T20 World Cup 2024: 2 ഇടംകൈയന്‍മാര്‍, ഇവരെ നോക്കി വച്ചോ! ഇന്ത്യന്‍ തുറുപ്പുചീട്ട്, ശാസ്ത്രി പറയുന്നു
അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു താരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ കോച്ചും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, മുന്‍ നായകന്‍ വിരാട് കോലിയോ ആവില്ല ഇന്ത്യയുടെ നിര്‍ണായക താരങ്ങളെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡിനെതിരേയാണ്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി ശാസ്ത്രി തിരഞ്ഞെടുത്തിരിക്കുന്നത് ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വമ്പനടിക്കാരനായ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെ എന്നിവരെയാണ്. ഈ രണ്ടു പേരുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജയ്‌സ്വാളിന്റെയും ദുബെയുടെയും കരിയറിലെ കന്നി ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച പരമ്പരയില്‍ റണ്‍മഴ പെയിച്ച് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ജയ്‌സ്വാള്‍. ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം കളിച്ചത്. ഇവയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 712 റണ്‍സ് താരം വാരിക്കൂട്ടി. ടി20യിലും മികച്ച റെക്കോര്‍ഡാണ് ജയ്‌സ്വാളിന്റേത്. 16 ഇന്നിങ്‌സുകളില്‍ നിന്നും 502 റണ്‍സ് അദ്ദേഹം ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ നിങ്ങള്‍ നോക്കി വയ്‌ക്കേണ്ട താരങ്ങള്‍ രണ്ടു പേരാണ്, ഇരുവരും ഇടംകൈയന്‍മാരുമാണ്. ആദ്യമായി ലോകകപ്പില്‍ കളിക്കുന്നവരാണ് ഇരുവരും. ഒരാള്‍ യശസ്വി ജയ്‌സ്വാള്‍ ആണ്. അവനെക്കുറിച്ചു നമുക്കു ഒരുപാട് അറിയാം. ഇംഗ്ലണ്ടിനെതിരേ വളരെ ഗംഭീരായിട്ടാണ് ജയ്‌സ്വാള്‍ കളിച്ചത്. ആക്രമണോത്സുകതയുള്ള മുന്‍നിര ബാറ്റാണ്. ഇടകൈയനും ചെറുപ്പവുമാണ്. നിര്‍ഭയനായ അവന്‍ എല്ലാ ഷോട്ടുകളും കളിക്കുകയും ചെയ്യുമെന്നും ശാസ്ത്രി ഐസിസിയുടെ ഷോയില്‍ പറഞ്ഞു.
മധ്യനിരയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരാളുമുണ്ട്. അവനെയൊന്നു നോക്കിവച്ചോളൂ. കാരണം അവന്‍ വളരെ അപകടകാരിയാണ്. തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറുമാണ്. സ്പിന്‍ ബൗളിങിനെതിരേ തമാശയ്ക്കു വേണ്ടി സിക്‌സറുകളടിക്കാറുണ്ട്. അവനു നിങ്ങളുടെ കഥ കഴിക്കാന്‍ സാധിക്കും.

വലിയ ദ്വീപില്‍ നിന്നും ചെറിയ ദ്വീപിലേക്കു കുറച്ചു ബോളുകള്‍ പാര്‍ക്ക് ചെയ്യാന്‍ അവനു സാധിക്കും. അത്തരത്തിലുള്ള പ്ലെയറാണ്. വലിയ, ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ അടിക്കുന്നയാളുമാണ്. ഞാന്‍ പറഞ്ഞതു പോലെ സ്പിന്നിനെതിരേയാണെങ്കില്‍ അവന്‍ നിങ്ങളെ വധിക്കുമെന്നും ദുബെയെ പ്രശംസിച്ചുകൊണ്ട് ശാസ്ത്രി ചൂണ്ടിക്കാട്ടി.
ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും അവന്‍ സ്വന്തം ഗെയിം ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ കളിക്കണമെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള താരമാണ്. അഞ്ച്- ആറ് നമ്പറുകളില്‍ അവന്റെ സാന്നിധ്യം നിര്‍ണായകമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം നിങ്ങളുടെ സ്‌കോറിങ് മന്ദഗതിയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കില്‍ 20-25 ബോളുകള്‍ കൊണ്ട് കളി മാറ്റാവുന്ന ഒരാളെയാണ് വേണ്ടത്. അവന്‍ (ദുബെ) അത്തരമൊരു പ്ലെയറാണെന്നും ശാസ്ത്രി വിലയിരുത്തി.
ഭൂരിഭാഗം സമയത്തും അവന്റെ സ്‌ട്രൈക്ക് റേറ്റ് 200നടുത്താണ്. ഇതു ഇന്ത്യയെ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോവാന്‍ സഹായിക്കും. ടി20 ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ആവശ്യമായ 190-200 സ്‌കോറുകളിലേക്കു നമ്മളെ എത്തിക്കാന്‍ ഇതു സഹായിക്കും. അതുകൊണ്ടു തന്നെ ആസ്വദിക്കൂ, ഈ ഇടംകൈയന്റെ പ്രകടനത്തിനായി കാത്തിരിക്കൂയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications