Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പരിഹസിക്കേണ്ട, ടി20 ലോകകപ്പില്‍ ഹാര്‍ദിക് കസറും; പിന്തുണച്ച് പാര്‍ഥിവ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും പരിഹാസവും നേരിട്ട താരമാണ് മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതോടെയാണ് ഹാര്‍ദിക്കിനെതിരേ ആരാധക പ്രതിഷേധമുയര്‍ന്നത്. മുംബൈയില്‍ ഹാര്‍ദിക്കിനെ ആരാധകര്‍ കൂവുന്ന സാഹചര്യം പോലുമുണ്ടായി. ഇതെല്ലാം ഹാര്‍ദിക്കിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

ഓള്‍റൗണ്ടറെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലെ പ്രകടനങ്ങള്‍ വിലയിരുത്തി ഹാര്‍ദിക് ടി20 ലോകകപ്പിലും നിരാശപ്പെടുത്തുമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. ഹാര്‍ദിക്കിന് ഇന്ത്യ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കിയപ്പോള്‍ത്തന്നെ അദ്ദേഹത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹാര്‍ദിക് ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാര്‍ഥിവ് പട്ടേല്‍.

മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ പാര്‍ഥിവ് ഹാര്‍ദിക് ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളവനാണെന്നാണ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തിയാല്‍ തികച്ചും വ്യത്യസ്തനായ കളിക്കാരനാണ് ഹാര്‍ദിക് പാണ്ഡ്യ. ഗംഭീരമായി തിരിച്ചുവരാന്‍ അവന്‍ കഴിവുണ്ട്. ഐപിഎല്ലില്‍ അവന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണവന്‍.

പന്തുകൊണ്ടും വലിയ ബാറ്റിങ് പ്രകടനംകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള മറ്റൊരു ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ല. വെസ്റ്റ് ഇന്‍ഡീസിലെ പിച്ചില്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായക പ്രകടനം നടത്താനാവും' പാര്‍ഥിവ് പറഞ്ഞു. എന്നാല്‍ ഹാര്‍ദിക്കില്‍ നിന്ന് അത്ഭുതകരമായ പ്രകടനം പ്രതീക്ഷിക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാര്‍ദിക്കും ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചും വിവാഹ ബന്ധം വേര്‍പെടുത്തിയെന്നാണ് വിവരം.

hardik pandya

ഹാര്‍ദിക്കും നഡാഷയും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് സൂചിപ്പിക്കുന്ന പല തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നഡാഷ തന്റെ ഇന്‍സ്റ്റഗ്രാമിലെ പേരില്‍ നിന്ന് പാണ്ഡ്യയുടെ പേര് നീക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇപ്പോള്‍ ഹാര്‍ദിക്കിനൊപ്പമല്ല നഡാഷ താമസിക്കുന്നത്. നഡാഷ ആണ്‍സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. നഡാഷയുമായുള്ള കുടുംബ പ്രശ്‌നമാണ് ഹാര്‍ദിക്കിന്റെ മോശം ഐപിഎല്‍ സീസണിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അങ്ങനെ വന്നാല്‍ ഹാര്‍ദിക്കിന്റെ ടി20 ലോകകപ്പിലെ പ്രകടനവും മോശമാവും. ഇന്ത്യക്കൊപ്പം ഹാര്‍ദിക് നിരാശപ്പെടുത്തിയാല്‍ ലോകകപ്പില്‍ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്. ഇന്ത്യ മൂന്നാം പേസറായി ഹാര്‍ദിക്കിനെ കണക്കുകൂട്ടിയാവും ഇറങ്ങുക. അങ്ങനെ വരുമ്പോള്‍ ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമുണ്ടാവാതെ പോയാല്‍ ടീമിന്റെ സ്‌കോറിനെയാകെ അത് കാര്യമായി ബാധിക്കും. ഐപിഎല്ലില്‍ ഉണ്ടായ അനാവശ്യ വിവാദങ്ങള്‍ ഹാര്‍ദിക്കിനെ ബാധിച്ചിരുന്നു.

ഇപ്പോള്‍ ടി20 ലോകകപ്പിലും ഹാര്‍ദിക്കിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കിയാല്‍ അദ്ദേഹത്തിന്റെ പ്രകടനത്തെയത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. നായകന്‍ രോഹിത് ശര്‍മക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിന് ശേഷം പല താരങ്ങളുടേയും പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ശിവം ദുബെയെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും താരത്തിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

ബൗളിങ് നിരയില്‍ നാല് സ്പിന്നര്‍മാര്‍ ഇന്ത്യക്കുണ്ട്. പേസ് നിരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും സ്ഥിരതയോടെ പന്തെറിയുമോയെന്നതും കണ്ടറിയണം. ടീമെന്ന നിലയില്‍ ഇന്ത്യ സംതുലിതമാണ്. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

Story first published: Sunday, May 26, 2024, 14:49 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+