T20 World Cup 2024: 2026ലെ കപ്പ് പാകിസ്താന് തന്നെ! ഉറപ്പിച്ചു? ഈ കാരണം, വൈറല്‍ പോസ്റ്റ്
ടീം ഇന്ത്യയുടെ കിരീടധാരണത്തോടെ കരീബിയന്‍ മണ്ണില്‍ ടി20 ലോകകപ്പിനു കൊടിയിറങ്ങിയിരിക്കുകയാണ്. ഇനി രണ്ടു വര്‍ഷത്തോളം കാത്തിരിപ്പിന്റേതാണ്. 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഫൈനലുള്‍പ്പെടെ പ്രധാനപ്പെട്ട മല്‍സരങ്ങള്‍ക്കെല്ലാം വേദിയായേക്കുക ഇന്ത്യ തന്നെയാവും. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.
പക്ഷെ പാകിസ്താനാണ് അടുത്ത ടി20 ലോകകപ്പ് നേടുകയെന്നുള്ള ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അറിയപ്പെടുന്ന പാക് മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാനാണ് എക്‌സിലൂടെ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. ഇതിനു പിന്നിലെ രസകരമായ കാരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഫാന്‍സിനെ ഈ പോസ്റ്റ് ക്ഷുഭിതരാക്കുകയും അവര്‍ അതിനു താഴെ പൊങ്കാലയിടുകയും ചെയ്തിരിക്കുകയാണ്.

2007ലെ ടി20 ലോകകപ്പില്‍ ജേതാക്കളായത് ഇന്ത്യയാണ്. 2009ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. 2024ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയിരിക്കുകയാണ്. 2026ലെ ടി20 ലോകകപ്പ് പാകിസ്താനായിരിക്കുമെന്നാണ് ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ പോസ്റ്റിനു താഴെ അദ്ദേഹത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.
സ്വപ്‌നം കാണുന്നത് നല്ല കാര്യമാണന്നും സ്വപ്‌നം കാണുന്നത് ആരോഗ്യത്തിനു നല്ലതാണെന്നുമെല്ലാം ആരാധകര്‍ പരിഹസിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഫൈനലില്‍ കടന്നിരുന്നു. ഇതിനു ശേഷമാണ് 2008ല്‍ വിജയികളുമായയത്. പക്ഷെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഗ്രൂപ്പുഘട്ടം പോലും കടന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നത് അവസാനിപ്പിക്കൂയെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
2026ലെ ടി20 ലോകകപ്പില്‍ അമേരിക്കയുടെ ഗ്രൂപ്പിലാണെങ്കില്‍ അവരോടു എങ്ങനെ ജയിക്കാമെന്നു ആദ്യം പാകിസ്താന്‍ ആലോചിക്കൂ. കൂടാതെ നിങ്ങളെ തകര്‍ത്തുവിടാന്‍ സിംബാബ്‌വെ, ഉഗാണ്ട എന്നീ ടീമുകളും തയ്യാറെടുക്കുന്നുണ്ടെന്നും ആരാധകര്‍ പരിഹസിച്ചു. ബാബര്‍ ആസം നയിക്കുന്ന ഇപ്പോഴത്തെ ടീമിനെ വച്ചാണോ 2026ല്‍ പാകിസ്താന്‍ ലോക കിരീടം നേടാന്‍ പോവുന്നത്? അതൊരിക്കലും നടക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇത്തവണത്തെ ടി20 ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തിയാണ് പാകിസ്താന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും പാകിസ്താന്‍ ഉറപ്പായും സൂപ്പര്‍ എട്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വലിയൊരു ഷോക്കോടെയാണ് അവര്‍ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിച്ച അമേരിക്കയ്ക്കു മുന്നില്‍ പാകിസ്താന്‍ കീഴടങ്ങുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ നടന്ന ആവേശകരമായ മല്‍സരം ടൈയില്‍ കലാശിക്കുകയും തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ പാകിസ്താനെ അമേരിക്ക മലര്‍ത്തിയടിക്കുകയുമായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യയായിരുന്നു പാക് ടീമിന്റെ എതിരാളികള്‍. ഈ മല്‍സരതില്‍ ആറു റണ്‍സിനു ബാബറും സംഘവും കീഴടങ്ങുകയായിരുന്നു. ഇതോടെ പാകിസ്താന്‍ പുറത്താവലിന്റെ വക്കിലുമെത്തി.
അടുത്ത രണ്ടു മല്‍സരങ്ങളില്‍ കാനഡയെ ഏഴു വിക്കറ്റിനും അയര്‍ലാന്‍ഡിനെ മൂന്നു വിക്കറ്റിനും അവര്‍ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ എട്ടില്‍ കടക്കാനായില്ല. ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ അമേരിക്ക രണ്ടാംസ്ഥാനക്കാരായും സൂപ്പര്‍ എട്ടില്‍ കടന്നു. മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട പാക് ടീം നാട്ടിലേക്കും മടങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications