ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശ പോരാട്ടങ്ങള്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ കൂടുതലും അമേരിക്കയിലാണ് നടന്നത്. എന്നാല്‍ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് അമേരിക്കയാണ് വേദിയാകുന്നത്. അമേരിക്കയിലെ പിച്ച് ബാറ്റിങ്ങിന് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ പിച്ച് അല്‍പ്പം കൂടി ബാറ്റിങ്ങിന് അനുകൂലമായതാണ്. സ്പിന്‍ പിച്ചാണെങ്കിലും വെസ്റ്റ് ഇന്‍ഡീസില്‍ മികച്ച ടോട്ടലുകള്‍ പടുത്തുയര്‍ത്താന്‍ സാധിക്കും.
ഇന്ത്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് സൂപ്പര്‍ എട്ടിലേക്കെത്തിയിരിക്കുന്നത്. ഗ്രൂപ്പു ഘട്ടത്തിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ബാറ്റിങ് നിര അല്‍പ്പം ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിങ് നിര ഗംഭീര പ്രകടനവും കാഴ്ചവെച്ചു. സൂപ്പര്‍ എട്ടിലേക്കെത്തുമ്പോള്‍ ഇന്ത്യ ഇതേ പ്ലേയിങ് 11 നിലനിര്‍ത്തുമോ അതോ മാറ്റം കൊണ്ടുവരുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. പല നിര്‍ദേശങ്ങളും പല പ്രമുഖരും മുന്നോട്ട് വെക്കുന്നുണ്ട്.
ഇപ്പോഴിതാ സൂപ്പര്‍ എട്ടില്‍ ഇന്ത്യ തീര്‍ച്ചയായും കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകനും സിഎസ്‌കെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളമിങ്. വിന്‍ഡീസിലെ സ്പിന്‍ സാഹചര്യത്തില്‍ കുല്‍ദീപിനെപ്പോലൊരു സ്പിന്നറെ ടീമിന് ആവശ്യമാണെന്നാണ് ഫ്‌ളമിങ് പറയുന്നത്. 'പിച്ചിന്റെ മുന്‍തൂക്കത്തെ മുതലാക്കാന്‍ ടീമുകള്‍ക്ക് സാധിക്കേണ്ടതായുണ്ട്. എക്‌സ്ട്രാ വിക്കറ്റ് നേടാന്‍ കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് കരുതുന്നത്.
പിച്ചിലെ ടേണ്‍ മുതലാക്കാന്‍ കുല്‍ദീപിന് സാധിക്കും' ഫ്‌ളമിങ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ രവീന്ദ്ര ജഡേജയേയും അക്ഷര്‍ പട്ടേലിനെയുമാണ് സ്പിന്നര്‍മാരായി കളിപ്പിച്ചത്. അമേരിക്കയിലെ ദുഷ്‌കരമായ പിച്ചില്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഇന്ത്യ ജഡേജയേയും അക്ഷറിനേയും കളിപ്പിച്ച് കുല്‍ദീപിനെ പുറത്തിരുത്തിയത്. അമേരിക്കയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളില്ലായിരുന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാരാവും ശോഭിക്കുക. കുല്‍ദീപ് ചൈനാമാന്‍ സ്പിന്നറാണ്. അധികം ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ബൗളിങ് ശൈലിയാണ് കുല്‍ദീപിന്റേത്. അതുകൊണ്ടുതന്നെ കുല്‍ദീപ് പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കൂടുതലാണ്. കുല്‍ദീപിനെ പരിഗണിച്ചാല്‍ ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം. അക്ഷര്‍ പട്ടേല്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയിരുന്നു.
രവീന്ദ്ര ജഡേജക്ക് കാര്യമായ പ്രകടനം നടത്താനായില്ല. എന്നാല്‍ അനുഭവസമ്പന്നനായ ജഡേജയെ ഇന്ത്യ തഴയാന്‍ സാധ്യതയില്ല. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ച് പേസ് നിരയില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ഷ്ദീപ് സിങ് ന്യൂബോളില്‍ തിളങ്ങിയിരുന്നു. ഇടം കൈയന്‍ പേസറെന്ന നിലയില്‍ അര്‍ഷ്ദീപിനെ ഇന്ത്യ പിന്തുണക്കണം. അങ്ങനെ വരുമ്പോള്‍ സിറാജിന് പുറത്തിരിക്കേണ്ടി വരും.
ബാറ്റിങ് നിരയില്‍ ഇന്ത്യ കാര്യമായ മാറ്റം വരുത്തിയേക്കില്ല. വിരാട് കോലി ഓപ്പണറായി തുടരുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിക്കഴിഞ്ഞു. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് ഇടം കൈയന്‍ ബാറ്റ്‌സ്മാനായി തുടരും. നാലാം നമ്പറിലേക്കെത്തുമ്പോള്‍ സൂര്യകുമാര്‍ യാദവ് കളിക്കാനാണ് സാധ്യത. എന്നാല്‍ പരിശീലനത്തിനിടെ സൂര്യകുമാറിന് പരിക്കേറ്റെന്നാണ് വിവരം. അങ്ങനെ വന്നാല്‍ നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിച്ചേക്കും.
അഞ്ചാം നമ്പറില്‍ ശിവം ദുബെ തുടരും. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് ഉപകാരിയായ ദുബെയെ ഇന്ത്യ നിലനിര്‍ത്തിയേക്കും. അമേരിക്കയ്‌ക്കെതിരേ ദുബെ തിളങ്ങിയിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ ബൗളറെന്ന നിലയിലും ഉപകാരിയായതിനാല്‍ ഇന്ത്യ ദുബെയെ പിന്തുണക്കും. ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് മികവ് കാട്ടുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. കുല്‍ദീപ് യാദവിനെ കൊണ്ടുവന്ന് സിറാജിനെ ഒഴിവാക്കി ഇന്ത്യ ഇറങ്ങാനാണ് കൂടുതല്‍ സാധ്യതയെന്ന് പറയാം.