T20 World Cup 2024: കോലിയോട് ചിലര്‍ക്ക് പക, ഒരു കാര്യം മറക്കരുത്- മുന്‍ പാക് താരം പറയുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ 1നാണ് ആരംഭിക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കൈവിട്ട ഇന്ത്യക്ക് എന്ത് വിലകൊടുത്തും ടി20 ലോകകപ്പ് നേടേണ്ടതായുണ്ട്. ഇത്തവണ കരുത്തുറ്റ താരനിരയെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കും.
മികച്ച ചില യുവതാരങ്ങള്‍ ടി20യില്‍ വളര്‍ന്നത് ഇന്ത്യയുടെ സാധ്യത ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളെ തഴഞ്ഞ് യുവതാരങ്ങളെ മാത്രം പരിഗണിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇന്ത്യ വിരാട് കോലിയെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞേക്കുമെന്നാണ് വിവരം. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും സ്ലോ പിച്ചാണുള്ളത്. അതുകൊണ്ടുതന്നെ കോലിക്ക് തിളങ്ങാനാവില്ലെന്ന വിലയിരുത്തലിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയിരിക്കുകയാണ്.
കോലിയെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് തഴയാനൊരുങ്ങുന്നതിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. പല പ്രമുഖരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോലിയെ തഴയാനുള്ള നീക്കത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍. 'സമീപകാലത്തുകൂടി ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് കോലി. അവന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നത് ശരിയല്ല.
ഇക്കാര്യത്തില്‍ പുനര്‍ചിന്ത ഉണ്ടാവുമെന്നാണ് കരുതുന്നത്. കോലിയില്ലാതെ ഇന്ത്യന്‍ ടീമിന് പൂര്‍ണ്ണതയിലേക്കെത്താനാവില്ല. കാരണം കോലി വലിയ ബാറ്റ്‌സ്മാനാണ്. അവസാന ഏകദിന ലോകകപ്പില്‍ അവന്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. 3, 4 മത്സരങ്ങളെങ്കിലും കോലിയുടെ മികവില്‍ ഇന്ത്യ ജയിച്ചു. ഓസ്‌ട്രേലിയക്കെതിരേയും ന്യൂസീലന്‍ഡിനെതിരേയും ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായപ്പോഴും ടീമിനെ വിജയത്തിലേക്കെത്തിച്ചത് കോലിയാണ്' ഇര്‍ഫാന്‍ പറഞ്ഞു.
ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സുള്ള താരമാണ് കോലി. 27 മത്സരങ്ങളില്‍ നിന്ന് 81ന് മുകളില്‍ ശരാശരിയില്‍ 1141 റണ്‍സാണ് കോലി നേടിയത്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ചത് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ്. ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റാന്‍ കഴിവുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

രോഹിത് ശര്‍മയാവും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ രോഹിത് രണ്ട് തവണ ഡെക്കായപ്പോള്‍ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തി. എന്നാല്‍ കോലിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇപ്പോള്‍ കോലിയെ ഒതുക്കാനുള്ള ശ്രമം നടക്കുന്നത്. പിന്നില്‍ മുംബൈ ലോബിയുടെ ഇടപെടലാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
2007ലെ ടി20 ലോകകപ്പ് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യയുടെ യുവനിരയാണ് കപ്പടിച്ചത്. ഇതാണ് ഇപ്പോള്‍ ഇന്ത്യ പിന്തുടരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായതിനാല്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് മാത്രം വലിയ പ്രാധാന്യം നല്‍കിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്.
ഈ മികവിന് പകരം വെക്കാനും ടീമിനെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാനും കെല്‍പ്പുള്ള യുവതാരം നിലവില്‍ ഇന്ത്യക്കില്ല. കോലിയുടെ അനുഭവസമ്പത്തിന് പകരംവെക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും കളിച്ച് പരിചയസമ്പത്തുള്ളവര്‍ വളരെ വിരളമാണ്. അതുകൊണ്ടുതന്നെ കോലിയെപ്പോലൊരു സീനിയര്‍ താരത്തെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications