T20 World Cup 2024: ഇന്ത്യക്ക് സര്‍പ്രൈസ് ഓപ്പണിങ്ങോ? ടീമിന്റെ പദ്ധതി എന്ത്? വ്യക്തമാക്കി ദ്രാവിഡ്
മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പോരാട്ടം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീമിന്റെ കരുത്ത് സന്നാഹ മത്സരത്തിലൂടെത്തന്നെ വ്യക്തമാണ്. ഇത്തവണ സംതുലിതമായ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യ കിരീട ഫേവറേറ്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണെ ഓപ്പണറാക്കിയതും റിഷഭ് പന്ത് മൂന്നാം നമ്പറില്‍ കളിച്ചതുമെല്ലാം ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം ഉണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജയ്‌സ്വാളിനെ ഇന്ത്യ പ്ലേയിങ് 11ന് പുറത്തിരുത്തി പകരം രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.
ഇപ്പോഴിതാ ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. 'ഇന്ത്യക്ക് നിരവധി കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഞങ്ങളുടെ പദ്ധതി എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും യശ്വസി ജയ്‌സ്വാളുമുണ്ട്. ഇവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍മാരാണ്. മൂന്ന് പേരെയെങ്കിലും ഒരു സ്ഥാനത്തേക്ക് കണ്ടാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്.
സാഹചര്യത്തിനനുസരിച്ച് ടീം തിരഞ്ഞെടുത്ത് നടത്തും. ടോപ് ഓഡറില്‍ ഇത്തവണ പ്രതീക്ഷയുള്ള നിരവധി താരങ്ങളുണ്ട്' ദ്രാവിഡ് പറഞ്ഞു. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി ഓപ്പണറായി എത്തിയേക്കുമെന്ന വ്യക്തമായ സൂചനയാണ് ദ്രാവിഡ് നല്‍കിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓപ്പണറായ കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയിരുന്നു. അതുകൊണ്ടുതന്നെ കോലിയെ ഓപ്പണറാക്കണമെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്.

ഇന്ത്യക്ക് എല്ലാ ലോകകപ്പുകളിലും ശക്തമായ താരനിരയുണ്ട്. എന്നാല്‍ ഏറെ നാളുകളായി ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2013ലാണ് അവസാനമായി ഇന്ത്യ ഐസിസി ട്രോഫി നേടിയത്. ഇതിന് ശേഷം പല ലോകകപ്പിലും ഫൈനലിലെത്തിയെങ്കിലും കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇപ്പോഴിതാ ഐസിസി ട്രോഫികളില്‍ ഇന്ത്യക്ക് കിരീടം നേടാനാവാത്തതിന്റെ കാരണം മോശം ക്രിക്കറ്റ് കളിച്ചതല്ലെന്നാണ് ദ്രാവിഡ് പറയുന്നത്.
'ലോകകപ്പില്‍ ഇന്ത്യ മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ചു. മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലിലേക്കെത്തിയത്. ഇന്ത്യന്‍ ടീം മികച്ച പ്രകടനം ലോകകപ്പുകളില്‍ നടത്തുന്നില്ലെന്ന് പറയാനാവില്ല. പ്രധാനപ്പെട്ട നോക്കൗട്ട് മത്സരങ്ങളുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്നത് വസ്തുതയാണ്.
എന്നാല്‍ ലോകകപ്പിലെ ആകെ പ്രകടനം നോക്കുമ്പോള്‍ വളരെ മികച്ചതാണ്. ഇത്തവണയും മികച്ച ക്രിക്കറ്റ് കളിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ടീം ഇറങ്ങുന്നത്' ദ്രാവിഡ് പറഞ്ഞു. ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിയും. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. വീണ്ടും അപേക്ഷ നല്‍കില്ലെന്നും ഇത്തവണത്തെ ലോകകപ്പോടെ പരിശീലകസ്ഥാനമൊഴിയുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ ടി20 ലോകകപ്പ് പല കാരണങ്ങളാല്‍ ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ദ്രാവിഡിനെ കിരീടെേത്താ യാത്രയാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ഇത്തവണത്തെ ലോകകപ്പ് പ്രധാനപ്പെട്ടതാണ്. ഈ ലോകകപ്പോടെ രോഹിത് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയേക്കും. വിരാട് കോലിയും ടി20 ഫോര്‍മാറ്റ് മതിയാക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications