മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ പാകിസ്താനെ സംബന്ധിച്ച് ഇത്തവത്തെ ടി20 ലോകകപ്പ് അത്ര മികച്ചതെല്ലന്നു നിസംശയം പറയാം. സൂപ്പര്‍ എട്ടില്‍ അവര്‍ക്കു ഇപ്പോഴും സ്ഥാനമുറപ്പില്ല. ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലുമേറ്റ തോല്‍വികളാണ് ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയത്. യഥാര്‍ഥത്തില്‍ പാക് ടീം ഇത്രയും വലിയ ഫ്‌ളോപ്പാവാനുള്ള കാരണമെന്താണെന്നു അറിയാം.
ടി20 ഫോര്‍മാറ്റില്‍ ഏതൊരു കളിയുടെയും വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറുന്ന ഒരു കാര്യം പവര്‍പ്ലേ ബാറ്റിങാണ്. എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാന്‍ സഹായിക്കുന്നത് ഇന്നിങ്‌സിന്റെ തുടക്കത്തിലുള്ള ആദ്യത്തെ ഈ ആറോവറുകളാണ്. ഫീല്‍ഡിങ് നിയന്ത്രണമുള്ളതിനാല്‍ ഈ ആനുകൂല്യം ബാറ്റിങ് ടീം ശരിക്കും മുതലെടുക്കേണ്ടതുണ്ട്. പക്ഷെ ഇവിടെയാണ് പാക് ടീം തികഞ്ഞ പരാജയമായി മാറിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളലും മികച്ചൊരു പവര്‍പ്ലേ സ്‌കോര്‍ പാകിസ്താനു ചൂണ്ടിക്കാണിക്കാനില്ല. ചെറുടീമുകളായ അമേരിക്ക, കാനഡ എന്നിവര്‍ക്കെതിരേ പോലും പാക് ടീമിനു പവര്‍പ്ലേയില്‍ നല്ലൊരു സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതു അവരുടെ മുന്‍നിര ബാറ്റര്‍മാരുടെ ദൗര്‍ബല്യം തന്നെയാണ്. അയര്‍ലാന്‍ഡുമായുള്ള അവസാന ലീഗ് മല്‍സരത്തിലെങ്കിലും ഈ പോരായ്മ പാക് പട മറികടന്നേ തീരൂ.
അമേരിക്കയുമായുള്ള ആദ്യ മാച്ചില്‍ മൂന്നു വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ തന്നെ പാകസ്താന്‍ കളഞ്ഞുകുളിച്ചത്. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് റിസ്വാന്റെ (9) വിക്കറ്റ് അവര്‍ കൈവിട്ടു. അടുത്ത ഓവറില്‍ വണ്‍ഡൗണായി ബാറ്റിങിന് ഇറങ്ങിയ ഉസ്മാന് ഖാന്റെ (3) വിക്കറ്റും നഷ്ടപ്പെടുത്തി. അഞ്ചാം ഓവറില്‍ ഫഖര്‍ സമാനും (11) പുറത്താവുകയായിരുന്നു. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ പാക് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് മൂന്നു വിക്കറ്റിനു 30 റണ്‍സ് മാത്രം.
വലിയൊരു സ്‌കോര്‍ നേടി അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകിസ്താനു സാധിക്കാതെ പോയതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. 159 റണ്‍സ് മാത്രമേ പാക് ടീമിനു നേടാനായുള്ളു. തുടര്‍ന്നു മല്‍സരം ടൈയാവുകയും സൂപ്പര്‍ ഓവറില്‍ പാകിസ്താനെ അമേരിക്ക മലര്‍ത്തിയടക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കെതിരായ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ പവല്‍പ്ലേയില്‍ പാകിസ്താനു സ്‌കോര്‍ ചെയ്യാനായത് 35 റണ്‍സായിരുന്നു. ഒരു വിക്കറ്റും ഇതിനിടെ കൈവിട്ടു. അഞ്ചാം ഓവറില്‍ നായകന്‍ ബാബറാണ് (13) പുറത്തായത്. അതിനു മുമ്പ് തന്നെ റിസ്വാനും പുറത്താവേണ്ടതായിരുന്നു. പക്ഷെ മൂന്നാം ഓവറില്‍ അദ്ദേഹത്തിന്റെ അനായാസ ക്യാച്ച് ശിവം ദുബെ പാഴാക്കുകയായിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറും മാത്രമാണ് പവര്‍പ്ലേയില്‍ പാക് ബാറ്റര്‍മാര്‍ നേടിയത്.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ബാബര്‍- റിസ്വാന്‍ ജോടിയാണ് പാകിസ്താനു വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ കാനഡയുമായുള്ള അവസാന മല്‍സരത്തില്‍ ഓപ്പണിങ് ജോടിയില്‍ പാക് ടീം മാറ്റം വരുത്തിയെങ്കിലും കാര്യമുണ്ടായില്ല. റിസ്വാന്റെ ഓപ്പണിങ് പങ്കാളിയായി വന്നത് യുവ ഇടംകൈയന്‍ ബാറ്റര്‍ സയീം അയൂബാണ്. പക്ഷെ ഈ ജോടിയും ഫ്‌ളോപ്പായി.
പവര്‍പ്ലേയില്‍ ഒരു വിക്കറ്റിനു 28 റണ്‍സ് മാത്രമേ ടീം നേടിയുള്ളൂ. അഞ്ചാം ഓവറില്‍ അയൂബിനെയാണ് (6) പാക് ടീമിനു നഷ്ടമായത്. പവര്‍പ്ലേയില്‍ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ പാക് ടീമിനു ടൂര്‍ണമെന്റില്‍ മുന്നേറാന്‍ സാധിക്കൂയെന്നുറപ്പാണ്.