ടി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന്‍ ടീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി. ഐസിസി ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനും ഇത്തവണ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. നിലവിലെ റണ്ണറപ്പ് കൂടിയാണ് പാക് പട. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ അവര്‍ ഇംഗ്ലണ്ടിനോടു കലാശപ്പോരില്‍ കീഴടങ്ങുകയായിരുന്നു.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീം പാകിസ്താനാണെന്നാണ് അഫ്രീഡി ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ ഏതു ക്രിക്കറ്റ് ടീമിനെയെടുത്താലും ഇത്രയും ശക്തമായ ബൗളിങ് നിര മറ്റാര്‍ക്കുമില്ല. ഞങ്ങളുടെ നാലു ഫാസ്റ്റ് ബൗളര്‍മാരും ഒരുപാട് കഴിവുള്ളവരാണ്. മാത്രമല്ല ബെഞ്ചിലിരിക്കുന്ന അബ്ബാസ് അലി പോലും വളരെയധികം മിടുക്കനായ ബൗളറാണ്.

ഇത്രയും കഴിവുറ്റ ബൗളര്‍മാര്‍ ഈ ലോകകപ്പില്‍ ലോകോത്തര ബാറ്റര്‍മാര്‍ക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്യും. എല്ലാവര്‍ക്കും വളരെ വലിയ ഉത്തരവാദിത്വം തന്നെയാണുള്ളതെന്നും അഫ്രീഡി വ്യക്തമാക്കി. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഷദാബ് ഖാനെയും അദ്ദേഹം പ്രശംസിക്കാന്‍ മറന്നില്ല.
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ എഡ്ബാസ്റ്റണില്‍ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഷദാബ് ബൗളിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. കളിയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നു മാത്രമല്ല നാലോവറില്‍ 55 റണ്‍സും താരം വിട്ടുകൊടുത്തു. ഈ ഫോര്‍മാറ്റില്‍ ഷദാബിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്. പക്ഷെ ലോകകപ്പില്‍ ഷദാബ് ടീമിനു വേണ്ടി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് അഫ്രീഡി. ടൂര്‍ണമെന്റില്‍ താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നു താന്‍ അതിയായി ആഗ്രഹിക്കുന്നതായും അഫ്രീഡി പറയുന്നു.
ലോകകപ്പില്‍ ബോള്‍ കൊണ്ട് ഷദാബ് ഖാന്‍ പാകിസ്താനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ബൗളിങില്‍ അവന്‍ എപ്പോഴെല്ലാം തിളങ്ങിയിട്ടുണ്ടോ അപ്പോഴെല്ലാം പാകിസ്താന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഷദാബിന്റെ ഇതുവരെയുള്ള എല്ലാ മല്‍സരങ്ങളും കണ്ടിട്ടുള്ളയാളാണ് ഞാന്‍. കഴിഞ്ഞ ദിവസം ഞങ്ങള്‍ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു.
ക്രിക്കറ്റില്‍ ആരാണ് വഴി കാട്ടുന്നതെന്നു ഞാന്‍ ഷദാബിനോടു ചോദിച്ചിരുന്നു. കൂടാതെ എന്തുകൊണ്ടാണ് നീ ഇത്തരത്തിലുള്ള പിഴവുകള്‍ വരുത്തുന്നതെന്നും ആരും പറഞ്ഞു തരാനില്ലേയെന്നും ഞാന്‍ ചോദിച്ചു. ഷദാബ് മോശം സമയത്തിലൂടെ കടന്നു പോവുന്നതിനാലാണ് ഞാന്‍ വിളിച്ച് സംസാരിച്ചത്.

കളിക്കാര്‍ക്കു മോശം സമയമുണ്ടാവുമ്പോള്‍ അവരെ എല്ലായ്‌പ്പോഴും സഹായിക്കാനും പ്രചോദിപ്പിക്കാനുമാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഷദാബിനോടു സംസാരിക്കുകയും എന്താണ് യഥാര്‍ഥ പ്രശ്‌നമെന്നു തിരക്കുകയും ചെയ്തത്. ഞാന്‍ പറഞ്ഞു കൊടുത്തിട്ടുള്ള കാര്യങ്ങള്‍ പരിശീലന സെഷനുകളില്‍ അവന്‍ ചെയ്യുകയാണൈങ്കില്‍ പ്രകടനത്തില്‍ നിങ്ങള്‍ക്കു വ്യത്യാസം കാണാന്‍ സാധിക്കുമെന്നും അഫ്രീഡി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്
ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്, അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രീഡി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാന്‍.