ജൂണില്‍ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുകയാണ്. ഒന്നും രണ്ടും പേരല്ല, മറിച്ച് അഞ്ചു പേരാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റോളിനു വേണ്ടി പോരടിക്കുന്നത്. ഇവരില്‍ ഏതൊക്കെ രണ്ടു പേരെ വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമെന്നതാണ് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം.
ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരോടൊപ്പം മുന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ലോകകപ്പില്‍ സ്ഥാനം മോഹിക്കുന്നുണ്ട്. ഇവരില്‍ ആരാവണം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി വരേണ്ടത് ആരാവണമെന്നു അവര്‍ നിര്‍ദേശിച്ചത്. ഒരു സര്‍പ്രൈസ് താരത്തെയാണ് ഭൂരിഭാഗം പേരും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്. ടി20യില്‍ അവസാനമായി കളിച്ച പരമ്പരകളിലെല്ലാം വമ്പനടിക്കാരനായ ഫിനിഷര്‍ കൂടിയായ ജിതേഷായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേ അവസാനം കളിച്ച മൂന്നു പരമ്പരകളിലും ജിതേഷായിരുന്നു വിക്കറ്റ് കാത്തത്. അഫ്ഗാനുമായുള്ള അവസാനത്തെ ടി20യിലാവട്ടെ സഞ്ജു വിക്കറ്റ് കാക്കുകയും ചെയ്തു. നേരത്തേ ഇഷാനായിരുന്നു ഇന്ത്യന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പക്ഷെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയുള്ള താരത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റം ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു.
അതിനു ശേഷം ടീം മാനേജ്‌മെന്റിന്റെ ഫേവറിറ്റ് ലിസ്റ്റില്‍ നിന്നും ഇഷാന്‍ പുറത്താവുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് അഫ്ഗാനിസ്താനായുള്ള പരമ്പരയില്‍ ഇഷാനെ തഴഞ്ഞ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമിലേക്കു കൊണ്ടുവന്നത്. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഇഷാന്‍ ഒഴിവാക്കപ്പെട്ടിരുന്നു.
ടി20 ലോകകപ്പിനു മുമ്പ് വീണ്ടും ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും പ്രീതി പിടിച്ചുപറ്റാന്‍ ഇഷാനു സാധിക്കുമോയെന്നതാണ് ചോദ്യം. ഇതിനായില്ലെങ്കില്‍ ടീമിന്റെ ഭാഗമാവുകയെന്നതു താരത്തിനു കടുപ്പമായിരിക്കും. രാഹുലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ല.
സ്ലോ ബാറ്റിങിനെ തുടര്‍ന്നു സ്ഥാനം നഷ്ടമായ രാഹുലിനു ടീമിലേക്കു തിരിച്ചുവരാന്‍ സാധിക്കുമോയെന്നത് കാത്തിരുന്നു കാണണം. റിഷഭാവട്ടെ പരിക്കു കാരണം 2022 ഡിസംബര്‍ മുതല്‍ കളിക്കളത്തിനു പുറത്താണ്. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന താരം വൈകാതെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയേക്കും.

സോഷ്യല്‍ മീഡിയയില്‍ രാഹുല്‍, റിഷഭ് എന്നിവര്‍ ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി വരണമെന്നാണ് ആരാധകരില്‍ ഭൂരിഭാഗം പേരും പറയുന്നത്. രാഹുല്‍ വളരെ വിശ്വസ്തനായ താരമാണെന്നും ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയതോടെ പ്രകടനത്തിന്റെ കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടതായും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിക്കറ്റ് കീപ്പിങിലെ മിടുക്കും ഡിആര്‍എസ് കോളുകളെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യതയും മറ്റാര്‍ക്കുമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായി വരേണ്ടത്. റിഷഭ് മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താല്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയാന്‍ പാടില്ല. റിഷഭ് ഫിറ്റല്ലെങ്കില്‍ രാഹുലിനോടൊപ്പം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി മതിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ മതി. കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇതിനു കാരണം. അദ്ദേഹം വളരെ നല്ല ഫിനിഷറും അനുഭവസമ്പത്തുള്ള താരവുമാണ്. ടീമിന്റെ സാഹചര്യത്തിനു അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവും രാഹുലിനുണ്ടെന്നും ആരാധകര്‍ പറയുന്നു. വളരെ ചുരുക്കം പേര്‍ മാത്രമേ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിട്ടുള്ളൂ. ജിതേഷിനെയും ഇഷാനെയും പിന്തുണയ്ക്കുന്നവരും വളരെ കുറവാണ്.