ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലേക്കാണ്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ 60 റണ്‍സ് ജയത്തോടെ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ മികവ് ലോകകപ്പിലെ മത്സരങ്ങളില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യ-പാക് ചിരവൈരി പോരാട്ടം 9ന് ന്യൂയോര്‍ക്കിലാണ് നടക്കാന്‍ പോകുന്നത്. വമ്പന്‍ പോരാട്ടത്തിലേക്ക് എല്ലാവരും ഉറ്റുനോക്കവെ ആശങ്ക അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. മണലിന്റെ അംശം കൂടുതലുള്ള പിച്ചാണ് ദ്രാവിഡിന്റെ ആശങ്കയ്ക്ക് കാരണം. 'ന്യൂയോര്‍ക്കിലെ പിച്ച് കഠിനമായതല്ല. പന്തിന്റെ ചലനം കൃത്യമായി മനസിലാക്കാനാവില്ല. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. വലിയ മത്സരങ്ങളെ അത് ബാധിക്കും.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും പിച്ചിനെ നന്നായി മനസിലാക്കി കളിച്ചു' ദ്രാവിഡ് പറഞ്ഞു. പാകിസ്താന്‍ ഇത്തവണ കരുത്തുറ്റ ബൗളിങ് നിരയോടെയാണ് വരുന്നത്. ബാബര്‍ ആസം നയിക്കുന്ന പാക് നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ പേസ് നിരയില്‍ പാകിസ്താന്റെ ശക്തി. എന്നാല്‍ പാകിസ്താന്‍ ബാറ്റിങ് കരുത്താണ് പ്രശ്‌നം.
ബാബര്‍ അസം, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം അടങ്ങുന്ന പാകിസ്താന്റെ ബാറ്റിങ് നിര ഫോമിലേക്കെത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഷഹാദ് ഖാന്‍, ഇമാദ് വാസിം എന്നിവരുടെ ഓള്‍റൗണ്ട് മികവും പാകിസ്താന് കരുത്ത് പകരും. ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ഇടം കൈയന്‍ പേസര്‍മാരാണ്. പാകിസ്താന്‍ ടീമില്‍ ഷഹിന്‍ ഷാ അഫ്രീദി ഇന്ത്യയുടെ ടോപ് ഓഡറിന് എത്രത്തോളം ഭീഷണിയാണെന്ന് കഴിഞ്ഞ ടി20 ലോകകപ്പില്‍ തെളിയിച്ചതാണ്.

ഇത്തവണ മുഹമ്മദ് അമീറും കൂടി ചേരും. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെയെല്ലാം വിറപ്പിച്ച ചരിത്രമുള്ള പേസറാണ് അമീര്‍. രണ്ട് ഇടം കൈയന്‍മാരും ന്യൂബോളില്‍ പന്തെടുക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര വിയര്‍ത്തേക്കും. പിച്ചില്‍ നല്ല ടേണും സ്വിങ്ങുമുണ്ട്. പേസര്‍മാര്‍ക്ക് അനുകൂലമാകുന്ന എക്‌സ്ട്രാ ബൗണ്‍സുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ഇന്ത്യ ഓപ്പണറാക്കുകയും ഇരുവരും പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ പുറത്താവുകയും ചെയ്താല്‍ ഇന്ത്യ ബുദ്ധിമുട്ടും. ഹാര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും സന്നാഹ മത്സരത്തില്‍ തിളങ്ങിയിരുന്നു. ഇതേ മികവ് അവര്‍ മത്സരത്തിലും തുടരേണ്ടതായുണ്ട്. അതേ സമയം ശിവം ദുബെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലിലെ അവസാന മത്സരങ്ങളിലെ മോശം ഫോമില്‍ നിന്ന് ശിവം ദുബെക്ക് കരകയറാനായിട്ടില്ല.
ഇന്ത്യ ഇത്തവണ സംതുലിതമായ താരനിരയാണ്. നാല് സ്പിന്നര്‍മാരെ പരിഗണിച്ചിരിക്കുന്ന ഏക ടീം ഇന്ത്യയാണ്. സന്നാഹ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പേസര്‍മാര്‍ക്കും പിച്ചില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. ജസ്പ്രീത് ബുംറക്കൊപ്പം ഇടം കൈയനായ അര്‍ഷ്ദീപ് സിങ് പേസറായി എത്താനാണ് സാധ്യത കൂടുതല്‍. മൂന്നാം പേസറായി ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരും പ്ലേയിങ് 11ലെത്താന്‍ സാധ്യതയുണ്ട്.
അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പകരം വീട്ടാനുറച്ചാവും ഇത്തവണ പാകിസ്താന്റെ വരവ്. ബാബര്‍ ആസം നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ പാകിസ്താന്‍ ഒത്തിണക്കത്തിലേക്ക് വന്നിട്ടുണ്ട്. ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പാകിസ്താന്‍ ടീമിന് സാധിക്കുമെന്നുറപ്പാണ്.