ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്‌നം ഒടുവില്‍ സത്യമാവുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കും. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ലോകകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന ഗംഭീര പ്രകടനമാണ് സഞ്ജുവിന ഫേവറിറ്റാക്കി മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനം സെലക്ടര്‍മാരെ ഏറെ ആകര്‍ഷിച്ചതായാണ് സൂചനകള്‍. ഇതേ തുടര്‍ന്നാണ് ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജുവിനു നല്‍കാനൊരുങ്ങുന്നത്. നേരത്തേ റിഷഭ് പന്തിനായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മുന്‍തൂക്കം. എന്നാല്‍ ഇപ്പോള്‍ റിഷഭിനെ മലയാളി താരം പിന്തള്ളിയിരിക്കുകയാണ്.

ലോകകപ്പില്‍ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമ്പോള്‍ ബാക്കപ്പായിട്ടാവും റിഷഭിനു ടീമില്‍ ഇടം ലഭിക്കുക. അങ്ങനെ വന്നാല്‍ സഞ്ജുവിനു പ്ലെയിങ് ഇലവനിലും സ്ഥാനമുറപ്പിക്കാം. റിഷഭിനാവട്ടെ വാട്ടര്‍ ബോയ് ആയി ഒതുങ്ങേണ്ടി വരികയും ചെയ്യും. വിക്കറ്റ് കീപ്പര്‍ റോളിലേക്കു നേരത്തേ മല്‍സരരംഗത്തുള്ള കെഎല്‍ രാഹുലിനു ടീമില്‍ സ്ഥാനം ലഭിക്കില്ല. നേരത്തേ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടിയാണ് സഞ്ജുവും രാഹുലും പോരടിച്ചിരുന്നത്. ഇപ്പോള്‍ രാഹുലിനെ മാത്രമല്ല റിഷഭിനെയും പിന്തള്ളിയാണ് സഞ്ജു മുന്നിലേക്കു വന്നിരിക്കുന്നത്.
ലോകകപ്പില്‍ അഞ്ചാം നമ്പറിലായിരിക്കും സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടതായി വരിക. കാരണം ടോപ്പ് ഫോറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലേതു സ്ലോ പിച്ചുകളാണ്. ഇത്തരം പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന ബാറ്ററും കൂടിയാണ് സഞ്ജു. കൂടാതെ പേസ് ബൗളിങിനെതിരേയും അദ്ദേഹം മിടുക്കനാണ്. ഇവയെല്ലാം ലോകകപ്പ് ടീമിലേക്കു അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഐപിഎല്ലില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 385 റണ്‍സ് അദ്ദേഹം അടിച്ചെടുത്തുകഴിഞ്ഞു. 77 എന്ന തകര്‍പ്പന്‍ ശരാശരിയും 161.08 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
സഞ്ജു കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രാഹുലാണ്. ഒമ്പതു മല്‍സരങ്ങളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത് 378 റണ്‍സാണ്. രാഹുലിന്റെ ശരാശരി 42ഉം സ്‌ട്രൈക്ക് റേറ്റ് 144.27ഉം ആണ്. ഒമ്പതു കളിയില്‍ നിന്നും 371 റണ്‍സോടെ റിഷഭ് മൂന്നാമതും നില്‍ക്കുന്നു. 46.37 ശരാശിയില്‍ 160.60 സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു വീതം ഫിഫ്റ്റികളാണ് രാഹുലിന്റെയും റിഷഭിന്റെയും പേരിലുള്ളത്.