ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ സൗത്താഫ്രിക്ക ഏകപക്ഷീയമായ വിജയവുമായി ഫൈനലിലേക്കു മുന്നേറിയതിനു പിന്നാലെ പിച്ചിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ആവേശകരമാവുമെന്നു പ്രതീക്ഷിക്കപ്പെട്ട സെമിയില്‍ അഫ്ഗാനിസ്താനെതിരേ വളരെ അനായാസമാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് എയ്ഡന്‍ മാര്‍ക്രും ടീമും സ്വന്തമാക്കിയത്.
ട്രിനിഡാഡില്‍ നടന്ന സെമിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. 11.5 ഓവറില്‍ വെറും 56 റണ്‍സിനാണ് അവര്‍ കൂടാരം കയറിയത്. അസ്മത്തുള്ള ഒമര്‍സായ് (10) ഒഴികെ മറ്റാരും രണ്ടക്കം തികച്ചതുമില്ല. റണ്‍ചേസില്‍ 8.5 ഓവറില്‍ ഒരു വിക്കറ്റിനു സൗത്താഫ്രിക്ക വിജയത്തിലെത്തുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പിച്ചിനെതിരേ സിദ്ധു രംഗത്തുവന്നത്.

ഇതു വെറുമൊരു സംഭവമല്ല. മോശം പിച്ച് കാരണം നിങ്ങള്‍ക്കു അസാധാരണമായ രീതിയില്‍ ചില വിക്കറ്റുകള്‍ കിട്ടിയാല്‍ മനസ്സിലാവും. എന്നാല്‍ ഈ സെമി ഫൈനലിലേക്കു നോക്കിയാല്‍ ചില ബോളുകള്‍ പിച്ച് ചെയ്ത ശേഷം കുത്തിയുയര്‍ന്നു ബാറ്റര്‍മാരുടെ ദേഹത്തേക്കു വരുന്നതു നമ്മള്‍ കണ്ടു.
നേരത്തേ നസ്സാവു കൗണ്ടിയിലും (അമേരിക്ക) ഇതു സംഭവിച്ചിരുന്നു. ഈ ടി20 ലോകകപ്പിനെ നിറം കെടുത്തിയ ഏക കാര്യം പിച്ച് മാത്രമാണ്. സംഭവിച്ചത് സംഭവിച്ചു, എന്നാല്‍ ഭാവിയിലൊരിക്കലും ഇതു നടക്കാന്‍ പാടില്ല. ക്രിക്കറ്റെന്ന ഗെയിമിന്റെ ത്രില്ലാണ് ഇത്തരം പിച്ചുകള്‍ നശിപ്പിക്കുന്നതെന്നും സിദ്ധു ചൂണ്ടിക്കാട്ടി.
സെമി ഫൈനലിനെ പിച്ചിനെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്ന ആദ്യത്തെയാളല്ല അദ്ദേഹം. അഫ്ഗാനിസ്താന്‍ ടീമിന്റെ മുഖ്യ കോച്ച് ജൊനാതന്‍ ട്രോട്ട്, സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ തുടങ്ങി നിരവധി പേര്‍ ഇതിനകം പിച്ചിനെ രൂക്ഷമായി വിമര്‍ശിച്ചുകഴിഞ്ഞു.
അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഗയാനയില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിനെക്കുറിച്ചും ഷോയില്‍ സിദ്ധു സംസാരിച്ചു. ഈ മല്‍സരത്തിനു ശക്തമായ മഴഭീഷണിയാണുള്ളത്. മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്കു ഫൈനലിലേക്കു നേരിട്ടു യോഗ്യതയും ലഭിക്കും. നേരത്തേ സൂപ്പര്‍ എട്ടില്‍ പോയിന്റ് പട്ടികയില്‍ ഒന്നംസ്ഥാനത്തു ഇന്ത്യ ഫിനിഷ് ചെയ്തതാണ് കാരണം.

ഗയാനയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനില്‍ 40 ഓവര്‍ മല്‍സരം തന്നെ കാണാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സിദ്ധു പറഞ്ഞു. ഒന്നുകില്‍ മുഴുവന്‍ ഓവറും മല്‍സരം വേണം. അല്ലെങ്കില്‍ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ട് ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടണം.
മഴ തടസപ്പെടുത്തിയ ശേഷമുള്ള 5-7 ഓവര്‍ മല്‍സരങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കു ആഗ്രഹമില്ല. ഗയാനയില്‍ ബോള്‍ ടേണ്‍ ചെയ്യുകയും താഴ്ന്നു പോവുകയും ചെയ്യും. 140-150 റണ്‍സ് ഇവിടെ വളരെ താല്‍പര്യമുണര്‍ത്തുന്ന സ്‌കോറായിരിക്കുമെന്നും സിദ്ധു വിശദമാക്കി.
അതേസമയം, 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം. അന്നു ഇന്ത്യയെ പത്തു വിക്കറ്റിനു മുക്കിയാണ് ഇംഗ്ലീഷ് ടീം ഫൈനലിലേക്കും പിന്നീട് കിരീടത്തിലേക്കും കുതിച്ചത്. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഗയാനയില്‍ ലഭിച്ചിരിക്കുന്നത്.