മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് 1ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ഇത്തവണത്തെ ഐപിഎല്ലിന് ഇറങ്ങുകയെന്നുറപ്പാണ്. ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യത്തില്‍ പല ആശയക്കുഴപ്പവും തുടരുകയാണ്.
ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ആറ് സിക്‌സര്‍ നേടുന്ന താരം ആരായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. രോഹിത് ശര്‍മയോ റിങ്കു സിങ്ങോ ശിവം ദുബെയോ അല്ലെന്നും ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആറ് സിക്‌സുകള്‍ പറത്തുകയെന്നുമാണ് യുവരാജ് പറയുന്നത്.
ഐസിസിയുടെ പേജില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് യുവരാജിന്റെ പ്രവചനം. 2024ലെ ടി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്തുക ആരായിരിക്കുമെന്ന ചോദ്യത്തിന് ഹാര്‍ദിക് പാണ്ഡ്യ എന്നായിരുന്നു യുവരാജ് പറഞ്ഞത്. ഇന്ത്യക്കായി ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ ആറ് സിക്‌സര്‍ പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലാണ് യുവിയുടെ തകര്‍പ്പന്‍ പ്രകടനം.
ഇനിയൊരു ആറ് സിക്‌സര്‍ പ്രകടനം ഇന്ത്യന്‍ ടീമില്‍ നിന്ന് ആര് നടത്തുമെന്നതാണ് കണ്ടറിയേണ്ടത്. പ്രതിഭയുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയ ശേഷം താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ഹാര്‍ദിക്കിന് ഒരു അര്‍ധ സെഞ്ച്വറി പോലും സീസണില്‍ നേടാനായിട്ടില്ല.

നിലവിലെ ഹാര്‍ദിക്കിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ടി20 ലോകകപ്പിലേക്ക് പോലും ഹാര്‍ദിക് പരിഗണിക്കപ്പെടുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആറ് സിക്‌സര്‍ പറത്താന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ല. നിലവിലെ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണോ ഐപിഎല്‍ കളിക്കുന്നതെന്ന കാര്യത്തില്‍ സംശയമുയരുന്നുണ്ട്.
നായകനെന്ന നിലയിലും ഹാര്‍ദിക്കിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്താന്‍ ശേഷിയുള്ള താരങ്ങള്‍ വേറെയുണ്ട്. റിങ്കു സിങ് ഇതിന് ശേഷിയുള്ള താരങ്ങളിലൊരാളാണ്. കെകെആറിനായി ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി കളി ജയിപ്പിച്ചിട്ടുള്ള താരമാണ് റിങ്കു സിങ്. അതുകൊണ്ടുതന്നെ ഇന്ത്യക്കായി ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്താന്‍ ശേഷിയുള്ള താരമാണ് റിങ്കു സിങ്.
ഇത്തവണത്തെ ഐപിഎല്ലില്‍ റിങ്കുവിന് മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. റിങ്കുവിനെ ഫിനിഷര്‍ റോളില്‍ ഉപയോഗിക്കുന്നതിനാല്‍ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ റിങ്കു ഉള്‍പ്പെടുമോയെന്ന കാര്യത്തിലും സംശയമുണ്ട്. എന്നാല്‍ എംഎസ് ധോണിയെപ്പോലെ ഏത് പ്രതിസന്ധി സാഹചര്യത്തിലും ക്ഷമയോടെ ബാറ്റ് ചെയ്ത് സൂപ്പര്‍ ഫിനിഷിങ് നടത്താന്‍ കഴിവുള്ള താരമാണ് റിങ്കു സിങ്.
ശിവം ദുബെയും ആറ് സിക്‌സര്‍ പറത്താന്‍ കെല്‍പ്പുള്ളവനാണ്. മധ്യനിരയില്‍ കളിക്കുന്ന ദുബെ ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ്. സ്പിന്നിനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ ദുബെക്ക് സാധിക്കും. ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിക്കുന്ന ദുബെ ഭാവിയില്‍ ആറ് സിക്‌സര്‍ പറത്താന്‍ ശേഷിയുള്ളവനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തും ഇതിന് കെല്‍പ്പുള്ളവനാണ്. ഗുജറാത്തിനെതിരേ ഒരോവറില്‍ നാല് സിക്‌സര്‍ പറത്താന്‍ റിഷഭിന് സാധിച്ചിരുന്നു.