ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുകയാണ്. നിലവില്‍ ഈ സ്ഥാനത്തേക്കു ഒരു താരത്തിനും മുന്‍തൂക്കം അവകാശപ്പെടാനില്ല. അതുകൊണ്ടു തന്നെ ആര്‍ക്കും വിക്കറ്റ് കീപ്പര്‍ റോളിലേക്കു നറുക്കുവീഴാം. ഇഷാന്‍ കിഷന്‍, മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നീ മൂന്നു പേര്‍ക്കൊപ്പം നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി രംഗത്തുണ്ട്.
നേരത്തേ ഇഷാനും ജിതേഷും തമ്മിലായിരുന്നു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. കാരണം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ഇവരായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടായിരുന്നത്. ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഇവര്‍ തന്നെയാവും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാവുകയെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ അഫ്ഗാനിസ്താനുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇഷാന്‍ ടീമിനു പുറത്താവുകയും പകരം സഞ്ജു ടീമിലേക്കു വരികയും ചെയ്തതോടെ ഈ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുകയാണ്. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവാന്‍ സഞ്ജുവിനും അവസരമുണ്ടെന്നാണ് സെലക്ടര്‍മാരുടെ ഈ നീക്കം തെളിയിക്കുന്നത്. രാഹുലാവട്ടെ കുറച്ചു കാലമായി ടി20യില്‍ കളിച്ചിട്ടില്ല. പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ അദ്ദേഹം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇനി ടി20യിലും ഈ റോളാണ് താരം നോട്ടമിടുന്നത്.
അതിനിടെ ടി20 ലോകകപ്പില്‍ ആരാവണം ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്നു പറഞ്ഞിരിക്കുകയാണ് ആരാധകര്‍. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് രാഹുല്‍, സഞ്ജു, ഇഷാന്‍, ജിതേഷ് ഇവരില്‍ ആരാവണം വിക്കറ്റ് കീപ്പറെന്നു ആരാധകരോടു ചോദിച്ചത്. ഇതിനോടു അവര്‍ നന്നായി പ്രതികരിക്കുകയും ചെയ്തു. ആരാധകരില്‍ ഭൂരിഭാഗം പേരും രണ്ടു താരങ്ങളെയാണ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു നിര്‍ദേശിച്ചത്.
സഞ്ജു സാംസണ്‍ തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം. ചെറിയൊരു വിഭാഗം കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി വേണമെന്നു ആവശ്യപ്പെടുന്നവരാണ്. പക്ഷെ ഇഷാന്‍, ജിതേഷ് എന്നിവര്‍ വിക്കറ്റ് കീപ്പറാവണമെന്നു ചുരുക്കം ചിലര്‍ മാത്രമേ അഭിപ്രായപ്പെട്ടുള്ളൂ
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ തന്നെ വിക്കറ്റ് കാക്കണം. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റുള്ള മൂന്നു പേരോടും വിരോധമൊന്നുമില്ല. പക്ഷെ ഈ റോളിക്കു ഏറ്റവും ബെസ്റ്റ് സഞ്ജുവാണ്. അദ്ദേഹത്തേക്കാള്‍ നന്നായി ഒരു താരത്തിനും ലോകകപ്പില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. സഞ്ജുവിനെ തഴഞ്ഞ് ബിസിസിഐ ഒരിക്കല്‍ക്കൂടി മണ്ടത്തരം കാണിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി വരേണ്ടത് കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ്. സഞ്ജു സാംസണിനെ ടീമിലെടുക്കേണ്ട ആവശ്യമില്ല. കാരണം ഐപിഎല്ലില്‍ മാത്രമേ അദ്ദേഹം നന്നായി കളിക്കാറുള്ളൂ. ജിതേഷ് ശര്‍മയാവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയര്‍ന്നു വരുന്നേയുമുള്ളൂ. വിദേശത്തു സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളെയാണ് ലോകകപ്പില്‍ ആവശ്യമെന്നും ആരാധകര്‍ പറയുന്നു.
കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍. ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ ഈ നാലു പേരും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. പക്ഷെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കുറഞ്ഞത് 400 റണ്‍സെങ്കിലും നേടുന്ന താരമായിരിക്കണം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവേണ്ടത്. ഇവരില്‍ ആരാണ് ഇന്ത്യക്കു ബെസ്റ്റെന്നു ഐപിഎല്ലില്‍ നമുക്കു തീരുമാനിക്കാമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പറാവേണ്ടത്. അദ്ദേഹത്തിനു വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റാന്‍ കഴിയും. ജിതേഷ് ശര്‍മയും ഇതേ കഴിവുള്ള താരമാണെങ്കിലും സഞ്ജുവിനോളം അനുഭവസമ്പത്തില്ല. ഇഷാന്‍ കിഷനാവട്ടെ ലോവര്‍ ഓര്‍ഡറില്‍ കളിക്കാന്‍ മിടുക്കനല്ല. കെഎല്‍ രാഹുലിന്റെ പ്രശ്‌നം സ്ലോ ബാറ്റിങാണ്. ഈ കാരണങ്ങള്‍ തന്നെ വിക്കറ്റ് കീപ്പറായി സഞ്ജു മതി. ബാക്കപ്പായി ജിതേഷിനെയും പരിഗണിക്കാമെന്നും ആരാധകര്‍ പറയുന്നു.