ടി20 ലോകകപ്പ് ക്ലൈമാക്‌സിലെത്തി നില്‍ക്കവെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സംയുക്ത ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഏറ്റവും മികച്ച 11 പേരാണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തവണ ടീമുകളെ ഫൈനലിലേക്കു നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമോയല്ല ഇലവനെ നയിക്കുക. പകരം അഫ്ഗാനിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്പിന്നറുമായ റാഷിദ് ഖാനെയാണ് ഇലവന്റെ ക്യാപ്റ്റനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി അഫ്ഗാനെ ഇത്തവണ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിക്കാന്‍ റാഷിദിനായിരുന്നു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ചാണ് ടൂര്‍ണമെന്റില്‍ അഫ്ഗാന്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയത്. പക്ഷെ സെമിയില്‍ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.

ഇന്ത്യയുടെ മൂന്നു പേരാണ് ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ ഇടം പിടിച്ചിരിക്കുന്നത്. നായകന്‍ റാഷിദുള്‍പ്പെടെ അഫ്ഗാനിസ്താന്റെയും മൂന്നു കളിക്കാര്‍ ഇലവന്റെ ഭാഗമാണ്. കൂടുതല്‍ കളിക്കാരുള്ളതും ഈ രണ്ടു ടീമുകളില്‍ നിന്നു തന്നെയാണ്. ഓസ്‌ട്രേലിയയുടെ രണ്ടു പേരാണ് ഇലവനില്‍ ഇടം പിടിച്ചത്.
പക്ഷെ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒരാള്‍ക്കു പോലും ഇലവന്റെ ഭാഗമാവാന്‍ സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, അമേരിക്ക, ബംഗ്ലാദേശ് ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത്തിനെക്കൂടാതെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇലവനില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. രണ്ടു ഫിഫ്റ്റികളടക്കം നേടി ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടി20യിലെ ലോക ഒന്നാംനമ്പര്‍ താരമായ സൂര്യകുമാര്‍ യാദവിനു ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
രോഹിത്തും ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ബാറ്ററുമായ ട്രാവിസ് ഹെഡുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ അഫ്ഗാനിസ്താന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിനെ മറികടന്നാണ് ഹെഡ് ഇലവനിലെത്തിത്. ഗുര്‍ബാസ് 281 ഖണ്‍സെടുത്തപ്പോള്‍ ഹെഡ് സ്‌കോര്‍ ചെയ്തത് 255 റണ്‍സുമാണ്. 248 റണ്‍സോടെ മൂന്നാമനാണ് രോഹിത്. സൗത്താഫ്രിക്കയുമായി ഫൈനലില്‍ കളിക്കുന്നതിനാല്‍ അദ്ദേഹത്തിനു ഇതു മെച്ചപ്പെടുത്താനും റണ്‍വേട്ടയില്‍ ഒന്നാമനാവാനും അവസരമുണ്ട്.
വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവനില്‍ മൂന്നാമതുള്ളത്. ലോകകപ്പില്‍ പൂരന്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 228 റണ്‍സ് അടിച്ചെടുത്തിരുന്നു. ഒരു ഫിഫ്റ്റിയടക്കമാണിത്. നാലാം സ്ഥാനത്ത് അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സാണ്. ആറു കളിയില്‍ 162 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ജോണ്‍സിനു ശേഷം ഇലവനിലുള്ളത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഹാര്‍ദിക് എന്നിവരാണ്.

തുടര്‍ന്നു നായകന്‍ റാഷിദിന്റെ ഊഴമാണ്. ബംഗ്ലാദേശിന്റെ യുവ സ്പിന്നര്‍ റിഷാദ് ഖാനാണ് സ്പിന്‍ നിരയിലെ മറ്റൊരു സാന്നിധ്യം. മൂന്നു ഫാസ്റ്റ് ബൗളര്‍മാരാണ് ഇലവനിലുള്‍പ്പെട്ടത്. ബുംറയെക്കൂടാതെ സൗത്താഫ്രിക്കയുടെ ആന്‍ട്രിച്ച് നോര്‍ക്കിയ, അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്
രോഹിത് ശര്‍മ (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്, ആരോണ്‍ ജോണ്‍സ് (അമേരിക്ക), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (ഓസ്‌ട്രേലിയ), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍, അഫ്ഗാനിസ്താന്‍), റിഷാദ് ഖാന്‍ (ബംഗ്ലാദേശ്), ആന്‍ട്രിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ), ഫസല്‍ഹഖ് ഫാറൂഖി (അഫ്ഗാനിസ്താന്‍).