ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കുന്നത് കാത്തിരിക്കുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കസറുന്ന സഞ്ജുവിനു തീര്‍ച്ചയായും ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. അതിനിടെയാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നു ചോപ്ര തുറന്നടിച്ചിരിക്കുന്നത്.
സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കവെയാണ് സഞ്ജു ടീമില്‍ നിര്‍ബന്ധമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. റിഷഭ് പന്തിനെയാണ് തന്റെ ലോകകപ്പ് സ്‌ക്വാഡിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ചോപ്ര തിരഞ്ഞടുത്തിരിക്കുന്നത്. രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഞാന്‍ ആദ്യം തിരഞ്ഞടുക്കുക റിഷഭിനെയാണ്. അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. എങ്കിലും റിഷഭ് ഇടംകൈയനും തുറുപ്പുചീട്ടും എല്ലാമാണ്.

റിഷഭിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണ്. മാത്രമല്ല വിക്കറ്റ് കീപ്പിങും നന്നായി ചെയ്തു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലെ ആദ്യ വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉള്‍പ്പെടുത്തും. രണ്ടാമത്തെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു കെഎല്‍ രാഹുലും സഞ്ജു സാംസണുമാണ് മല്‍സരിക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.
രാഹുല്‍, സഞ്ജു ഇവരില്‍ ആരു തിരഞ്ഞെടുക്കപ്പെട്ടാലും ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ ആരെ ഉള്‍പ്പെടുത്തിയാലും ഒരു വ്യത്യാസവും സംഭവിക്കാന്‍ പോവുന്നില്ല. ഞാന്‍ നേരത്തേ കരുതിയത് ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ എത്തിയേക്കുമെന്നാണ്.
രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ അവന്‍ മികച്ച പ്രകടനം നടത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ഇന്ത്യന്‍ ടീമിനു ആവശ്യമുള്ള പൊസിഷനില്‍ തന്നെ ജുറേലിനു കളിക്കാനും സാധിക്കുമായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ബാറ്റിങില്‍ കാര്യമായ പ്രകടനങ്ങള്‍ കണ്ടില്ലെന്നും ചോപ്ര വിലയിരുത്തി.

ജിതേഷ് ശര്‍മയാവട്ടെ ഈ ഐപിഎല്ലില്‍ റണ്‍സുമെടുക്കുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹവും ലോകകപ്പ് ടീമിലേക്കുള്ള റേസില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ ഓപ്പണിങ് ബാറ്ററായതിനാല്‍ നേരത്തേ തന്നെ റേസില്‍ ഇല്ല. രാഹുലും ഓപ്പണറായിട്ടാണ് ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിച്ചിരുന്നു. സഞ്ജുവിന്റെ കാര്യമെടുത്താലും അദ്ദേഹം റോയല്‍സില്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
സഞ്ജു, രാഹുല്‍ ഇവരില്‍ ആരെ ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാക്കണമെന്നതു സെലക്ടര്‍മാര്‍ തീരുമാനിക്കപ്പെട്ടെ. ആരായാലും എനിക്കു കുഴപ്പമില്ല. സഞ്ജുവിനെയാണ് തിരഞ്ഞടുക്കുന്നതില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യും. ഇനി രാഹുലാണ് ടീമിലെത്തുന്നതെങ്കില്‍ അതിനെയും ഞാന്‍ സ്വാഗതം ചെയ്യും. കാരണം ഇവര്‍ക്കു ടീമില്‍ ഇടം ലഭിക്കുക മാത്രമേ ചെയ്യുകയുള്ളൂ. രണ്ടില്‍ ആരെത്തിയാലും കളിക്കാന്‍ പോവുന്നില്ല. എങ്കിലും എന്റെ മനസ്സ് പറയുന്നത് രാഹുലായിരിക്കും ടീമില്‍ ഇടം പിടിക്കുകയെന്നാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ചോപ്രയുടെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് (വിക്കറ്റ്കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.