ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടം ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. കാരണം ഐപിഎല്ലിന്റെ ഈ സീസണിലെ മൂഴുവന്‍ മല്‍സരങ്ങള്‍ വിലയിരുത്തിയാവില്ല ടൂര്‍ണമെന്റിനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുക. ഈ മാസം അവസാനം വരെയുള്ള പ്രകടനം മാത്രമേ ലോകകപ്പ് സെലക്ഷനു പരിഗണിക്കുകയുള്ളൂ. മേയ് ഒന്നിന് ലോകകപ്പ് സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു സ്ഥാനമുറപ്പിച്ചിരിക്കുന്ന താരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ റിഷഭല്ല, ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടത് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ആവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടു ഫസ്റ്റ്‌പോസ്റ്റുമായി സംസാരിക്കവെയാണ് അദ്ദേഹം സഞ്ജുവിനെ പിന്തുണച്ചിരിക്കുന്നത്.

ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറെ മാറിക്കഴിഞ്ഞുവെന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം. സഞ്ജു ഇപ്പോള്‍ പഴയ സഞ്ജുവല്ല. ബാറ്ററെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ പക്വത നേടിക്കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ബാറ്റിങില്‍ കൂടുതല്‍ സ്ഥിരതയും പുലര്‍ത്തുന്നുണ്ട്. ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലെന്നും മഞ്ജരേക്കര്‍ വിശദമാക്കി.
ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അവിടെ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് സഞ്ജു. കഴിഞ്ഞ ദിവസം വരെ അദ്ദേഹം തലപ്പത്തായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഇപ്പോള്‍ മുന്നില്‍ കയറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ നേടിയ അഗ്രസീവ് ഫിഫ്റ്റിയാണ് രാഹുലിനെ മുന്നിലെത്തിച്ചത്. ലഖ്‌നൗ അനാസായം വിജയിച്ച മല്‍സരത്തില്‍ 53 ബോളില്‍ 82 റണ്‍സോടെ അദ്ദേഹം കത്തിക്കയറിയിരുന്നു. ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 40.85 ശരാശരിയില്‍ 286 റണ്‍സാണ് ഇപ്പോള്‍ രാഹുലിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 143 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

അധികം പിറകിലല്ല സഞ്ജുവുള്ളത്. രാഹുലുമായി വെറും 10 റണ്‍സിന്റെ വ്യത്യാസം മാത്രമേ അദ്ദേഹത്തിനുള്ളൂ. ഏഴു മല്‍സരങ്ങളില്‍ നിന്നും 276 റണ്‍സ് സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലുമെല്ലാം അദ്ദേഹം രാഹുലിനേക്കാല്‍ ഏറെ മുകളിലുമാണ്. 55.20 ശരാശരിയും 155.05 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. കൂടാതെ മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.
രാഹുല്‍, സഞ്ജു എന്നിവല്‍ കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സുള്ള മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളില്‍ മിന്നിക്കുകയാണ് അദ്ദേഹം. ഏഴു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ 75.33 ശരാശരിയില്‍ 205.45 സ്‌ട്രൈക്ക് റേറ്റില്‍ ഡിക്കെ 226 റണ്‍സ് നേടിയിട്ടുള്ളത്.
നാലാംസ്ഥാനം റിഷഭിനാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ കൂടിയായ അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ നിന്നും നേടിയത് 210 റണ്‍സാണ്. ശരാശരി 35ഉം സ്‌ട്രൈക്ക് റേറ്റ് 156.71ഉം ആണ്. രണ്ടു ഫിഫ്റ്റികളാണ് റിഷഭിനു ഇതിനകം കുറിക്കാനായത്.