായിരിക്കും അത്. ഒന്നു അദ്ദേഹത്തിന്റെ ആരോഗ്യം തന്നെയാണ്. രണ്ടാമത്തെ കാര്യം ഇനിയുള്ള കുറച്ച് ആഴ്ചകള്‍ കൂടി രാഹുലിനു ഇതേ രീതിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമോയെന്നതാണ്.
അവസാനത്തെ മൂന്ന്- നാലു മല്‍സരങ്ങളുല്‍ അത്യുജ്വലമായിട്ടാണ് അദ്ദേഹം ബാറ്റ് വീശിയത്. ബാറ്റിങില്‍ സ്വതസിദ്ധമായ താളത്തിലും ബോളിന്റെ മെറിറ്റിന് അനുസരിച്ച് കളിക്കുകയും ചെയ്താല്‍ രാഹുല്‍ ക്ലാസ് പ്ലെയറാണ്. ബാറ്റിങ് വളരെ മികച്ചതായാണ് കാണപ്പെടുന്നത്. ആനന്ദകരമായി ഒരു അനുഭവമായി ബാറ്റിങ് മാറ്റിയെടുക്കുന്ന ഒരാളും കൂടിയാണ് രാഹുലെന്നും ഉത്തപ്പ വിശദമാക്കി.
ക്രിക്കറ്റിലെ പരമ്പരാഗതമല്ലാത്ത ഷോട്ടുകള്‍, അപ്പര്‍ കട്ട്, എക്‌സ്ട്രാ കവറിനു മുകളിലൂടെ ബാക്ക്ഫൂട്ട് പഞ്ചിലൂടെയുള്ള സിക്‌സര്‍ തുടങ്ങിയ രാഹുലിന്റെ ഷോട്ടുകള്‍ കാണുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. എങ്ങനെയാണ് ഇവന്‍ ഇതൊക്കെ കളിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്. അസാധാരണമായ പ്രതിഭയാണ് രാഹുലിനുള്ളത്. ഒരുപാട് സമയമെടുത്ത് അദ്ദേഹം കളിക്കുകയും ചെയ്യുന്നു. സ്വന്തം കഴിവില്‍ രാഹുല്‍ വിശ്വസിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെന്നൈയുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ 80 പ്ലസ് സ്‌കോറോടെ ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്ണെടുത്ത താരമായും രാഹുല്‍ മാറിയിരുന്നു. നേരത്തേ തലപ്പത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനെ പിന്തള്ളിയാണ് രാഹുല്‍ തലപ്പത്തേക്കു കയറിയത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 40.85 ശരാശരിയില്‍ 143 സ്‌ട്രൈക്ക് റേറ്റോടെ 286 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
റോയല്‍സുമായുള്ള സീസണിലെ ആദ്യ കളിയിലെ ഫിഫ്റ്റിക്കു ശേഷം ഒരു ഫിഫ്റ്റി പോലും നേടാനാവാതെ വലഞ്ഞ രാഹുല്‍ കഴിഞ്ഞ ദിവസം സിഎസ്‌കെയ്‌ക്കെതിരേ ഇതിനു ബ്രേക്കിടുകയായിരുന്നു. 2022ല്‍ ഓസ്‌ട്രേലിയ വേദിയായ അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
പക്ഷെ അന്നു സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് രാഹുല്‍ കളിച്ചത്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണറായി ഇറങ്ങുകയായിരുന്നു. ടൂര്‍ണമന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 21.33 ശരാശരിയില്‍ 120.75 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ നേടിയത് 128 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമായിരുന്നു ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.