ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ പോര് മുറുകുകയാണ്. ടി20യില്‍ ഏറെ പ്രധാനപ്പെട്ട റോളുകളിലൊന്നായ ഓപ്പണിങിലേക്കും ശക്തമായ മല്‍സരമാണ് നടക്കുന്നത്. ഓപ്പണര്‍മാരില്‍ ഒരു സ്ഥാനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിച്ച ഒരു റോളിലേക്കാണ് പിടിവലി നടക്കുന്നത്. മല്‍സരം പ്രധാനമായും രണ്ടു പേര്‍ തമ്മിലാണ്.
ഒരാള്‍ ബാറ്റിങ് സെന്‍സേഷനും അടുത്ത സൂപ്പര്‍ താരമെന്നും വിളിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലാണെങ്കില്‍ മറ്റൊരാള്‍ ഇടംകൈയന്‍ യുവതാരം യശസ്വി ജയ്‌സ്വാളാണ്. രണ്ടു പേരും ഒരുപോലെ മിടുക്കരായതിനാല്‍ തന്നെ ആരെ കളിപ്പിക്കുമെന്നതു കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. അഫ്ഗാനിസ്താനുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ ഗില്‍ ഓപ്പണറായെത്തിയപ്പോള്‍ രണ്ടാമത്തേതില്‍ ജയ്‌സ്വാളിന്റെ ഊഴമായിരുന്നു.

ടി20 ലോകകപ്പില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഗില്ലല്ല, മറിച്ച് ജയ്‌സ്വാളിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ് റോളില്‍ പെര്‍ഫെക്ടാണ് ഗില്‍. കാരണം ആങ്കറുടെ റോളില്‍ കളിക്കാന്‍ ഈ ഫോര്‍മാറ്റില്‍ മതിയായ സമയമുണ്ട്.
പക്ഷെ ടി20യില്‍ ആങ്കര്‍ക്കു ഒരു റോളുമില്ല. ഓപ്പണര്‍ക്കു ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ ബോളുകള്‍ കളിക്കാനുള്ള അവസരം ലഭിക്കില്ല. തുടക്കത്തില്‍ കുറച്ചു ബോളുകള്‍ നേരിട്ട ശേഷം ക്രീസില്‍ നിലയുറപ്പിക്കുന്ന ശൈലിയാണ് ഗില്ലിന്റേത്. എന്നാല്‍ ജയ്‌സ്വാളിനു ആദ്യ ബോളില്‍ തന്നെ ഫോറോ, സിക്‌സറോ പായിക്കാന്‍ കഴിയും. ടി20യില്‍ ഒരു ഓപ്പണര്‍ക്കു ഏറ്റവുമധികം വേണ്ട കഴിവും ഇതു തന്നെയാണ്.
ജയ്‌സ്വാല്‍ ഓപ്പണറായി വരുമ്പോള്‍ ഇന്ത്യക്കു ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ലഭിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. കാരണം ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ ഇടംകൈയന്‍മാര്‍ അധികമില്ല. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വലംകൈയന്‍മാരാണ്.
ഗില്‍ ഓപ്പണറായാല്‍ ഇന്ത്യയുടെ ടോപ്പ് സിക്‌സിലെ എല്ലാവരും വലംകൈയന്‍മാരായി മാറും. എതിര്‍ ടീം ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തണമെങ്കില്‍ ഇടംകൈയന്‍മാര്‍ കൂടി ബാറ്റിങ് ലൈനപ്പില്‍ ആവശ്യമാണ്. ഈ കാരണത്താല്‍ തന്നെ ജയ്‌സ്വാളിനെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണം.

മൂന്നാമത്തെ കാരണം യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് എതിര്‍ ടീമുകള്‍ക്കു വേണ്ടത്ര ധാരണയില്ലെന്നതാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. എന്നാല്‍ ശുഭ്മന്‍ ഗില്ലാവട്ടെ മൂന്നു ഫോര്‍മാറ്റുകളിലും കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു.
അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കരുത്തും വീക്ക്‌നെസുകളുമെല്ലാം ടീമുകള്‍ക്കു അറിയുകയും ചെയ്യാം. അതിനാല്‍ കൃത്യമായ പ്ലാനിങോടെയായിരിക്കും ഗില്ലിനെതിരേ അവര്‍ ഇറങ്ങുക. ഇതു ഗില്ലിനു സ്‌കോറിങ് കടുപ്പമാക്കുകയും വിക്കറ്റ് നഷ്ടപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യും.
എന്നാല്‍ ജയ്‌സ്വാളിനെക്കുറിച്ചു എതിരാളികള്‍ക്കു വലിയ ധാരണയില്ല. ഇതു താരത്തെ കൂടുകല്‍ അപകടകാരിയാക്കി മാറ്റുകയും ചെയ്യും. ടീം ഇന്ത്യക്കു ടി20 ലോകകപ്പില്‍ സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ജയ്‌സ്വാളിനു കഴിയും.
ഇന്ത്യക്കു വേണ്ടി 16 ടി20 കളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 35.57 ശരാശരിയില്‍ 163.82 സ്‌ട്രൈക്ക് റേറ്റില്‍ 498 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമാണിത്. 100 റണ്‍സാണ് ജയ്‌സ്വാളിന്റെ ഉയര്‍ന്ന സ്‌കോര്‍.