ഐസിസിയുടെ ടി20 ലോകകപ്പ് ആറു മാസത്തിനകം നടക്കാനിരിക്കവെ ഇന്ത്യന്‍ ടീമിനു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേല്‍. ഐപിഎല്ലിനു പിന്നാലെ അടുത്ത വര്‍ഷം ജൂണിലാണ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. അതിനു മുമ്പ് വെറും രണ്ടു ടി20 പരമ്പരകള്‍ മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ.
സൗത്താഫ്രിക്കയുമായി ഈ മാസം മൂന്നു ടി20കളുടെ പരമ്പരയും അഫ്ഗാനിസ്താനെതിരേ ജനുവരിയില്‍ മൂന്നു ടി20കളുടെ പരമ്പരയുമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കവെ ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും വലിയ കടമ്പയെന്നു പാര്‍ഥീവ് നിരീക്ഷിച്ചു.

ഇന്ത്യയെ സംബന്ധിച്ച് എല്ലായ്‌പ്പോഴുമുള്ള വെല്ലുവിളിയെന്നത് ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ്. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍ ഇതു കൂടുതല്‍ വെല്ലുവിളിയാവും. നമ്മുടെ പക്കല്‍ ഇനി തയ്യാറെടുപ്പിനായി അധികം ടി20 മല്‍സരങ്ങളുമില്ല. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം കളിക്കുകയാണെങ്കില്‍ അഫ്ഗാനിസ്താനുമായി മൂന്നു ടി20കളെക്കുറിച്ചാണ് നമുക്കു പറയാനുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യ ഈ പരമ്പര തീര്‍ച്ചയായും ഗൗരവമായി പരിഗണിക്കണമെന്നും ക്രിക്ക്ബസിന്റെ ഷോയില്‍ പാര്‍ഥീവ് വ്യക്തമാക്കി.
അതല്ലെങ്കില്‍ ഐപിഎല്ലില്‍ ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ അവരെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഇന്ത്യക്കു ആലോചിക്കാം. പക്ഷെ ഐപിഎല്‍ സീസണ്‍ പകുതിയാവുമ്പോഴേക്കും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്‌നം.
അതു തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്. ആരൊക്കെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ വേണ്ടതെന്നും അവരെ അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ വേണമോയെന്ന കാര്യവും ടീം പ്രഖ്യാപനത്തിനു മുമ്പ് ഇന്ത്യ ആലോചിക്കുമെന്നു എനിക്കുറപ്പാണ്. ഇതു കുഴപ്പിക്കുന്ന സാഹചര്യമാണെന്നും പാര്‍ഥീവ് നിരീക്ഷിച്ചു.
ഒരു വര്‍ഷത്തിനിടെ ഇന്ത്യക്കു വേണ്ടി രണ്ടു ടി20 മല്‍സരങ്ങളില്‍ മാത്രമേ ജസ്പ്രീത് ബുംറ കളിച്ചിട്ടുള്ളൂ. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമാവട്ടെ ഒരു വര്‍ഷത്തോളമായി ദേശീയ ടീമിനു വേണ്ടി ഒരു ടി20 മല്‍സരം പോലും കളിച്ചിട്ടുമില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ വന്‍ പരാജയത്തിനു ശേഷം ഇരുവരും ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. രവീന്ദ്ര ജഡേജയാവട്ടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം ടി20യില്‍ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെയാണ് അദ്ദേഹം മടങ്ങിവരുന്നത്.

ഈ യുവ ടീമുമായി പോവുമ്പോഴും ഇന്ത്യ കൂടുതല്‍ ഓപ്ഷനുകളിലേക്കു നോക്കുകയാണ്. ഇന്ത്യയില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒരിക്കലും കുറവുണ്ടായിട്ടില്ല. ഒരുപാട് പേരുണ്ടെന്നതാണ് ഇന്ത്യക്കു എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുകയെന്നത് എപ്പോഴും ബുദ്ധിമുട്ടായി മാറാറുണ്ട്.
ഏതൊക്കെ ടൂര്‍ണമെന്റുകളില്‍ കളിച്ചാലും ഇന്ത്യക്കു പ്രതിഭകളുടെ കുറവ് ഉണ്ടാവാറില്ല. തന്ത്രപരമായാണ് ഇന്ത്യ പിന്നിലായിപ്പോവാറുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലും 2021ലെ ടി20 ലോകകപ്പ് സെമിയിലുമെല്ലാം ഇതു കാണാം. കഴിഞ്ഞ ടി20 ലോകകപ്പില്‍ കാലഹരണപ്പെട്ട ടി20 ഗെയിമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. 2019ലെ ലോകകപ്പിലെ പ്രശ്‌നം നാലാം നമ്പര്‍ ബാറ്ററുടെ കാര്യത്തിലായിരുന്നുവെന്നും പാര്‍ഥീവ് വിലയിരുത്തി.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആരു നയിക്കുമെന്ന കാര്യത്തില്‍പ്പോലും ഇന്ത്യക്കു വ്യക്തതയില്ല. രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും കോച്ചെന്നു ഞാന്‍ ഊഹിക്കുന്നു. അക്കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ക്യാപ്റ്റന്‍ ആരായിരിക്കുമെന്നു നമുക്കറിയില്ല. ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമെന്നു താന്‍ കരുതുന്നതായും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.