For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവോ, ജിതേഷോ, ഇഷാനോയല്ല! വിക്കറ്റ് കാക്കുക മറ്റൊരാള്‍? വമ്പന്‍ ട്വിസ്റ്റ്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പ്രധാനമായും രണ്ടു പേരാണ് വിക്കറ്റ് കീപ്പറാവാന്‍ മല്‍സരരംഗത്തുള്ളത്. ഒരാള്‍ ജിതേഷ് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ മലയാളി താരം സഞ്ജു സാംസണാണ്. ഇവര്‍ രണ്ടു പേരെക്കൂടാതെ ഇഷാന്‍ കിഷനും പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവിനൊരുങ്ങുന്ന റിഷഭ് പന്തും ലോകകപ്പ് ടിക്കറ്റ് മോഹിക്കുന്നുണ്ട്.

പക്ഷെ ഇവര്‍ നാലു പേരുമാവില്ല മറിച്ച് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായേക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല അദ്ദേഹം. പക്ഷെ ടി20 ലോകകപ്പില്‍ 31 കാരനായ രാഹുലിനെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ബിസിസിഐ സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നു പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

SANJU-JITESH-ISHAN

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ഇത്തണവണത്തെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായതിനു ശേഷം പിന്നീടൊരിക്കലും കിരീടം ചൂടാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ ശ്രമം. മാത്രമല്ല 2013നു ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ലെന്നതും ഇന്ത്യയെ വലയ്ക്കുന്ന കാര്യമാണ്.

രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് കഴിഞ്ഞ മാസം ഇക്കാര്യം പ്രഖ്യാപിച്ചത്. പക്ഷെ വിരാട് കോലി ടൂര്‍ണമെന്റില്‍ ടീമിന്റെ ഭാഗമാവുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് ഏറെക്കുറെ ചിത്രം തെളിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇപ്പോള്‍ രാഹുലിന്റെ പേര് ഈ റോളിലേക്കു ഉയര്‍ന്നു വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് അദ്ദേഹമായിരുന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്ത രാഹുല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതാണ് പരിചയസമ്പന്നനായ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

മാത്രമല്ല ഓപ്പണിങ് റോള്‍ വിട്ട് ടി20യിലും രാഹുല്‍ മധ്യനിരയിലേക്കു മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഈ റോളിലാണ് താരം ബാറ്റ് ചെയ്യുകയെന്നാണ് വിവരം. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ലക്ഷ്യമിട്ടാണ് രാഹുല്‍ ഇത്തരമൊരു നീക്കത്തിനു മുന്‍കൈയെടുത്തതെന്നും സൂചനയുണ്ട്. കാരണം ടി20യില്‍ ഇന്ത്യക്കു മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ഒരു ബാറ്ററെയാണ് ആവശ്യം. ഇതു മുന്നില്‍ കണ്ടാണ് ഏകദിനത്തിനു പിന്നാലെ ടി20യിലും ഓപ്പണിങ് റോള്‍ രാഹുല്‍ ഉപേക്ഷിച്ചത്.

KL RAHUL

2022 നവംബര്‍ 10നു നടന്ന ഐസിസി ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയാണ് രാഹുല്‍ അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. പിന്നീടൊരിക്കലും ടി20യിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടില്ല. ഓപ്പണറായി ഈ ഫോര്‍മാറ്റില്‍ കളിച്ചിരുന്ന രാഹുലിനു സ്ലോ ബാറ്റിങാണ് തിരിച്ചടിയായി മാറിയത്.

പലപ്പോഴും അദ്ദേഹത്തിന്റെ ഡിഫന്‍സീവ് ശൈലി ടീമിനു തിരിച്ചടിയായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഈ ഫോര്‍മാറ്റിനു അനുയോജ്യനല്ലെന്നു വിലയിരുത്തപ്പെട്ടത്. പകരം കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഇഷാന് ടി20യില്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കുകയും ചെയ്തു.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ രാഹുല്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടിരുന്നില്ല. ജിതേഷും സഞ്ജുവുമായിരുന്നു ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പക്ഷെ ഇപ്പോള്‍ രാഹുലിനെ ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്ഷനായി ബിസിസിഐ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്കു വേണ്ടി 72 ടി20കളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 2265 റണ്‍സ് നേടുകയും ചെയ്തു. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കൂടൂതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നാമത്തെ താരം കൂടിയാണ് രാഹുല്‍.

Story first published: Friday, March 8, 2024, 7:29 [IST]
Other articles published on Mar 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+