മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍ നടക്കും. ടി20 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക ഈ പരമ്പരയിലെ പ്രകടനമാവും. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കെല്ലാം അഫ്ഗാന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്.
ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ആരുവേണമെന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന ചോദ്യം. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരാണ് നിലവില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇവരില്‍ ആരാവും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുകയെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറായി ആര് വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.
സഞ്ജുവും ഇഷാനുമല്ല ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ എത്തണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'കെ എല്‍ രാഹുലിനെയാണ് നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഞാന്‍ കാണുന്നത്. എന്നാല്‍ റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ സ്വാഭാവികമായും അവന്‍ പ്ലേയിങ് 11ലേക്കെത്തും. കാരണം ഗെയിം ചെയിഞ്ചറായ താരമാണവന്‍. ഞാനാണ് സെലക്ടറെങ്കില്‍ റിഷഭിനാവും മുഖ്യ സ്ഥാനം നല്‍കുക. റിഷഭ് പന്തിന് കളിക്കാന്‍ സാധിക്കാത്ത പക്ഷം കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവണം.
രാഹുല്‍ കളിക്കുന്നത് ടീമിന് മികച്ച സംതുലിതാവസ്ഥ നല്‍കുന്നു. ഓപ്പണറെന്ന നിലയിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍'- ഗവാസ്‌കര്‍ പറഞ്ഞു. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും വിക്കറ്റ് കീപ്പറായി രാഹുലാണുള്ളത്. എന്നാല്‍ ടി20യില്‍ രാഹുലിന് വലിയ പരിഗണനയില്ല. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇന്ത്യ ടി20യിലേക്ക് മടങ്ങിവരാന്‍ അവസരം നല്‍കി. എന്നാല്‍ രാഹുല്‍ പടിക്ക് പുറത്താണ്.

ടി20യിലേക്ക് രാഹുലിന് മടങ്ങിവരവ് പ്രയാസമാണ്. അതിവേഗത്തില്‍ ബാറ്റുചെയ്യുന്ന താരമല്ല രാഹുല്‍. പതിയെ നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നതാണ് രാഹുലിന്റെ ശൈലി. എന്നാല്‍ നിലവിലെ ഇന്ത്യയുടെ പദ്ധതികളോട് ചേര്‍ന്ന് പോകുന്ന ശൈലിയല്ലിത്. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ പെട്ടെന്ന് ടി20 ടീമിലേക്ക് പരിഗണിച്ചേക്കില്ല. വരുന്ന ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാല്‍ തിരിച്ചുവരാന്‍ രാഹുലിന് സാധിച്ചേക്കും.
ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കെല്ലാമാണ് ടീം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതില്‍ ജിതേഷിന് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. മധ്യനിരയില്‍ കടന്നാക്രമിക്കുന്ന ജിതേഷ് ടി20 ശൈലിയില്‍ കസറാന്‍ കഴിവുള്ളവനാണ്. ജിതേഷിന്റെ ബാറ്റിങ് മികവിനെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. 'താരങ്ങള്‍ക്കിടയില്‍ മത്സരം ഉണ്ടാകുന്നത് മികച്ച കാര്യമാണ്. ജിതേഷ് ശര്‍മയെ നോക്കുക.
മികച്ച സ്‌ട്രൈക്ക് റേറ്റോടെ കളിക്കുന്ന ഫിനിഷറാണവന്‍. ടി20യില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപിനോട് ചേര്‍ന്ന് നില്‍ക്കുന്നത് വളരെ അപൂര്‍വ്വമായാണ്. ഇത്തരം കഴിവുള്ള കീപ്പര്‍മാര്‍ കുറവാണ്. എന്നാല്‍ ഇത്തരം പിഴവുള്ളവര്‍ക്ക് മികച്ച ബാറ്റിങ് പ്രകടനത്തോടെ ടീമിലേക്ക് എത്താനാവും'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തുക പ്രയാസമായിരിക്കും.
ഇഷാന്‍ കിഷന്‍ വിശ്രമം എടുത്തതോടെയാണ് സഞ്ജുവിന് അഫ്ഗാന്‍ പരമ്പരയില്‍ വിളിയെത്തിയത്. ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇഷാനും ജിതേഷും ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം പിടിക്കാനാണ് സാധ്യത.