ഗുയാന: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. മഴയുടെ വെല്ലുവിളി മറികടന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 103 റണ്‍സിനാണ് കൂടാരം കയറിയത്. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ഇന്ത്യയുടെ ഫോം വിലയിരുത്തുമ്പോള്‍ കിരീട പ്രതീക്ഷ വാനോളമാണ്.
നായകന്‍ രോഹിത് ശര്‍മയും ഫോമിലേക്കെത്തിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. എന്നാല്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുന്നത് വിരാട് കോലിയുടെ മോശം ഫോമാണ്. ടി20 ലോകകപ്പില്‍ ഗംഭീര ബാറ്റിങ് റെക്കോഡുള്ള കോലിക്ക് ഇത്തവണത്തെ ലോകകപ്പില്‍ ഒന്നും ചെയ്യാനായിട്ടില്ല. ബംഗ്ലാദേശിനെതിരായ പ്രകടനം മാത്രമായിരുന്നു ഭേദപ്പെട്ടത്. ബാക്കിയെല്ലാ മത്സരത്തിലും കോലി വന്‍ ഫ്‌ളോപ്പായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 9 റണ്‍സാണ് കോലി നേടിയത്.
ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കോലിക്ക് മികവിലേക്കുയരാന്‍ സാധിക്കാത്തത് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഡെക്കിനാണ് കോലി പുറത്തായത്. ഓപ്പണറാവുമ്പോള്‍ കോലിക്ക് മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ ഇന്ത്യ കോലിയെ ഓപ്പണിങ്ങില്‍ വീണ്ടും വീണ്ടും പരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ തിളങ്ങാനാവാത്തത് കോലിയേയും കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച് ക്ലീന്‍ബൗള്‍ഡായാണ് കോലി പുറത്തായത്.
വിക്കറ്റ് പോയ നിരാശയില്‍ കോലി സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് ഡ്രസിങ് റൂമിലേക്ക് പോയത്. ഡ്രസിങ് റൂമില്‍ കോലി കരഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോലിയെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആശ്വസിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കോലിയെ വളരെ നിരാശനായാണ് കാണപ്പെട്ടത്. കോലിയില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുമ്പോഴും അദ്ദേഹത്തിന് മികവിനൊത്ത് ഉയരാനാവുന്നില്ല.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം ഫോമിലുള്ളത് കോലിയാണെന്ന് പറയാം. എന്നാല്‍ കളത്തിനുള്ളില്‍ കോലി വലിയ ആവേശത്തോടെയായിരുന്നു ഉണ്ടായിരുന്നത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ ആക്രമണോത്സകത കാട്ടാന്‍ കോലിക്ക് സാധിച്ചു. വിക്കറ്റ് നേട്ടങ്ങളും ജയവും വലിയ ആവേശത്തോടെയാണ് കോലി ആഘോഷിച്ചത്. എന്നാല്‍ ബാറ്റിങ്ങിലെ മോശം ഫോം അദ്ദേഹത്തെ മാനസികമായി പ്രയാസപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാണ്.
മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കരയുന്ന വീഡിയോ പുറത്തുവന്നിരുന്നു. കൈമൂടി കരയുന്ന രോഹിത്തിനെ ചിരിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന വിരാട് കോലിയേയും കാണാനായി. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് നാണംകെടുത്തിയിരുന്നു. ഇതിന് മറുപടി പറയാന്‍ ഇന്ത്യക്ക് സാധിച്ചു. അന്നത്തെ തോല്‍വിയില്‍ നായകനായ രോഹിത് സങ്കടംകൊണ്ട് കരഞ്ഞപ്പോള്‍ ഇത്തവണ സന്തോഷത്താലാണ് കരഞ്ഞത്.
ഫൈനലില്‍ കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്ത് ശക്തമാണ്. മാര്‍ക്കോ യാന്‍സന്‍, ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര എല്ലാ വമ്പന്മാരേയും വിറപ്പിക്കാന്‍ ശേഷിയുള്ളതാണ്. തബ്രൈസ് ഷംസിയുടെ സ്പിന്‍ ബൗളിങ് മികവും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നു. ഈ വെല്ലുവിളി മറികടക്കാന്‍ കോലി ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യ തോല്‍വി അറിയാതെ ഫൈനലിലെത്തിയെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ മികവ് കാട്ടുന്നുണ്ട്. എന്നാല്‍ റിഷഭ് പന്തും ശിവം ദുബെയും മോശം പ്രകടനമാണ് നടത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യ കസറുന്നുണ്ട്. രവീന്ദ്ര ജഡേജയും ഫോമിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം ഫോമിലേക്കെത്താതെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുക പ്രയാസമായിരിക്കും.