മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മറ്റൊരു ചേരിപ്പോര് തുടങ്ങിയിരിക്കുകയാണ്. ടി20യില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് കൂടുതല്‍ അവസരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റുമായി ഉടക്കി പിരിഞ്ഞിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ചേര്‍ന്ന് ടി20യില്‍ ജിതേഷിനെ പരിഗണിക്കുന്നതിലാണ് താരത്തിന് അതൃപ്തി. മാനസിക വിശ്രമം ആവശ്യപ്പെട്ട് ഇഷാന്‍ വിട്ടുനില്‍ക്കുകയാണെന്ന് പൊതുവേയുള്ള റിപ്പോര്‍ട്ട്.
എന്നാല്‍ ജിതേഷുമായുള്ള അഭിപ്രായ ഭിന്നതയും ടീം മാനേജ്‌മെന്റ് തന്നെ പിന്തുണക്കാത്തതിലും പ്രതിഷേധിച്ചാണ് ഇഷാന്‍ ടീം വിട്ടിരിക്കുന്നതെന്നതാണ് സത്യാവസ്ഥ. മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് ഇടവേളയെടുത്തുവെന്ന് പറയുന്ന ഇഷാന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ പരിശീലനം നടത്തുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ ഇഷാനും ടീം മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വ്യക്തം. ഇഷാനെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്നും തഴയുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഇഷാന്റെ അഭാവത്തില്‍ സഞ്ജു സാംസണെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്നതാണ് കൂടുതല്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യ മറ്റൊരു പദ്ധതിക്കാണ് തയ്യാറാവുന്നതെന്നാണ് വിവരം. സഞ്ജു സാംസണെ ടി20 ലോകകപ്പ് കളിപ്പിക്കുന്നതില്‍ രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മക്കും വലിയ താല്‍പര്യമില്ല. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജുവിന് കൈയടി നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഡെക്കിന് പുറത്തായി സഞ്ജു എല്ലാവരേയും നിരാശപ്പെടുത്തി. വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറിയാലും സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇന്ത്യക്കാവശ്യം മധ്യനിരയില്‍ ബാറ്റുചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. ജിതേഷ് ശര്‍മയെ ഇന്ത്യ കളിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഒപ്പം ദ്രുവ് ജുറേലിനെ പരിഗണിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

നിലവില്‍ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ദ്രുവ് ജുറേല്‍ കളിക്കുന്നുണ്ട്. നെറ്റ്‌സില്‍ ഗംഭീര പ്രകടനമാണ് ജുറേല്‍ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ദ്രാവിഡും രോഹിത്തും ജുറേലിന്റെ പ്രകടനത്തില്‍ സന്തോഷവാന്മാരാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ജുറേല്‍ കളിക്കാനാണ് സാധ്യത. താരം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ ടി20 ലോകകപ്പിലേക്കുള്ള അദ്ദേഹത്തിന്റെ വഴി അല്‍പ്പം കൂടി ക്ലിയറാവും.
ഐപിഎല്ലില്‍ സഞ്ജുവിന്റെ രാജസ്ഥാനൊപ്പമാണ് ജുറേല്‍. വ്യത്യസ്ത ഷോട്ട് കളിക്കാന്‍ ശേഷിയുള്ള താരം ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന ഫിനിഷറാണ്. രാജസ്ഥാനൊപ്പം ഇതിനോടകം ഞെട്ടിക്കാന്‍ ജുറേലിന് സാധിച്ചിട്ടുണ്ട്. വരുന്ന സീസണിലും ഇതേ മികവ് ജുറേലിന് കാട്ടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിന് തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ജുറേലിനും ഇടം പ്രതീക്ഷിക്കാം. ഇഷാന്‍ കിഷനേയും സഞ്ജുവിനേയും ഇന്ത്യ പരിഗണിക്കാത്തതിന് കാരണം ഇവരുടെ ബാറ്റിങ് പൊസിഷനാണ്.
രണ്ട് പേരും ടോപ് ഓഡര്‍ താരങ്ങളാണ്. ഇവര്‍ മധ്യനിരയില്‍ കളിക്കാന്‍ താല്‍പര്യം കാട്ടുന്നുണ്ടെങ്കിലും ഇവരെ ഈ റോളിലേക്കെത്തിക്കുമ്പോള്‍ ഫിനിഷര്‍ റോളില്‍ എത്രത്തോളം തിളങ്ങാനാവുമെന്നതാണ് കണ്ടറിയേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യ ഇവരെ ടി20 ലോകകപ്പില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. ഇഷാനെ ബാക്കപ്പ് ഓപ്പണറായി പരിഗണിച്ചാല്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യക്ക് പുറത്തിരുത്തേണ്ടി വരും. ഇന്ത്യ ഇതിന് തയ്യാറായേക്കില്ല.
സഞ്ജു സാംസണെ പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രശ്‌നം. സഞ്ജുവിനെ ആദ്യ നാല് സ്ഥാനങ്ങളില്‍ കളിപ്പിക്കാനാവില്ല. ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്നതും ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനെയും ഇന്ത്യ തഴഞ്ഞേക്കും. വിരാട് കോലിയും രോഹിത് ശര്‍മയും തിരിച്ചുവന്നതുപോലെ കെ എല്‍ രാഹുല്‍ തിരിച്ചുവരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനേയും പരിഗണിക്കില്ലെന്നാണ് വിവരം.
രാഹുലിനെ പരിഗണിച്ചാലും ആദ്യ നാലിനുള്ളില്‍ അവസരം കൊടുക്കണം. ഇത് എളുപ്പമല്ല. അക്കാരണത്താല്‍ത്തന്നെ ഫിനിഷര്‍ റോളില്‍ കളിക്കാന്‍ സാധിക്കുന്ന താരത്തെ വിക്കറ്റ് കീപ്പറായി പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് നിലവില്‍ ടീം മാനേജ്‌മെന്റ്. എന്നാല്‍ ഐപിഎല്‍ അവസാനിക്കുമ്പോഴേക്കും പല വമ്പന്‍ മാറ്റങ്ങളും സംഭവിക്കുമെന്നുറപ്പാണ്.