For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇഷാനും ശ്രേയസും കരാറിന് പുറത്തായി, കാരണം ഞാനല്ല! ജയ് ഷാ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. അതിനായുള്ള മുന്നൊരുക്കം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ പ്രമുഖരായുള്ള താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ചില യുവതാരങ്ങളുടെ അഭാവവും ഇന്ത്യന്‍ ടീമില്‍ കാണുന്നുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഇന്ത്യന്‍ ടീമിലെ സജീവ താരങ്ങളായിരുന്നിട്ടും ഇവര്‍ തഴയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിവരുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസി ഐയുടേയും ടീം മാനേജ്‌മെന്റിന്റേയും തീരുമാനത്തെ തള്ളിക്കളഞ്ഞതാണ് ഇഷാനും ശ്രേയസിനും തിരിച്ചടിയായത്. ഈ തീരുമാനത്തിന്റെ പേരില്‍ ബിസിസി ഐ സെക്രട്ടറി ജയ് ഷായാണ് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ സത്യാവസ്ഥ ജയ് ഷാ തുറന്ന് പറഞ്ഞിരിക്കുകയാണ്.

'നിയമം നിങ്ങള്‍ക്ക് പരിശോധിക്കാം. എനിക്ക് അങ്ങനെയൊരു അധികാരമില്ല. സെലക്ഷന്‍ കമ്മിറ്റി മീറ്റിങ് നടത്തിപ്പിനുള്ള അധികാരമാണുള്ളത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ഇഷാനേയും ശ്രേയസിനേയും പുറത്താക്കിയത് എന്റെ തീരുമാനമല്ല. അത് അഗാര്‍ക്കറുടെ തീരുമാനമാണ്. തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് എന്റെ ദൗത്യം. രണ്ട് താരങ്ങള്‍ക്ക് പകരമായി ആ സ്ഥാനത്തേക്ക് സഞ്ജു ഉള്‍പ്പെടെ വന്നു. ആരുടേയും സ്ഥാനം സ്ഥിരമല്ല' ജയ് ഷാ പറഞ്ഞു.

എന്നാല്‍ ജയ് ഷാ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. കാരണം ശ്രേയസും ഇഷാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നപ്പോള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പരസ്യമായി ശാസിച്ചത് ജയ് ഷായായിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരേയും കരാറില്‍ നിന്ന് പുറത്താക്കിയത്. മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്ന താരങ്ങളായിട്ടും കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

jay shah

യുസ് വേന്ദ്ര ചഹാലിനേയും കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചഹാല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇഷാനേയും ശ്രേയസിനേയും ഒഴിവാക്കിയതിന് പിന്നില്‍ ജയ് ഷായുടെ ഇടപെടലുണ്ടെന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ മുഖ്യ സെലക്ടറായ അഗാര്‍ക്കറുടെ മാത്രം തീരുമാനമായാണ് ജയ് ഷാ പറയുന്നത്. എന്തായാലും നിലവില്‍ ശ്രേയസിനും ഇഷാനും കരാറില്ലാത്തതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സേവനങ്ങള്‍ ലഭിക്കാനും പ്രയാസമാണ്.

മറ്റ് ചില പ്രധാന കാര്യങ്ങളും ജയ് ഷാ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മോശം ഫോമിലുള്ള താരങ്ങള്‍ക്ക് തിരിച്ചുവരവ് നടത്തണമെങ്കില്‍ ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും ജയ് ഷാ പറഞ്ഞു. നേരിട്ട് താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് മടങ്ങിവരവ് പ്രയാസമായിരിക്കും. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയതിനാല്‍ സീനിയര്‍ താരങ്ങളും ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസി ഐ സെക്രട്ടറിയുടെ നിലപാട്.

എന്നാല്‍ ഇത് എത്രത്തോളം നടപ്പിലാകുമെന്ന് കണ്ടറിയാം. ഹാര്‍ദിക് പാണ്ഡ്യ പലപ്പോഴും പരിക്കിന് ശേഷം നേരിട്ട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താറുണ്ട്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന ഹാര്‍ദിക്കിന് എ ഗ്രേഡ് കരാറാണ് നല്‍കിയത്. ഹാര്‍ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കാന്‍ കാരണം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണെന്നാണ് ജയ് ഷാ പറഞ്ഞത്. എന്തായാലും ഇനി കാര്യങ്ങള്‍ അല്‍പ്പം കടുപ്പമായിരിക്കുമെന്ന സൂചനയാണ് ജയ് ഷാ നല്‍കുന്നത്.

ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന സൂചനയും ജയ് ഷാ നല്‍കുന്നു. രാഹുല്‍ ദ്രാവിഡാണ് നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് നാട്ടില്‍ തോറ്റിരുന്നു. ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് പടിയിറങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍. പുതിയ പരിശീലകനായി ബിസിസി ഐ അപേക്ഷ ക്ഷണിക്കും. ദ്രാവിഡ് ഇനി തുടരാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

Story first published: Friday, May 10, 2024, 17:43 [IST]
Other articles published on May 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+